മെല്‍ബണ്‍: ആസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ഇന്ത്യാക്കാര്‍ ധാരാളമായി ഉപയോഗിച്ചിരുന്ന വിസകള്‍ ആസ്‌ട്രേലിയ നിര്‍ത്തലാക്കി. രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
95000 വിദേശ തൊഴിലാളികള്‍ 457 വിസ എന്ന പേരിലുളള ഈ താത്ക്കാലിക വിസയില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരിലേറെയും ഇന്ത്യാക്കാരാണ്. നാല് വര്‍ഷം വരെ താത്ക്കാലികമായി ആസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസയാണിത്.
തങ്ങളുടേത് കുടിയേറ്റ രാജ്യമാണെങ്കിലും തൊഴിലുകളില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുളളതു കൊണ്ടാണ് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ പറഞ്ഞു. 457 വിസകളിലെത്തിയവരെ ഇനി മുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാക്കാര്‍ കഴിഞ്ഞാല്‍ ബ്രിട്ടണ്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ് ഈ വിസയില്‍ ജോലി ചെയ്യുന്നത്.
അതേസമയം വിദഗ്‌ദ്ധ തൊഴിലാളികളുടെ കുടിയേറ്റത്തെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും ആസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. 457 വിസ പദ്ധതിയ്‌ക്ക് പകരം പുതിയ വിസ സംവിധാനം നിബന്ധനകളോടെ നിലവില്‍ വരും.
















