തിക്താനുഭവങ്ങളിലൂടെ കടന്നുവരുന്നവരാണ് സമൂഹത്തില്‍ ഒരു മാറ്റം വേണമെന്ന് തീവ്രമായി ആഗ്രഹിക്കുക. അനുഭവങ്ങള്‍ അവരെ കരുത്തരാക്കും. തനിക്കുണ്ടായതുപോലെ ദുരനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതി പോരാടാനവര് മുന്നിട്ടിറങ്ങും. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള റിഹാനാ അദീബ് അങ്ങനെ ചിന്തിക്കുന്നവരില്‍ ഒരാളാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയായവള്‍, പതിനഞ്ചാം വയസ്സില്‍ മധ്യവയസ്കനെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിതയായവള്‍. പഠിക്കുകയെന്ന ആഗ്രഹത്തിനും വീട്ടുകാര്‍ തടയിട്ടു. അന്നൊന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവള് പ്രാപ്തയായിരുന്നില്ല. ഭര്തൃഭവനത്തിലും ഗാര്‍ഹിക പീഡനത്തിന് ഇരയായി. ഭര്‍ത്താവും അമ്മാവനുമായിരുന്നു ആ വീട്ടില്‍ അവള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചത്.
താന്‍ അനുഭവിക്കുന്നത് സമൂഹത്തിലെ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ് എന്നായിരുന്നു റിഹാനയുടെ ധാരണ. കുറേക്കഴിഞ്ഞപ്പോള്‍ ആ ധാരണകളെല്ലാം തെറ്റായിരുന്നുവെന്ന് മനസ്സിലായി. പിന്നീട് അനീതിക്കും അവഗണനയ്ക്കും എതിരെ പ്രതികരിക്കണമെന്ന് തോന്നിയെങ്കിലും അതെങ്ങനെ എന്ന് അറിയാത്ത അവസ്ഥ. അപ്പോഴേക്കും റിഹാന അഞ്ച് പെണ്‍കുട്ടികളുടെ അമ്മയായി കഴിഞ്ഞിരുന്നു. അന്നൊന്നും ഇന്നത്തെ പോലെ എന്‍ജിഒകളും സജീവമായിരുന്നില്ല. എന്നാല്‍ അവിചാരിതമായി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദിശ എന്ന സംഘടനയെപ്പറ്റി അറിയാനിടയായി.
വോളന്റിയര്‍മാരെ തേടുകയായിരുന്നു അപ്പോള്‍ ദിശ. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങി, സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ റിഹാന തയ്യാറല്ലായിരുന്നു. എന്‍ജിഒകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ധാരണയില്ലായിരുന്നു എന്നതാണ് വാസ്തവം. ദിശയുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്ന് നോക്കിക്കാണുവാന്‍ എന്‍ജിഒ അധികൃതര്‍ പ്രേരിപ്പിച്ചതോടെയാണ് റിഹാന ധൈര്യത്തോടെ മുന്നിട്ടിറങ്ങിയത്. സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ അവരുടെ ജീവിതം ആരംഭിക്കുന്നത് അവിടെ നിന്നാണ്.
നിരവധി ഉത്തരവാദിത്തങ്ങള്‍ റിഹാന ഏറ്റെടുത്തു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനൊപ്പം അവളുടെ തന്നെ ആത്മവിശ്വാസവും വളര്‍ത്തിയെടുത്തു. എന്നാലിതൊന്നും അത്ര എളുപ്പമായിരുന്നില്ല. വീട്ടില്‍ നിന്നും മുസ്ലിം സമുദായത്തില്‍ നിന്നും വിലക്കുകള്‍ വന്നു. എന്നാല്‍ അവിടെയൊന്നും തളരാതെ അവര്‍ പിടിച്ചു നിന്നു. അവസാനം അസ്തിത്വ എന്ന പേരില്‍ സ്വന്തമായൊരു എന്‍ജിഒയ്ക്ക് തുടക്കം കുറിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ അഭാവം നികത്തുക എന്നതാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്. മുസാഫര്‍നഗറിലും മറ്റും മുസ്ലിം, ജാട്ട് സമുദായങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അഭിമാനക്കൊലകളും ചെറുക്കുന്നതിന് ഇത്തരത്തിലുള്ള സന്നദ്ധ സംഘടനകള്‍ അനിവാര്യമാണെന്ന് അവര്‍ കരുതി.
മുസ്ലിം ആയതിനാല്‍, ആ സമുദായത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് റിഹാനയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനാണ് റിഹാന പ്രധാനമായും ഊന്നല്‍ നല്‍കിയത്. ചൂഷണം ചെയ്യുന്ന, മദ്യപാനികളായ ഭര്ത്താക്കന്മാരില് നിന്നും സ്ത്രീകളെ സ്വതന്ത്രരാക്കി, നല്ലൊരു ജീവിതം നയിക്കാന്‍ അവസരം നല്‍കുക എന്നതും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് റിഹാന പറയുന്നു. സ്ത്രീകള്‍ക്കുവേണ്ടി, അവരുടെ അവകാശങ്ങള്‍ പോരാട്ടങ്ങളിലൂടെയാണ് നേടിയെടുക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും ലാത്തിച്ചാര്‍ജിനെ അഭിമുഖീകരിക്കേണ്ടിയും വരിക സ്വാഭാവികം. പക്ഷെ അതൊന്നും അവരുടെ വീര്യം ഒട്ടും ചോര്‍ത്തിക്കളഞ്ഞില്ല.
പോരാട്ടം പലപ്പോഴും ഉന്നതര്ക്കെതിരെയാണെന്നതും ശ്രദ്ധേയം. പീഡനത്തിനിരയായ ഒമ്പതുവയസ്സുകാരിക്ക് നീതി കിട്ടുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയിട്ടുണ്ട് റിഹാന. സമൂഹത്തില്‍ സ്വാധീനമുള്ളവരായിരുന്നു കുറ്റക്കാര്‍. അതുകൊണ്ട് പലരും നിശബ്ദരായി. സംഭവം കണ്ടില്ലെന്ന് നടിച്ചു. പക്ഷെ റിഹാന ആ ദൗത്യം ഏറ്റെടുത്തു. സ്വന്തം നിലയില്‍ അവര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു. കേസ് കോടതിയിലെത്തി. കുറ്റക്കാരെല്ലാം ഇന്ന് അഴികള്‍ക്കുള്ളിലാണ്. ഈ ജയം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും റിഹാന പറയുന്നു.
ഈ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ആ പെണ്‍കുട്ടി വിദ്യാഭ്യാസം നേടി, വിവാഹിതയായി നല്ല നിലയില്‍ കഴിയുന്നു. ഇതെല്ലാം ഏറെ ചാരിതാര്‍ത്ഥ്യം റിഹാനയ്ക്ക് നല്‍കുന്നുണ്ട്. ആദ്യകാലങ്ങളില്‍ എതിര്‍പ്പുമായി മുന്നില്‍ നിന്നവരൊക്കെ അഭിനന്ദനങ്ങളുമായി ഇപ്പോള്‍ ഒപ്പമുണ്ട്. ഭര്‍ത്താവും കുടുംബവും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചപ്പോഴും പിതാവാണ് പിന്തുണയുമായി കൂടെനിന്നതെന്ന് റിഹാന. ബെയ്ജിങില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു ഇവര്‍. ഖാപ് പഞ്ചായത്തിന്റെ എതിര്‍പ്പും ഫണ്ടിന്റെ അഭാവവും എല്ലാം ചെറിയ ചെറിയ വെല്ലുവിളികളായി ഇപ്പോഴും നിലനില്ക്കുന്നു. ഇതിനെയെല്ലാം അതിജീവിക്കാനാകുമെന്ന നിശ്ചയദാര്‍ഢ്യവും റിഹാനയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: