കണ്ണൂര്‍: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കാന്‍ സഹായിച്ച പൊതുവിദ്യാലയങ്ങള്‍ തകരാനിടയായാല്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കിന് കാരണമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുണ്ടേരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച മുദ്ര (മുണ്ടേരി ജിഎച്ച്എസ്എസ് ഡെവലപ്മെന്റ്, റിഫോര്മേഷന് ആന്റ് അക്കാഡമിക് അഡ്വാന്‍സ്മെന്റ്) പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇടത്തരക്കാര്ക്കെങ്കിലും താങ്ങാവുന്ന ഫീസാണ് മിക്ക സ്വകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നത്. ഇപ്പുറത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്ക്കുന്നതു കൊണ്ടാണത്. അല്ലായിരുന്നുവെങ്കില്‍ തോന്നിയ പോലെ ഫീസ് ഈടാക്കി സമൂഹത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുണ്ടാവുക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഭയാനകരമായ ഈയവസ്ഥ ഇന്ന് നിലവിലുണ്ട്. ഇത്തരമൊരു സാമൂഹിക ദുരന്തം സംഭവിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം ബാധ്യതയായി കണ്ട് സമൂഹം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മുദ്ര പദ്ധതിയുടെ ലോഗോ പ്രകാശനം പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു. സ്കൂളിന് അന്താരാഷ്ട്ര നിലവാരമുള്ള വോളിബോള്‍ കോര്‍ട്ട് അനുവദിക്കുമെന്ന് എം.പി അറിയിച്ചു. സ്കൂള്‍ കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്ത ആര്‍ക്കിട്ടെക്ട് പത്മശ്രീ ജി ശങ്കറിന് മുഖ്യമന്ത്രി ഉപഹാരം നല്കി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ സ്കൂളിലെ അഭിനവ്, അനുരാഗ് എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.
കെ.കെ രാഗേഷ് എം.പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സ്കൂളിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: