മയ്യില്‍: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് യാത്രക്കാരന്റെ പണം തട്ടിയെടുക്കുന്ന സംഘം ജില്ലയില്‍ വിലസുന്നു. രാത്രികാലങ്ങളിലും പുലര്‍ച്ചെയും ജനവാസം കുറഞ്ഞ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ക്ക് കൈനീട്ടി നിര്‍ത്തി കയറുന്ന ഇത്തരം സംഘം യാത്രക്കാരനെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍നിന്നും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുക്കുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വെളുപ്പിന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന തീവണ്ടികളില്‍ യാത്ര ചെയ്യാനായി ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ബൈക്കില്‍ കണ്ണൂരിലെത്തുന്നവര്‍ ഏറെയാണ്. ഇത്തരം യാത്രക്കാരെയാണ് ഇവര്‍ കൊള്ളയടിക്കുന്നത്. കഴിഞ്ഞ ദിവസം മയ്യില്‍ പാടിക്കുന്നില്‍ ചൂളിയാട് സ്വദേശി വിജയനെ മുഖംമൂടി ധരിച്ച അക്രമി തള്ളിയിട്ട് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. കോഴിക്കോടേക്ക് പോകാന്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു വിജയന്. പാടിക്കുന്നിലെ ഏറെ വിജനമായ സ്ഥലങ്ങളില്‍ ഇത്തരം സംഘങ്ങള്‍ ഏറെയാണ്. പുതുതായി മദ്യവില്പനശാലകള് കൂടി ഇവിടെ എത്തിയതോടെ മദ്യപിക്കാനെത്തുന്നവരെയും ഇവര്‍ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: