മുക്കൂട്ടുതറ: പഠിക്കണം, ആഹാരം കഴിക്കണം, കളിക്കണം, വിശ്രമിക്കണം, ഉറങ്ങണം പിന്നെ കുട്ടികള്‍ക്കുള്ള ആഹാരം പാകം ചെയ്യണം ഇതിനെല്ലാം ഒരു മുറി മാത്രം. മുട്ടപ്പള്ളി ഗവ.എല്‍.പി സ്കൂള്‍ 14 -ാം നമ്പര്‍ അങ്കണവാടിക്കാണ് ദുരിതങ്ങളുടെ കഥപറയാനുള്ളത്. മുട്ടപ്പള്ളി ഗവ.എല്‍.പി സ്കൂളിന്റെ ക്ലാസ് മുറിയിലാണ് ഈ അങ്കണവാടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് കുട്ടികളുമായി തുടങ്ങിയ അങ്കണവാടിയുടെ പുനരുദ്ധാരണത്തിനായി 94-95ല്‍ സാമൂഹ്യക്ഷേമവകുപ്പ് അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒരു രൂപ പോലും കുരുന്നുകള്‍ക്കായി ചിലവഴിച്ചിട്ടില്ല. നിലവിലുള്ള ക്ലാസ് മുറിക്ക് സമീപം സ്ഥലം ഉണ്ടായിട്ടും അങ്കണവാടിക്ക് അടുക്കള നിര്‍മ്മിക്കാനുള്ള ശ്രമം സ്കൂള്‍ അധികൃതര്‍ തടഞ്ഞതാണ് അങ്കണവാടിയുടെ ദുര്‍ഗതിക്ക് കാരണമെന്നും ടീച്ചറായ സജിമോള്‍ പറഞ്ഞു. ഇവിടെ പഠിച്ച കുട്ടികള്‍ തന്നെയാണ് ഇതേ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കാനെത്തുന്നതെന്നും ടീച്ചര്‍ പറഞ്ഞു. ഗ്യാസ് ഉപയോഗിച്ചുള്ള ആഹാരം പാകം ചെയ്യുന്നതും ഈ മുറിക്കുള്ളില്‍ തന്നെയാണ്.
പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടിക്ക് ജനാലകള്‍ നിര്‍മ്മിച്ചു നല്‍കിയത് ഏറെ ആശ്വാസമായെന്നും അവര്‍ പറഞ്ഞു. ആഹാരം കഴിക്കാന്‍ പോലും സ്ഥലമില്ലാതെ നട്ടം തിരിയുന്ന ടീച്ചറും കുറച്ചു കുട്ടികളുടേയും ദുരിതത്തിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷിലാണ് നാട്ടുകാരും രക്ഷിതാക്കളും. എന്നാല്‍ സ്കൂള്‍ പി.റ്റി.എ യുടെ സമ്മര്‍ദ്ദമാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് എഇഒ പറഞ്ഞതായും വാര്‍ഡംഗം കുഞ്ഞമ്മ ടീച്ചര്‍ പറഞ്ഞു. ഒരു മുറി അങ്കണവാടിക്കുള്ളില്‍ അടുക്കള കെട്ടി തിരിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: