ഉദ്ദേശശുദ്ധിയുള്ള നമ്മുടെ സഹോദരന്മാരുടെ ഭയാശങ്കകള്‍ക്ക് മറ്റൊരു മനഃശാസ്ത്രപരമായ കാരണവുമുണ്ട്. അത് സ്വല്പംകൂടി ആഴത്തിലുള്ളതാണ്. സാമാന്യത്തെയും അപവാദത്തെയും തമ്മില്‍ ബന്ധപ്പെടുത്തി വിലയിരുത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണത്. അതിവിടെ കുറച്ചു വിസ്തരിച്ചു പറയാം.
ഹിന്ദുക്കള്‍ക്കിടയില്‍ കമ്യൂണിസ്റ്റുകാരുണ്ട്-അവര്‍ക്ക് ഈശ്വരവിശ്വാസമാകാമെന്ന് അടുത്തകാലത്ത് സഖാവ് ഇഎംഎസ് എഴുതിവച്ചിട്ടുണ്ടെങ്കിലും പല സഖാക്കള്‍ക്കും അതില്ലെന്നതാണ് (പരസ്യമായെങ്കിലും) കണ്ടനുഭവം. അപ്പോള്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കള്‍ ക്ഷേത്രത്തിലും ഈശ്വരനിലും വിശ്വസിക്കുമ്പോള്‍, അവര്‍ക്കിടയിലെ സഖാക്കള്‍ വിശ്വസിക്കുന്നില്ല എന്നുവരുന്നു. ഇവിടെ ഹിന്ദു ‘സാമാന്യവും’ സഖാവ് ‘അപവാദവു’വുമാണ്. സാമാന്യത്തിന് അമ്പലത്തില്‍ പ്രവേശിക്കാം. സാമാന്യത്തിന് പ്രവേശിക്കാനുള്ളതാണത്. ആ സാമാന്യത്തിന്റെ പിന്നില്‍ അപവാദത്തിനും പ്രവേശിക്കാം. അതിനാരും തടസ്സം പറയാറില്ല. പ്രക്ഷോഭണം കൂട്ടാറുമില്ല. ഇതിന്റെ ഫലമായി ഇന്ന് വിശ്വാസികള്‍ക്കുവേണ്ടി വിശ്വാസികള്‍ നിര്‍മിച്ച വിശ്വാസികളുടെ അമ്പലത്തില്‍ ചിലതെങ്കിലും അപവാദവിഭാഗത്തില്പ്പെട്ട അവിശ്വാസികള്‍ ഭരിക്കുന്നു!
ഇതേ മട്ടില്‍ നമുക്ക് ക്രിസ്ത്യാനികളുടെ കാര്യം നോക്കാം. അവര്ക്കുമൊത്തത്തില് ക്ഷേത്രത്തില്‍ വിശ്വാസമില്ല-യേശു ഒഴിച്ചുള്ള മറ്റൊരു ദൈവത്തിലും, അതുകൊണ്ട് ഹൈന്ദവദേവന്മാരിലും വിശ്വാസമില്ല. അതായത് ഇവിടെ ‘സാമാന്യം’ അവിശ്വാസിയാണ്. അവരുടെ പള്ളിയും അവരെ അതിന് പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇന്ന് ഈ ‘സാമാന്യ’ത്തില്‍ ഒട്ടേറെ അപവാദങ്ങളുണ്ട് ഹിന്ദുമതങ്ങളുടെ സ്വച്ഛന്ദസത്യാന്വേഷണ സ്വാതന്ത്ര്യവും സര്വമതസമാദരവും അറിയാന്‍ ഇടവന്നവരും ആധുനികശാസ്ത്രം വെട്ടിത്തെളിയിച്ച ിീിറീഴാമശേര ഹശയലൃമഹശാെ (സ്വമത ദുശ്ശാഠ്യമില്ലാത്ത സ്വതന്ത്രചിന്ത) ഉള്‍ക്കൊണ്ടവരുമായ ഒട്ടനവധിപേര്‍ ഇന്നുണ്ട്. അവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. പേരെടുത്തു പറയാവുന്ന ഒരുദാഹരണമാണ് യേശുദാസ്. അദ്ദേഹം ക്ഷേത്രവിശ്വാസിയാണ്, അയ്യപ്പഭക്തനുമാണ്. വിശ്വാസിയായ ഈ അപവാദത്തെ അവിശ്വാസിയായ സാമാന്യത്തെ കണ്മുന്നില്വച്ചുകൊണ്ട് അമ്പലത്തില്‍ പ്രവേശിക്കുന്നത് തടയുന്നു. ചുരുക്കത്തില്‍ ഹിന്ദുക്കളുടെ കാര്യത്തിലും ക്രിസ്ത്യാനികളുടെ കാര്യത്തിലും സാമാന്യത്തിന്റെ നേര്‍ക്കുള്ള സമീപനം അപവാദത്തിന്റെ നേര്‍ക്കും കൈക്കൊള്ളുന്നു. അതുകൊണ്ട് പ്രായോഗികതലത്തില്‍ ഒടുവില്‍ സംഭവിക്കുന്നതെന്തെന്നാല്‍ ‘വിശ്വാസികള്‍ക്കിടയിലെ അവിശ്വാസിക്ക് പ്രവേശം നിഷേധിക്കപ്പെടാത്തപ്പോള് അവിശ്വാസികള്‍ക്കിടയിലെ വിശ്വാസിക്ക് പ്രവേശം നിഷേധിക്കപ്പെടുന്നു.’
ഈയൊരു സ്ഥിതിവിശേഷം സ്വാഭാവികമാണ് അതില്‍ തെറ്റില്ല എന്നു പറയുന്നവര്‍ ഉണ്ട്. എന്നാല്‍ നമ്മുടെ പ്രശ്നം സ്വാഭാവികതയോ അസ്വാഭാവികതയോ അപഗ്രഥിക്കലല്ല, പിന്നെയോ പുനര്ജാഗൃത ഹിന്ദുത്വത്തിന് അനുകൂലമായി അത് പരിഹരിക്കുന്നതെങ്ങനെ എന്നതാണ്. അതിന് ഹൈന്ദവ ഉല്പതിഷ്ണുക്കള് നിര്‍ദ്ദേശിക്കുന്ന പരിഹാരം ദ്വിമുഖമാണ്. ഒന്ന്: വിശ്വാസികള്‍ക്കിടയിലെ അവിശ്വാസികള്‍ക്ക്, സഖാവിനോ, യുക്തിവാദിക്കോ, ഇന്നത്തെപ്പോലെ പ്രവേശമനുവദിക്കുക. അതു തടയപ്പെടാതെ എതിര്‍ക്കപ്പെടാതെ തുടരട്ടെ. എന്തുകൊണ്ടെന്നാല്‍ അവര്‍ നാളെ വിശ്വാസികളായിക്കൂടെന്നില്ല. അങ്ങനെ സംഭവിച്ച ഉദാഹരണങ്ങള്‍ നിറയെ ഉണ്ടുതാനും. വടക്കെ മലബാറിലെ സഖാവ് സുബ്രഹ്മണ്യന് തിരുമുമ്പ് ജീവിതസായാഹ്നത്തില്‍ ദേവീഭാഗവതവും ശങ്കരദിഗ്വിജയവും ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് ‘ഭക്തകവി തിരുമുമ്പാ’യില്ലെ. സ്വര്‍ണംകൊണ്ടുണ്ടാക്കിയ അരിവാളും ചുറ്റികയും ഏതോ ഒരു അജ്ഞാതസഖാവ് ഗുരുവായൂരമ്പലത്തിനുള്ളിലെ തിരുഭണ്ഡാരത്തിനുള്ളില് കാണിക്കയിട്ടില്ലേ? രണ്ട്: അവിശ്വാസികള്‍ക്കിടയിലെ വിശ്വാസിക്കും പ്രവേശനമനുവദിക്കുക. അതു തടയപ്പെടാതെ എതിര്‍ക്കപ്പെടാതെ തുടരട്ടെ. എന്തുകൊണ്ടെന്നാല്‍ അവര്‍ നാളെ വിശ്വാസികളായികൂടെന്നില്ല. ഹൈന്ദവവിശ്വാസിയുടെ കാര്യത്തില്‍ അനുകൂലമായ റിസ്ക് എടുക്കാമെങ്കില്‍ അഹൈന്ദവവിശ്വാസിയുടെ കാര്യത്തില്‍ എന്തിന് അതേ റിസ്ക് എടുക്കാതിരിക്കണം? വിശ്വാസിയുടെ പ്രവേശം കീഴ്വഴക്കമാക്കി അവിശ്വാസി പ്രവേശിക്കും എന്നതാണ് ഭയപ്പാടെങ്കില്‍ അതിന് പോംവഴി കണ്ടുപിടിച്ചാല്‍ പോരേ? അതിന് ക്ഷേത്രമുടമകളും നിയമജ്ഞന്മാരുമെല്ലാം ഇരുന്ന് ഏര്‍പ്പാട് ചെയ്താല്‍ മതിയാവില്ലേ?
സുപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രം ഈ വഴിയ്ക്ക് ഒരു കാല്‍വച്ചിട്ടുണ്ട്. അവര്‍ അംഗീകരിച്ച ഒരുപായം ഇവിടെ എടുത്തുപറയട്ടെ. ആന്ധ്രയിലെ ഗവര്‍ണറായിരുന്നപ്പോള്‍ ബഹു. അബ്രഹാം മാസ്റ്റര്‍ക്ക് തിരുപ്പതി ഭഗവാനെ ദര്ശിക്കണമെന്നുതോന്നി. ‘തിരുപ്പതി ഭഗവാനിലും ക്ഷേത്രത്തിലും ഭക്തിവിശ്വാസങ്ങള്‍ ഉണ്ട് ്’എന്ന എഴുതിക്കൊടുത്താല്‍ പ്രവേശനമനുവദിക്കാമെന്ന് ക്ഷേത്രം ട്രസ്റ്റിമാര്‍ പറഞ്ഞു. അതുപ്രകാരം ചെയ്ത മാസ്റ്റര്‍ക്ക് ദര്‍ശനവും കഴിക്കാന്‍ കഴിഞ്ഞു. ഈയൊരു ഏര്‍പ്പാടില്‍ കൂടി വിശ്വാസികളെ മാത്രം പ്രവേശിപ്പിക്കുന്ന കാര്യം അവര്‍ സാധിച്ചു. ഇതിലെ വികലതകള്‍ അനുഭവം എടുത്തു കാണിക്കും. അന്നേരം എല്ലാ ചട്ടങ്ങളുടെയും കാര്യത്തിലെന്നപോലെ തക്ക സമയത്ത് തക്ക പരിഹാരമുണ്ടാകും. പ്രശ്നം ചട്ടത്തിന്റേതല്ല മനോഭാവത്തിന്റേതാണ്.
ചട്ടങ്ങള്ക്കപ്പുറമുണ്ട് പരിഹാരം. അത് നിത്യപരിചയത്തില്ക്കൂടി ഉണ്ടാകുന്ന മറയില്ലാത്ത ധാരണയില്കൂടിയാണ്. ഇത് പലപ്പോഴും സംഭവിക്കുന്നത് നാട്ടുംപുറങ്ങളിലാണ്. ചില ക്രിസ്ത്യാനികള്‍ വര്‍ഷംതോറും ശബരിമലയ്ക്ക് പോകാറുണ്ട്. നിത്യപരിചയം കാരണം അവരെ അവരുടെ അയല്പക്കക്കാരായ ഹിന്ദുക്കള്‍ക്ക് ശരിക്കുമറിയാം. അവരുടെ അയ്യപ്പഭക്തിയെക്കുറിച്ചുമറിയാം. അങ്ങനെയുള്ളവരെ നാട്ടുകാര്‍തന്നെ ഗ്രാമക്ഷേത്രത്തിനുള്ളില്‍ കടത്തി കെട്ടുനിറയ്ക്കാനനുവാദം കൊടുക്കാറുണ്ടെന്നു മാത്രമല്ല എല്ലാവരും ചേര്‍ന്നു കെട്ടുനിറച്ച് ഒരുമിച്ച് മലയ്ക്ക് പുറപ്പെടുകയും ചെയ്യുന്നു. അത്തരം അവസരങ്ങളില്‍ വിശ്വാസം രേഖപ്പെടുത്തി ഒപ്പിട്ടുകൊടുക്കേണ്ട പ്രശ്നം അധികപ്പറ്റായിത്തീരുന്നു.
ഈ ദിശയിലേക്ക് ഹിന്ദുസമാജം നീങ്ങിത്തുടങ്ങിയിട്ടുണ്ടെന്ന കാര്യം പകല്‍പോലെ സ്പഷ്ടമാണ്. ഇനി ആ ചരിത്രഗതിയെ ഏറി വന്നാല്‍ കുറച്ചൊന്നു വൈകിക്കാമെന്നല്ലാതെ വിലക്കാന്‍ ആര്‍ക്കും കഴിയില്ല. കേരളത്തിന് പുറത്തുള്ള ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളില്‍ ഇന്ന് ആര്‍ക്കും പ്രവേശിക്കാം. ഭാരതത്തിലെ മിക്ക നഗരങ്ങളിലും ബിര്‍ള പണികഴിപ്പിച്ച ആധുനിക മഹാക്ഷേത്രങ്ങളുണ്ട്. ദല്‍ഹിയിലെ ലക്ഷ്മിനാരായണ മന്ദിരവും കാശി ഹിന്ദുസര്‍വകലാശാലയിലെ മഹാദേവമന്ദിരവും വളരെ പ്രസിദ്ധമാണ്. അതുപോലെ ഹൈദരാബാദിലും മുഴുവന്‍ മഹാനഗരത്തെ സര്‍വേക്ഷണം ചെയ്തുകൊണ്ട് നഗരമധ്യത്തിലെ കുന്നില്‍ സുന്ദരമായ ഒരു ക്ഷേത്രമുണ്ട്. അവിടെയെല്ലാം എല്ലാവര്ക്കും മതഭേദമെന്യേ പ്രവേശിക്കാം. ഹൈദരാബാദില്‍ അത് ദേവസ്വമാപ്പീസിന് മുന്പില് ബോര്‍ഡില്‍ എഴുതിവച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: