അരൂര്‍: പട്ടാപ്പകല്‍ ഓട് പൊളിച്ച് മോഷണം നടത്തി. വീടിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചു പവനും കവര്‍ന്നു. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടുവിലപ്പറമ്പില്‍ ശാന്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും രൂപയും കവര്‍ന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. വീട്ടിലുള്ളവര്‍ വീട് പൂട്ടി സമീപത്തുള്ള കിഴക്കേടത്ത് തറവാട്ടില്‍ നടക്കുന്ന സര്പ്പോത്സവത്തിന് പോയ സമയത്താണ് മോഷണ സംഘം അകത്തുകയറിയത്. ശാന്തമ്മയുടെ മകള്‍ ഗീത സര്പ്പോല്സവത്തിന് പോകുന്നതിന് വീട്ടില്‍ എത്തിയപ്പോള്‍ തങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗും വീടിനുള്ളില്‍ സൂക്ഷിച്ചശേഷമാണ് പുറത്തേക്ക് പോയത്.
പന്ത്രണ്ടരയോടെ പുറത്തുപോയ ഇവര്‍ രണ്ട് മണിക്ക് മുന്‍പായി തിരിച്ചു വന്നപ്പോഴാണ് പുട്ടിയിട്ടിരുന്ന വീടിന്റെ വാതിലുകള്‍ തുറന്ന് കിടക്കുന്നതായി കണ്ടത്.മോഷ്ടാക്കള്‍ വീടിനള്ളിലെ എല്ലാമുറികളിലും കയറി പരിശോധന നടത്തിയ ലക്ഷണമുണ്ട്. കിടപ്പുമുറിയിലെ രണ്ട് അലമാരകളും ബാഗുകളും തുറന്ന് അതിനുള്ളിലെ സാധനങ്ങള്‍ വലിച്ചുവാരി പരിശോധന നടത്തിയിട്ടുണ്ട് ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
ഉച്ച സമയത്ത് രണ്ട് പേര് വീടിന്റെ സമീപത്തുനിന്ന് പോകുന്നത് കണ്ടതായി ദ്യക്സാക്ഷികള്‍ പറയുന്നു. അരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: