മാവുങ്കാല്‍: പുസ്തകവും ഭക്ഷണവും ബാഗിലൊതുക്കി മുടി പിന്നിക്കൊടുത്തും ശാസിച്ചും സ്നേഹിച്ചും സ്കൂളിലേക്ക് യാത്രയയച്ചിരുന്ന അമ്മ പഴയതുപോലെ ഓടിനടക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും സ്വപ്നം കാണുകയാണ് സുധീഷും അനുജത്തി കാവ്യയും. പക്ഷെ, ആ സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ ലക്ഷങ്ങളുടെ ചിലവ് എന്നത് ഈ കുരുന്നുകളെ സങ്കടത്തിലാഴ്ത്തുന്നു. ഭാര്യയുടെ അസുഖം ഭര്‍ത്താവ് ശ്യാമിനെയും നൊമ്പരപ്പെടുത്തുന്നു. ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം ശരീരമാകെയുള്ള വേദനയോടെയായിരുന്നു പോര്‍ക്കളം വയമ്പിലെ സുജാതയ്ക്ക് അസുഖങ്ങളുടെ തുടക്കം. പിന്നീട് കൈകാലുകള്‍ക്ക് തളര്‍ച്ചയും എഴുന്നേറ്റു നടക്കാന്‍ പറ്റാതാവുകയുമായി. വിരലുകളും ശരീരവും ശോഷിക്കാനും തുടങ്ങി തുടര്‍ന്ന് ചികിത്സയുടെ കാലമായി. ഓട്ടോ െ്രെഡവറായ ശ്യാം കടം വാങ്ങിയും പണയം വെച്ചും പലസ്ഥലത്തും ചികിത്സ തേടി. മംഗ്ലൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു ആദ്യ ചികിത്സ. സാമ്പത്തിക ബാധ്യത ഏറിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിക്ക് മാറ്റി. അസുഖം കുറയാത്തതിനെത്തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലേക്ക് മാറിയെങ്കിലും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. നിലവില്‍ ചികിത്സയും ചെലവിനുമായി പത്ത് ലക്ഷത്തോളം രൂപ ചെലവായി. കഴിഞ്ഞ നാലുവര്‍ഷമായി പൂര്‍ണമായും കിടപ്പിലാണ് ഈ 38കാരി. മുറിയില്‍നിന്ന് പുറത്തിറങ്ങണമെങ്കില്‍ പോലും പരസഹായം വേണ്ടതുകൊണ്ട് പലപ്പോഴും ശ്യാമിന് ജോലിക്ക് പോകാനും കഴിയുന്നില്ല. ഒമ്പതിലും ആറിലും പഠിക്കുന്ന മക്കളെ ഒരുക്കിവിട്ട് ഭാര്യയ്ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണവും തയ്യാറാക്കിയശേഷം കിട്ടുന്ന സമയത്ത് ഓട്ടോ ഓടിച്ച് ലഭിക്കുന്നതുമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. മൂന്നുമാസത്തെ കിടത്തിച്ചികിത്സ കൊണ്ട് അസുഖം കുറയുമെന്ന് കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പക്ഷേ, മരുന്നിനും ചികിത്സയ്ക്കുമായി മൂന്നു ലക്ഷം രൂപയെങ്കിലും ചെലവുവരും. ഇത് കണ്ടെത്താനുള്ള വഴിയേതുമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഈ കുടുംബം. ചെറു വീട്ടില്‍ ചിരിയും കളിയും സന്തോഷവും നിറയണമെങ്കില്‍ കരുണയുള്ളവര്‍ കനിയുകതന്നെ വേണം. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സുജാതയെ ജീവിതത്തിലേക്ക് നയിക്കാന്‍ പി.ഭരതന് പോര്‍ക്കളം (ചെയര്മാന്), പ്രദീഷ് പൊടവടുക്കം കണ്‍വീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിജയബാങ്ക്, കോട്ടപ്പാറ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20860101100279, ഐ.എഫ്.എസ്.സി കോഡ്: വി.ഐ.ജെ.ബി0002086.
പ്രതികരിക്കാൻ ഇവിടെ എഴുതുക: