ഹരിപ്പാട്: യുവതിയെ കഴുത്തുഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. കാമുകന് പോലീസ് പിടിയിലായി. മാവേലിക്കര ഭരണിക്കാവ് പുത്തന്‍പുര പടീറ്റതില്‍ ഭാനുവിന്റെ മകള്‍ പുഷ്പകുമാരി (ലച്ചു-40) യാണ് മരിച്ചത്. ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജങ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം.
കൊലയുമായി ബന്ധപ്പെട്ട് കാമുകനെന്ന് കരുതുന്ന ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി ശാന്താ ഭവനത്തില്‍ ലക്ഷ്മണനാചാരിയുടെ മകന് വേണു (39) വിനെ ഹരിപ്പാട് സിഐ റ്റി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…. കെട്ടിട ഡിസൈനറായ വേണു ഒരു മാസമായി വീട് വാടകയ്ക്ക് എടുത്തിട്ടിരുന്നെങ്കിലും 3 ദിവസം മുമ്പാണ് യുവതിയെ വീട്ടില്‍ കൊണ്ടുവരുന്നത്. യുവതിയ്ക്ക് ഇടയ്ക്കിടെ ഫോണ്‍ കോളുകള്‍ വരുന്നതിനെ ചൊല്ലി അവരുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുന്നതിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
മരിച്ചുവെന്ന് ഉറപ്പായതിന് ശേഷം മൃതദേഹം മറവുചെയ്യാന്‍ കുഴി എടുക്കാനായി പള്ളിപ്പാട് നീണ്ടൂര്‍ വഞ്ചിയില്‍ മണിയന്റെ മകന് മഹേഷ് (42)നെ വിളിച്ചുവരുത്തി. കക്കൂസ് മാലിന്യം കുഴിച്ച് മൂടാനാണ് കുഴിയെടുക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവതിയുടെ മൃതദേഹം കാണാനിടയായ മഹേഷ് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലായ വേണു ചോദ്യം ചെയ്യലിനിടയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതിക്ക് മുന്‍വിവാഹത്തില്‍ 2 കുട്ടികളുണ്ട്.
പ്രതി വേണുവും വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലപ്പുഴയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഹരിപ്പാട് സിഐക്കാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: