തിരുവനന്തപുരം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ തലസ്ഥാനത്ത് ഒരുങ്ങുന്നു. 2010ല്‍ 3333 ചതുരശ്ര അടിയില്‍ ഗാന്ധിജിയുടെ കാരിക്കേച്ചര്‍ വരച്ച് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയ കാര്‍ട്ടൂണിസ്റ്റ് എം.ദിലീഫാണ് കോസ്മോസ് സ്പോര്ട്ട്സിനുവേണ്ടി ഭീമന് സൈക്കിള്‍ നിര്‍മ്മിച്ചത്.
മൂന്നു മീറ്റര്‍ നീളവും ആറു മീറ്റര്‍ ഉയരവും 3.5 മീറ്റര്‍ ചക്രത്തിന്റെ വ്യാസവും 250 കി.ഗ്രാം ഭാരവുമുള്ള സൈക്കിളിന്റെ നിര്‍മ്മാണം എഴുദിവസവും 11 മണിക്കൂറും കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ജിഐ പൈപ്പ്, റബ്ബര്‍, പ്ലാസ്റ്റിക്, റെക്സിന് എന്നിവ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ആരോഗ്യകരമായ ജീവിതത്തിനും മാലിന്യമുക്തമായ പരിസ്ഥിതിക്കും വേണ്ടി സൈക്കിളിനെ ജനപ്രിയമാക്കുക എന്നതാണ് സൈക്കിള്‍ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. കോസ്മോസ് സ്പോര്‍ട്സ് ചെയര്മാന് എ.കെ. നിഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദിലീഫും കോസ്മോസും ചേര്‍ന്ന് 2016ല്‍ ലോകത്തെ ഏറ്റവും വലിയ ബാറ്റ്മിന്റണ്‍ റാക്കറ്റ് കോഴിക്കോട്ട് നിര്‍മ്മിച്ച് ഗിന്നസില്‍ ഇടം നേടിയിരുന്നു. 45 ദിവസം നീണ്ടുനില്‍ക്കുന്ന ഭീമന് സൈക്കിള്‍ പ്രദര്‍ശനം മന്ത്രി കടകംപള്ളി സുരേന്ദ്രന് 22ന് വൈകിട്ട് 3ന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: