അരനൂറ്റാണ്ടായി കേരളീയ സമൂഹത്തില്‍ സജീവമായി കുമ്മനം രാജശേഖരനുണ്ട്. മണ്ണിനും വെള്ളത്തിനും ഭൂമിക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ കുമ്മനത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ആരെയും വേദനിപ്പിക്കാനോ കുത്തിനോവിക്കാനോ തയ്യാറാകാതെ അടിമകളെ ഉടമകളാക്കി മാറ്റാനുള്ള പ്രയത്നം അദ്ദേഹം തുടരുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനമേഖല വലുതായപ്പോള്‍ ജനകീയപ്രശ്നങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മുന്നണിയില്‍ നിറഞ്ഞുനില്ക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കലിയിളകാന്‍ മറ്റ് കാരണങ്ങള്‍ വേണോ? പാവപ്പെട്ടവരുടെ പ്രശ്നപരിഹാരം കുത്തകയാക്കിയവര്‍ ഭരണം നയിക്കുകയാണല്ലോ. എന്നിട്ടും ഒന്നും ശരിയാകാത്തപ്പോള്‍ പല പ്രശ്നങ്ങളും കുമ്മനത്തിന്റെ ഇടപെടല്‍മൂലം ശരിയാകുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ ഭരണം വിട്ടിറങ്ങുമ്പോള്‍ കാലിന്നടിയില്‍ മണ്ണുണ്ടാവില്ല. കുമ്മനത്തെ പൂട്ടിയാല്‍ സംഗതി കുശാല്‍ എന്ന തോന്നലില്‍ നിന്നാണ് ഒരു കച്ചിത്തുരുമ്പില്‍ കയറി പിടിച്ചിരിക്കുന്നത്.
രാമന്തളിയില്‍ ആര്‍എസ്എസ് കാര്യവാഹ് ബിജു മാര്‍ക്സിസ്റ്റുകാരുടെ കണ്ണില്‍ കരടായിരുന്നു. ആസൂത്രിതമായി ബിജുവിനെ കൊല്ലാന്‍ കഴിഞ്ഞതിലെ ആഹ്ലാദം സഖാക്കള്‍ മറച്ചുവച്ചില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ അതാഘോഷമാക്കി. ആഹ്ലാദപ്രകടനത്തിന്റെ പുറത്തുവന്നചിത്രം സമൂഹമാധ്യമങ്ങളിലെത്തിയതിനാണ് കുമ്മനത്തിന്റെ പേരില്‍ കേസ്. സഖാക്കള്‍ അങ്ങനെ ഒരു പ്രകടനം നടത്തിയിട്ടില്ല. നടത്തിയെങ്കില്‍ തന്നെ അതിന്റെ ചിത്രം ആരും എടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചത്. കുമ്മനത്തിനെതിരെ, ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചതിന് കേസെടുക്കുമെന്നും പ്രഖ്യാപിച്ചു. അന്വേഷണത്തിന് ഉദ്യോഗസ്ഥനേയും നിശ്ചയിച്ചു. മുഖ്യമന്ത്രി പറഞ്ഞതിന് വിപരീതമായ ഒരന്വേഷണവും റിപ്പോര്‍ട്ടും ഒരു പോലീസുകാരന് നല്കാന് കഴിയുമോ? ഡിജിപിക്ക് പോലും സ്വാതന്ത്ര്യം അനുവദിക്കാത്ത ഭരണത്തില്‍ പ്രത്യേകിച്ചും!
കുമ്മനത്തിനെതിരെ കേസാണെങ്കില്‍ കേരളത്തിലെ ശക്തനായ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയെ വകവരുത്തുമെന്നാണ് സഖാക്കളുടെ ഭീഷണി. തില്ലങ്കേരിക്കുവേണ്ടി വാങ്ങിവച്ച കത്തി തുരുമ്പെടുക്കാന്‍ തുടങ്ങി. എത്രയോ തവണ അദ്ദേഹത്തിനുനേരെ സിപിഎം അക്രമി സംഘം വാളോങ്ങിയതാണ്. തങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നൊന്നായി പിടിവിട്ടുപോകുന്നതില്‍ വത്സന് തില്ലങ്കേരിയുടെ പ്രയത്നം സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. അവരത് ചെയ്യും. ബിജുവിനെ കൊന്നതും പറഞ്ഞുകൊണ്ടാണ്.
അരനൂറ്റാണ്ടായി കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിന് നേരെ തുടരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ബിജു. 1968 ല്‍ തലശ്ശേരി വാടിക്കലില്‍ രാമകൃഷ്ണനെ വെട്ടിക്കൊന്നുകൊണ്ടാരംഭിച്ചതാണ് ഈ പൈശാചിക രീതി. അന്ന് വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിന്റെ തലശേരിയിലെ നേതാക്കളാണ് ഇന്ന് സിപിഎമ്മിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നത്. ഇത്രയും കാലം രാഷ്ട്രീയ പ്രതിയോഗികളെ എങ്ങനെ സമര്‍ത്ഥമായി കൊല്ലാമെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോരുകയാണിവര്‍.
സിപിഎമ്മിന്റെ പകയ്ക്കും വിദ്വേഷത്തിനും വിധേയരാകാത്ത ഒരു രാഷ്ട്രീയ പാര്ട്ടിക്കാരുമില്ല. അവരുടെ ആജ്ഞാനുവര്‍ത്തികളാകാന്‍ തയ്യാറാകാത്തവര്‍ക്ക് സ്വാതന്ത്ര്യവും ജീവിക്കാന്‍ അവകാശവുമില്ല. കണ്ണൂരില്‍ നിരന്തരം അക്രമങ്ങള്‍ സിപിഎം നടത്തുമ്പോഴും അതിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത നേതൃത്വം പ്രതികളെ സംരക്ഷിക്കാനും താലോലിക്കാനുമാണ് എന്നും തയ്യാറായിട്ടുള്ളത്. പ്രതികള്‍ക്ക് പട്ടും വളയും പദവിയും നല്കി ആദരിക്കുന്ന ഒരേ ഒരു കക്ഷി ഇന്ത്യയിലുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്. കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയത് പാര്‍ട്ടി നിര്‍ദ്ദേശം പാലിച്ചതാണെന്ന് പരസ്യമായി പറഞ്ഞ പ്രതി ജാമ്യത്തിലിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ നേതൃത്വം ഒന്നടങ്കം ജയില്‍ കവാടത്തിലെത്തിയത് വിസ്മരിക്കാറായില്ല. കൊല്ലുന്നതിലൊരു തെറ്റുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും. അതാണ് ഇന്ന് കേരളത്തിന്റെ ഭീതി. പയ്യന്നൂരില്‍ ബിജു എന്ന തൊഴിലാളിയെ ഇന്നോവ കാറിലെത്തി കൊന്ന കൊലയാളികളെ തള്ളിപ്പറയാനോ അരുത് കാട്ടാളരേ എന്ന് ഉപദേശിക്കാനോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തയ്യാറായില്ല.
അതൊരു പ്രതികാര കൊലയെന്ന പതിവ് പ്രയോഗമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ‘അതൊരു ഒറ്റപ്പെട്ട സംഭവം’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇടത്തും വലത്തും കൊലക്കേസ് പ്രതികളെ നിര്‍ത്തിക്കൊണ്ടാണ്. ജില്ലാ നേതൃത്വം അറിയാതെ സിപിഎമ്മുകാര്‍ കണ്ണൂരിലും അയല്‍ ജില്ലകളിലും കൊല നടത്താറില്ലെന്നതാണ് സ്ഥിതി. കണ്ണൂര്‍ ജില്ലയില്‍ ആരെ പ്രതിയാക്കണം, ആരെ പ്രതിയല്ലാതാക്കണം എന്നു തീരുമാനിക്കുന്നത് സിപിഎം ആണെന്നത് പരക്കെ അറിയപ്പെടുന്നതാണ്. ഏത് ഭരണമായാലും പോലീസിനെ നയിക്കുന്നത് സിപിഎമ്മാണ്. മനുഷ്യസ്നേഹമുള്ള നേതൃത്വം സിപിഎമ്മിനില്ല. മുഖ്യമന്ത്രിയുടെ സ്ഥിതിയും മറിച്ചല്ല. മടിച്ചുമടിച്ച് സര്‍വ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത ധാരണയ്ക്കുപോലും പുല്ലുവിലയാണ് സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വം കല്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടി പ്രതികാരക്കൊല അംഗീകരിക്കുമ്പോള്‍ ആ വഴി ചിന്തിക്കാന്‍ മറ്റുള്ളവരും തയ്യാറായാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനനില എന്താകും? സിപിഎം സംസ്ഥാന സെക്രട്ടറി ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ നാലു ലക്ഷം സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണെന്നാണ്. പ്രതികളെ കൊന്നുതീര്‍ക്കുകയാണെങ്കില്‍ നാലു ലക്ഷം പേരെയെങ്കിലും കൊലയ്ക്കുകൊടുക്കേണ്ടിവരുമെന്ന് സിപിഎം തിരിച്ചറിയണം. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതിനപ്പുറം സമൂഹത്തെ ഒന്നാകെ ഭയപ്പെടുത്തി നിശബ്ദരാക്കി തങ്ങളോടൊപ്പം നിര്‍ത്തുക എന്ന തന്ത്രം കൂടിയാണ് കൊലപാതക പരമ്പരകളിലൂടെ സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും കൊലയാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനും പ്രത്യേക വിഭാഗംതന്നെ സിപിഎമ്മിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കൊലപാതകവും വ്യത്യസ്തമായ രീതിയിലാണ് ഇവര്‍ നടപ്പിലാക്കുന്നത്. കെ.ടി.ജയകൃഷ്ന്‍ മാസ്റ്ററെ ക്ലാസ്സ് റൂമില്‍ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജയകൃഷ്ണന് മാസ്റ്ററുടെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ പൂര്‍ണ്ണമായും വികൃതമാക്കിയിരുന്നു. ശരീരമാസകലം വെട്ടിപ്പിളര്‍ന്ന നിലയിലായിരുന്നു. സാക്ഷി പറഞ്ഞാല്‍ അവര്‍ക്കും ഇതായിരിക്കും ഗതിയെന്ന് ബ്ലാക്ക് ബോര്‍ഡില്‍ രക്തംകൊണ്ട് എഴുതിവച്ചിരുന്നു.
ഇതുപോലെ കിരാതമായ രീതിയിലായിരുന്നു അരിയില്‍ ഷുക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സുഹൃത്തിനോടൊപ്പം പോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം സംഘം പിടികൂടി വയലിന്റെ മധ്യത്തിലുള്ള തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ ഒരു മണിക്കൂറോളം പരസ്യമായി വിചാരണ ചെയ്ത് നേര്‍ത്ത കത്തികൊണ്ട് കഴുത്ത് അറുത്ത് മാറ്റുകയായിരുന്നു. മണിക്കൂറുകളോളം പൊരിവെയിലത്ത് കെട്ടിയിട്ട് ദാഹിച്ചുവലഞ്ഞ ഷുക്കൂറിന് ദാഹജലംപോലും നല്കാന് കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിജുവിന്റെയും ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെയും കൊലപാതകങ്ങള്‍ക്ക് ഏറെ സമാനതകളുണ്ട്.
ഇരുവരും ബൈക്കില്‍ യാത്രചെയ്യവെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തിയാണ് തുരുതുരാ വെട്ടിയത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഇരുവരുടെയും മരണ കാരണം. കഴുത്ത് ഏതാണ്ട് പൂര്‍ണ്ണമായും അറുത്ത് മാറ്റിയിരുന്നു. ഒരു വിധത്തിലും ജീവന് രക്ഷിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മരണം ഉറപ്പ് വരുത്തിയ ശേഷമാണ് കൊലയാളി സംഘം സ്ഥലംവിട്ടത്. ടിപി വധക്കേസിലെ സംഘങ്ങള്‍ക്ക് പരിശീലനം നല്കിയ അതേ സംഘം തന്നെയാണ് ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിനും പരിശീലനം നല്‍കിയത്.
ബിജുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതോ അവസാനത്തേതോ അല്ല. സിപിഎം ചാപ്പ കുത്തിയവര്‍ നിരവധിയുണ്ട്. ഒന്നൊന്നായി കൊന്നൊടുക്കുമ്പോഴും ഒറ്റപ്പെട്ട സംഭവമായി വ്യാഖ്യാനിക്കും. ഭീഷണി കമ്മ്യൂണിസ്റ്റ് സ്വഭാവമാണ്. ഏതായാലും ഭീഷണി കേട്ട് ഒളിച്ചോടുന്ന ശീലമായിരുന്നെങ്കില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ തില്ലങ്കേരി മാളത്തിലൊളിച്ചേനെ. കുമ്മനത്തിനെ പൂട്ടാന്‍ ധൃതികാട്ടുന്ന സര്‍ക്കാര്‍ തില്ലങ്കേരിയെ കൊല്ലുമെന്ന് പോസ്റ്റിട്ട സഖാവിനെ കാണുന്നേയില്ല. കുമ്മനത്തെ തേടി ഒരുതവണ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വരെ അക്രമികളെത്തി. കൊന്നാലുള്ള ഭവിഷ്യത്ത് ഓര്‍ത്താകും കേസിന്റെ വഴിതേടിയത്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: