ചിലര്‍ അങ്ങനെയാണ്. ലക്ഷ്യത്തിലേക്കൊരു വഴിവെട്ടിയാല്‍ കാടും പടലും പറിച്ചെറിഞ്ഞ് കുന്നും കുഴിയും കവച്ചുവെച്ചങ്ങനെ കടന്നുപോകും. സാഹസികമായി വെട്ടിപ്പിടിക്കാതെ സ്വാഭാവികമായിത്തന്നെ വന്നു ചേരും അത്. യാദൃശ്ചികതയുടെ അതിശയമാകാന്‍ അത്തരമൊരു കാത്തിരിപ്പിലാണ് സില്‍വെസ്റ്റര്‍ ജോര്‍ജ്.
ഇത്തവണ കുഴുപ്പിള്ളി വാവ ഹ്രസ്വചിത്ര ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് സില്‍വെസ്റ്റര്‍ രചനയും സംവിധാനവും ചെയ്ത ഷോര്‍ട്ട്ഫിലിമായിരുന്നു,സ്ട്രോബറി. ഇരുപത്തഞ്ചിലേറെ എന്‍ട്രികള്‍ ഉണ്ടായിരുന്നു.
ഹൃദയത്തിന്റെ രൂപവും നിറവുമുള്ള സ്ട്രോബറിയാണ് പ്രമേയത്തിന്റെ കാമ്പും കാതലും. ഒരു ചെറു പഴത്തിന്റെസാന്നിധ്യം ജീവിതത്തിന്റെ മധുരവും കയ്പും ചിരിയും കരച്ചിലും ഒരുമയും ആഹ്ളാദവുമൊക്കെയായിത്തീരുന്നതാണ് ഈ ചെറു സിനിമ. പ്രശ്നവും അകല്‍ച്ചയും ഇല്ലാതിരിക്കുമ്പോഴും നിഷ്ക്കളങ്കമായിത്തന്നെ മറ്റൊരു സാന്നിധ്യം ആഗ്രഹിക്കുകയും അത് പ്രണയവും സാന്ത്വനവും അവിഹിതവും ഒളിനോട്ടവുമൊക്കെയായി സ്ത്രീ പുരുഷ ബന്ധങ്ങളിലെ ദാമ്പത്യ,കുടുംബ ഐക്യത്തെ അകല്ച്ചയിലാക്കുംവിധം സങ്കീര്‍ണ്ണമാകുമെന്ന് വിചാരിക്കുമെങ്കിലും അതൊക്കെ തോന്നലെന്നപോലെ അവര്‍ അവരുടെ സ്ഥിരതയിലേക്കു തന്നെ മടങ്ങുകയാണ്.
ഇന്നത്തെ വിശ്വാസ തകര്‍ച്ചയുള്ള ബന്ധങ്ങള്‍ക്കിടയില്‍ ഒരുമയുടെ ആഴവും മൂല്യവും ഒരു സന്ദേശമായി ഇഴപാകി നില്ക്കാന് സംവിധായകന് മനപ്പൂര്‍വം ആഗ്രഹിക്കുന്നത് ഏച്ചുകെട്ടില്ലാതെ പ്രമേയത്തോട് ഇഴുകിച്ചേരുന്നുണ്ട്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചെറുചിത്രം മൗനങ്ങളുടെ വാചാലതയിലും കഥാപാത്രങ്ങളുടെ പറയാതെയുള്ള നോട്ടത്തിലും ഭാവത്തിലും ഒരു ഫീച്ചര്‍ ഫിലിമിന്റെ അവധാനതയുള്ള വലിപ്പം ഒതുക്കിവെക്കുന്നുണ്ട്. പലതും പ്രേക്ഷകര്‍ക്കു വിട്ടുകൊടുത്ത് ഒരു ഷോര്‍ട്ട് ഫിലിമിന്റെ സ്ഥലകാല സമയ പരിമിതികളെ സില്വെസ്റ്ററിലെ സംവിധായകന് മറികടക്കുന്നു.
ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യന്തം കാണുന്ന അക്വാ ബ്ളു ആവേശഭരിതമായ പ്രതീക്ഷയുടെ നീലാകാശത്തെ ഓര്‍മിപ്പിക്കുന്നു. അഭിനയത്തിലും സാങ്കേതികതയ്ക്കു പിന്നിലും സിനിമാരംഗത്തെ സുഹൃത്തുക്കളായ ചില ചെറുപ്പക്കാരുണ്ട്. പ്രമേയത്തിന്റെ ഹൃദയമിടിപ്പറിഞ്ഞുള്ളതാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും ശബ്ദമിശ്രണവും. ചിത്രത്തിലെ ഗാനവും സില്വസ്റ്ററിന്റേതാണ്. കൊച്ചിയിലെ പെരുമ്പടപ്പില്‍ താമസിക്കുന്ന സില്‍വെസ്റ്റര്‍ സിനിമ കാണാത്ത അല്ലെങ്കില്‍ വല്ലപ്പോഴും മാത്രം കാണുന്ന മാതാപിതാക്കളുടെ സിനിമാ ജ്വരമുള്ള മകനാണ്.
ഫിലിം ഫെസ്റ്റുകളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ ചെറുപ്പക്കാരന്. ഷോര്‍ട്ട് ഫിലിമില്‍ നിന്നും ബിഗ് സ്ക്രീനിലേക്കുള്ള ഇരുത്തം വന്ന വിചാരങ്ങളുമായി സ്വയം അലിയുന്ന സില്‍വെസ്റ്റര്‍ ജോര്‍ജ് പള്ളുരുത്തിയിലെ സയനാസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: