കാസര്‍കോട്: കൊടും വേനല്‍ തുടങ്ങിയതോടെ ദാഹമകറ്റാന്‍ ഒരു തുള്ളി വെള്ളം കിട്ടണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തിനെ ആശ്രയിക്കണം. ഇതും വറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഇനി എന്തു ചെയ്യണമെന്ന് ഈ പാവങ്ങള്‍ക്കറിയില്ല. കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടുന്ന തൂങ്ങല്‍ മിച്ചഭൂമി കോളനിയില്‍ താമസിക്കുന്ന 60 കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയില്‍ ദുരിതമനുഭവിക്കുന്നത്. കോളനിയില്‍ ജലനിധിയുടെ ഭാഗമായി സ്ഥാപിച്ച ശുദ്ധജല പദ്ധതിയുണ്ട്. എന്നാല്‍ മുമ്പില്ലാത്ത തരത്തില്‍ വേനല്‍ കടുത്തതിനാല്‍ ഫെബ്രുവരി അവസാനത്തോടെ പദ്ധതിക്കായി വെള്ളമെടുത്തിരുന്ന കിണറുകള്‍ രണ്ടും വറ്റി.
കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് കോളനി വാസികള്‍ക്ക് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനിലൂടെ വെള്ളം ലഭിച്ചത്. നിലവില്‍ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന കോളനിയുടെ സമീപമുള്ള പഞ്ചായത്ത് കുളവും വറ്റിയ നിലയിലാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന ഒന്നോ രണ്ടോ പാത്രം വെള്ളം കൊണ്ടാണ് കോളനിവാസികളുടെ അലക്കും കുളിയും. കോളനിവാസികള്‍ ഒന്നിച്ചെത്തിയാല്‍ കുളക്കരയില്‍ വെള്ളത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിയും വരും. കുടിവെള്ളത്തിനാകട്ടെ കുടുംബങ്ങളൊന്നടങ്കം അരകിലോ മീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനെയാണ് ആശ്രയിക്കുന്നത്. ഇതിലും വെള്ളം കുറഞ്ഞിരിക്കുന്നു.
മഴ ലഭിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം രണ്ടു കുളങ്ങളും വറ്റും. അധികൃതരോ മഴയോ കനിഞ്ഞില്ലെങ്കില്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റേണ്ടി വരുമോയെന്ന ആശങ്കയും ഇവിടെയുള്ളവര്‍ പങ്കുവയ്ക്കുന്നു. പണിക്കു പോകാന്‍ പോലും കഴിയാതെ പുരുഷന്മാര് വീടുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ച് വയ്ക്കുകയാണ് ചെയ്യുന്നതെന്ന് കോളനി വാസികള്‍ പറയുന്നു. വൈകുന്നേരമായാല്‍ കൂലിപ്പണികഴിഞ്ഞെത്തുന്ന സ്ത്രീകളും കുട്ടികളും അരകിലോ മീറ്ററോളം അകലെയുള്ള കുളത്തില്‍ നിന്ന് വെള്ളം കുടങ്ങളില്‍ ശേഖരിച്ച് നിരനിരയായി നടന്നു പോകുന്നതും പതിവ് കാഴ്ചയാണ്.
കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം 5000 ലിറ്റര്‍ ശേഷിയുള്ള സംഭരണി കോളനിയിലെത്തിച്ചതൊഴികെ വെള്ളമെത്തിക്കാനുള്ള മറ്റ് സംവിധാനങ്ങളുന്നു മൊരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭാ യോഗത്തില്‍ കുടിവെള്ള കിയോസ്ക് സ്ഥാപിച്ച് വെള്ളമെത്തിക്കാമെന്ന ഉറപ്പു മാത്രമാണ് ലഭിച്ചതെന്ന് കോളനിവാസികള്‍ പറയുന്നു. നിലവില്‍ വെള്ളമെടുക്കുന്ന കുളങ്ങളും വറ്റാന്‍ തുടങ്ങിയതോടെ എത്രയും പെട്ടെന്ന് ആവശ്യത്തിനുള്ള കുടിവെള്ളമെങ്കിലുമെത്തിക്കാന് റവന്യു വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: