‘ബാഹുബലി’യിലെ കഥാപാത്രങ്ങളില്‍ ആരെയാണിഷ്ടം എന്ന് ചോദിച്ചപ്പോള്‍ ശിവകാമി എന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകന് എസ്.എസ്. രാജമൗലിയുടെ അച്ഛനുമായ കെ.പി.വിജയേന്ദ്ര പ്രസാദിന്റെ മറുപടി. ശിവകാമി, കട്ടപ്പ, ബാഹുബലി, ബല്ലലദേവ, ദേവസേന, അവന്തിക… ഐതിഹാസികമാനമുള്ള കഥാപാത്രങ്ങളില്‍ പലര്‍ക്കും പലരെയാണിഷ്ടം. ഉജ്ജ്വല കഥാപാത്രമായ ദേവസേനയെക്കാള്‍ സ്രഷ്ടാവായ വിജയേന്ദ്രയ്ക്ക് ശിവകാമിയെ കൂടുതല്‍ ഇഷ്ടമാവാന്‍ കാരണം ആ കഥാപാത്രത്തിന്റെ വ്യത്യസ്തമാനങ്ങളാണ്. ശിവകാമിയെ കരുത്തുറ്റതാക്കിയ രമ്യാ കൃഷ്ണനെപ്പോലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുന്ന സത്യരാജ്, പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന തുടങ്ങിയവരൊക്കെ ഈ ചിത്രത്തിനൊപ്പം പ്രേക്ഷകമനസ്സില്‍ സ്ഥിരവാസമുറപ്പിച്ചിരിക്കുകയാണ്.
താരപരിവേഷമുള്ള ഇവര്‍ക്കുപുറമെ ബാഹുബലി കാണുന്നവരെല്ലാം അറിയാതെ ഇഷ്ടപ്പെട്ടു പോവുകയും, എന്നാല്‍ അത് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമുണ്ട്. അമരേന്ദ്ര ബാഹുബലിയുടെയും മകന് മഹേന്ദ്ര ബാഹുബലിയുടെയും കുരുന്നുപ്രായം ‘അവതരിപ്പിക്കുന്ന’ അക്ഷിത. അതിരപ്പിള്ളിയിലും മറ്റും ചിത്രീകരിച്ച ബാഹുബലിയുടെ കേരളത്തിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വത്സന് നീലീശ്വരത്തിന്റെ മകള്‍. ഈ വേഷത്തിലേക്ക് ആരും സ്വന്തം ചോരക്കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ പതിനെട്ട് ദിവസം മാത്രം പ്രായമായ തന്റെ മകളെവച്ച് ദൃശ്യങ്ങളെടുക്കാന്‍ വത്സന് സമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തുവരുന്ന അമരേന്ദ്ര ബാഹുബലിയുടെ കുഞ്ഞുപ്രായം അക്ഷിതയെവച്ച് ആദ്യഭാഗത്തുതന്നെ ചിത്രീകരിച്ചിരുന്നു. ഈ സിനിമാതാരത്തിന്റെ ‘അഭിനയം’ കേരളത്തില്‍, ഒരുപക്ഷേ ഇന്ത്യയില്‍തന്നെ ഏറ്റവും ആദ്യം വാര്‍ത്തയാക്കിയത് ‘ജന്മഭൂമി’യായിരുന്നു.
പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തിയറ്ററിലെത്തിക്കാന്‍ ഏത് കൂതറ സിനിമയെയും ‘ബ്രഹ്മാണ്ഡ ചിത്രം’ എന്ന് വിശേഷിപ്പിക്കുന്ന കാലത്ത്, അക്ഷരാര്‍ത്ഥത്തില്‍ ബ്രഹ്മാണ്ഡചിത്രങ്ങളാണ് ബാഹുബലി ഒന്നും രണ്ടും. കഥാപാത്രങ്ങളായിവരുന്ന കാലകേയ ഗോത്രവിഭാഗത്തിനായി ‘കിളിക്കി’ എന്ന പുതിയൊരു ഭാഷതന്നെ സൃഷ്ടിച്ച സിനിമ (തമിഴ് സിനിമാ ഗാനരചയിതാവ് വൈരമുത്തുവിന്റെ മകന് മദന്‍ കര്‍ക്കിയാണ് ഇതിന്റെ സ്രഷ്ടാവ്), ഗ്രാഫിക് വിസ്മയങ്ങളില്‍ ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളെ മാത്രമല്ല, ഡേവിഡ് കാമറൂണിന്റെ ഹോളിവുഡ് ചിത്രമായ ‘അവതാറി’നെപ്പോലും മറികടന്ന സിനിമ, ബോക്സോഫീസില്‍ 1000 കോടി നേടിയ ആദ്യ ഇന്ത്യന്‍ സിനിമ എന്നിങ്ങനെ ബാഹുബലിക്ക് സവിശേഷതകളേറെയാണ്. എന്നാല്‍ ഇതിനെല്ലാമുപരി ഈ സിനിമ വലിയൊരു സാംസ്കാരിക ദൗത്യവും നിര്‍വഹിക്കുന്നുണ്ട്.
ഇതേക്കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യുന്നില്ല. എന്നോ ഒരിക്കല്‍ ചിത്രീകരിക്കാന്‍ പോകുന്ന സിനിമകളെപ്പോലും കൊണ്ടാടുന്ന ഇടത്-ലിബറല്‍ ബുദ്ധിജീവി വിഭാഗം ഗുണമേന്മയില് ലോകനിലവാരം പുലര്‍ത്തുന്ന ബാഹുബലിയെക്കുറിച്ച് പൊതുവെ മൗനത്തിലാണ്. തിരിച്ചടിയാവുമെന്ന് ഭയന്ന് അമര്‍ഷം പുരണ്ട പ്രതികരണങ്ങളിലൊതുങ്ങുന്നു വിമര്‍ശനം പോലും.
സിനിമയ്ക്കുവേണ്ടി ജീവിക്കുന്നയാളാണ് സംവിധായകനായ രാജമൗലി. സിനിമയ്ക്കായി ഒരു ജന്മം എന്നു പറയുന്നതാവും കൂടുതല്‍ ശരി. രാജമൗലി ഉള്‍പ്പെടെ പ്രതിഭാധനന്മാരുടെ നിരതന്നെ ബാഹുബലിയ്ക്കു പിന്നിലുണ്ട്. എന്നാല്‍ ഇവരൊക്കെ മറ്റ് സിനിമകളിലും പല നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. പക്ഷെ ബാഹുബലിയെപ്പോലെ ചരിത്രപരമായ വിജയംകൊണ്ടുവരാന്‍ ആ സിനിമകള്‍ക്കൊന്നും കഴിഞ്ഞില്ല. അപ്പോള്‍ സാങ്കേതിക മികവിനും നടീനടന്മാരുടെ പ്രകടനങ്ങള്‍ക്കുമപ്പുറം ബാഹുബലിയെ ഒരു ജനത ഒന്നടങ്കമെന്നു പറയാം, ഏറ്റുവാങ്ങുന്നതിന് പിന്നില്‍ നിശ്ശബ്ദമായും നിര്‍ണായകമായും പ്രവര്‍ത്തിക്കുന്ന മറ്റ് ചില ഘടകങ്ങളുണ്ട്.
തെലുങ്കിലാണ് ബാഹുബലി നിര്‍മിച്ചത്. തമിഴിലേക്കും ഹിന്ദിയിലേക്കും മലയാളത്തിലേക്കും ഡബ്ബ് ചെയ്യുകയായിരുന്നു. സാധാരണഗതിയില്‍ ഹിന്ദി ഹൃദയഭൂമിയിലെ സിനിമാ പ്രേക്ഷകര്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ സാംസ്കാരിക പ്രതിനിധാനങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. തെലുങ്ക് സിനിമാതാരങ്ങളുടെ സവിശേഷമായ ആരാധകവൃന്ദത്തെക്കുറിച്ചും അവര്‍ക്കറിയില്ല. എന്നിട്ടും ബാഹുബലിക്ക് ബോളിവുഡില്‍ ഉജ്ജ്വലവരവേല്‍പ്പാണ് ലഭിച്ചത്. അവിടങ്ങളിലെ തീയറ്ററുകളില്‍ ഈ സിനിമ കാണാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി. തെന്നിന്ത്യന്‍ പ്രേക്ഷകരെപ്പോലെ ചിത്രം അടിസ്ഥാനപരമായിത്തന്നെ ഹിന്ദിസിനിമാ പ്രേക്ഷകരിലും ചലനമുണ്ടാക്കി. ബാഹുബലിയുടേത് അത്രയൊന്നും വേറിട്ട ഒരു തിരക്കഥയായിരുന്നില്ല. എന്നിട്ടും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞത് അവരുടെ ഉപബോധമനസ്സില്‍ ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവുമൊക്കെ ചെലുത്തുന്ന സാംസ്കാരിക സ്വാധീനമാണെന്നുവേണം മനസ്സിലാക്കാന്‍.
ബാഹുബലിയില്‍ സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെയും, ശിവകാമിയില് സ്വപുത്രനെ രാജാവാക്കാന്‍ രാമനെ വനവാസത്തിനയച്ച കൈകേയിയുടെയും, ബിജ്ജല ദേവയില്‍ ശകുനിയുടെയും, ബല്ലല ദേവയില്‍ ദുര്യോധനന്റെയും ഗുണഗണങ്ങളാണ് പ്രേക്ഷകര്‍ ദര്‍ശിച്ചത്. കട്ടപ്പയില് കരുത്തിന്റെയും ധര്‍മസങ്കടത്തിന്റെയും പ്രതീകമായ ഭീമന്റേയും, ദേവസേനയില് ദ്രൗപദിയുടെയും നിഴല്‍ വീണുകിടപ്പുണ്ട്.
ബാഹുബലി ഒന്നിന്റെ ആദ്യപകുതി പിന്നിടുന്നതോടെ പ്രേക്ഷക മനസ്സ് ആകാംക്ഷകൊണ്ട് നിറയുകയാണ്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലുടനീളം ഇത് നിലനിര്‍ത്താന്‍ രാജമൗലിക്ക് കഴിയുന്നു. ‘കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്’ എന്ന ചോദ്യത്തിനുത്തരം ആദ്യ ബാഹുബലി കണ്ട അവസാനത്തെയാള്‍ക്കും അറിയണമായിരുന്നു.
രാമായണ-മഹാഭാരത ഇതിഹാസവും, ഹൈന്ദവ പുരാണകഥകളുമായി ബാഹുബലിയുടെ കഥയ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകന് രാജമൗലി തന്നെ സമ്മതിക്കുന്നു. ”എനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ ‘അമര്‍ ചിത്രകഥ’ വായിക്കാന്‍ തുടങ്ങിയതാണ്. അവ ധീരനായകന്മാരെക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല. നാടോടി സാഹിത്യം, പുരാണങ്ങള്‍ എന്നിവയിലെ കഥകളുമുണ്ടായിരുന്നു. ഈ കഥകളിലേറെയും ഇന്ത്യയിലെ ചരിത്രപുരുഷന്മാരെക്കുറിച്ചായിരുന്നു. കോട്ടകള്‍, യുദ്ധങ്ങള്‍, രാജാക്കന്മാര് എല്ലാം എന്നെ വല്ലാതെ മോഹിപ്പിച്ചു. ഞാന്‍ ആ കഥകള്‍ വായിക്കുക മാത്രമല്ല, എന്റേതായ രീതിയില്‍ സുഹൃത്തുക്കള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.”
ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ബാഹുബലിയില്‍ നിറഞ്ഞുനില്ക്കുന്നത് ഹിന്ദുത്വമാണ്. ബോളിവുഡിനെ ബാധിച്ചിരിക്കുന്ന ഹിന്ദുവിരുദ്ധമായ മതേതരത്വത്തിന് ഈ സിനിമ ഒരിക്കല്‍പ്പോലും വഴങ്ങിക്കൊടുക്കുന്നില്ല. ഒന്നാം ഭാഗത്ത് കട്ടപ്പയുടെ പരാക്രമത്തില്‍ അഭിരമിക്കുന്ന ഒരു വിദേശ മുസ്ലിം വ്യാപാരിയുണ്ട്. എന്നാല്‍ രണ്ടാം ഭാഗത്ത് ഈ കഥാപാത്രമേയില്ല. മതേതരപ്രതിച്ഛായ വരുത്താന്‍ കഥയുമായി പൊരുത്തപ്പെടുന്നതല്ലെങ്കിലും മുസ്ലിം കഥാപാത്രങ്ങളെ തിരുകിക്കയറ്റുന്നത് മുഖ്യധാരാ ഇന്ത്യന്‍ സിനിമയുടെ പൊതുരീതിയാണ്. വെറുതെയല്ല, ബാഹുബലി ‘കാട്ടാളന്മാരുടെ ചിത്രീകരണം’ ആണെന്നും, ശിവയും അവന്തികയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ ‘ഏറ്റവും ദൈര്‍ഘ്യമുള്ള ബലാത്സംഗ ദൃശ്യം’ ആണെന്നുമൊക്കെ ചിലര്‍ കുറ്റപ്പെടുത്തിയത്. മുഗള്‍ഭരണകാലത്തെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത കടന്നാക്രമണകാരികളെപ്പോലും സിനിമകളിലൂടെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്ക് ഒരു തിരുത്താണ് ബാഹുബലി.
ചരിത്രത്തില്‍നിന്നും ഇതിഹാസത്തില്‍നിന്നുമൊക്കെ ഇതിവൃത്തം സ്വീകരിച്ചിട്ടുള്ള ഇന്ത്യന്‍ സിനിമകള്‍ നിരവധിയാണ്. പക്ഷെ ബാഹുബലിക്ക് ലഭിച്ച സ്വീകാര്യതയുടെ അടുത്തുപോലും എത്താന്‍ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ബാഹുബലിക്ക് മുന്‍പും പിന്‍പും എന്ന് ഇനി ഇന്ത്യന്‍ സിനിമാ ചരിത്രത്തെ വേര്‍തിരിക്കാം. രാമായണത്തെ ആധുനികകാലത്ത് ജനപ്രിയമാക്കിയ രാമാനന്ദസാഗറിന്റെയും, മഹാഭാരതത്തെ ജനപ്രിയമാക്കിയ ബി.ആര്.ചോപ്രയുടെയും നിരയിലാണ് ഇപ്പോള്‍ ബാഹുബലിയുടെ സംവിധായകന് രാജമൗലിയും. ‘മറ്റൊരാളുടെ കഥ നിങ്ങള്‍ക്ക് ഇഷ്ടമാവുന്നില്ലെങ്കില് സ്വന്തം കഥയെഴുതുക’ എന്ന് പറഞ്ഞത് ബുക്കർ പുരസ്കാരം നേടിയ നൈജീരിയന്‍ നോവലിസ്റ്റ് ചിനു അച്ചബെയാണ്. ബാഹുബലിയിലൂടെ രാജമൗലി സ്വന്തം സിനിമയുണ്ടാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: