കണ്ണൂര്‍: വിറക് ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്കരിക്കാനെത്തിച്ച മൃതദേഹവുമായി പയ്യാമ്പലം ശ്മശാനത്തില്‍ ബന്ധുക്കളുടെ കാത്തിരിപ്പ്. ഇന്ന് രാവിലെ 10.30ഓടെ മുണ്ടയാട് നിന്ന് മൃതദേഹവുമായി എത്തിയവര്‍ക്കാണ് സംസ്കാരച്ചടങ്ങുകള്‍ നടത്താനായി കാത്തിരിക്കേണ്ടിവന്നത്.
നാല് മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ശ്മശാനത്തിലെത്തിച്ചിരുന്നു. മൂന്നുപേരുടെ സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ സാധിച്ചെങ്കിലും മുണ്ടയാട് നിന്നെത്തിയവര്‍ വിറകിന് വേണ്ടി കാത്തിരിക്കേണ്ടിവരികയായിരുന്നു. മിച്ചമുണ്ടായിരുന്ന വിറക് ഉപയോഗിച്ച് സംസ്കാരം നടത്താന്‍ ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ അറിയിച്ചിട്ടാണ് മൃതദേഹവുമായി എത്തിയത്. എന്നാല്‍, അപ്പോഴൊന്നും വിറകില്ലാത്ത കാര്യം അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളില്‍ ചിലര്‍ പിന്നീട് വിറകന്വേഷിച്ച് പോവുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും സംഭവം സംബന്ധിച്ച് മറുപടി പറയാന്‍ സാധിച്ചില്ല. കോര്പ്പറേഷന് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: