തിരുവനന്തപുരം: യുഡിഎഫിലായിരുന്നപ്പോള്‍ അഴിമതി വീരനെന്ന് മുദ്രകുത്തി അശുദ്ധനാക്കിയ ബാലകൃഷ്ണപിള്ളയെ സിപിഎം ഇപ്പോള്‍ വിശുദ്ധനാക്കിയതോടെ അഴിമതിക്കെതിരെയുള്ള അവരുടെ പോരാട്ടത്തിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്.
”തൈലാദി വസ്തുക്കള്‍ അശുദ്ധമായാല്‍ പൗലോസ് തൊട്ടാല്‍ അതു ശുദ്ധമാകും” എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെ ഏത് അഴിമതിക്കാരനെന്ന് മുദ്രകുത്തിയ വ്യക്തിയെയും സിപിഎം തൊട്ടാല്‍ അവര്‍ ശുദ്ധരാകുമെന്ന സന്ദേശമാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്നത്. ഇതോടെ അഴിമതിക്കെതിരെ ശബ്ദിക്കാന്‍ സി.പി.എമ്മിന് ധാര്‍മ്മിക ശക്തി ഇല്ലാതിരിക്കുകയാണെന്നും ഹസന് കുറ്റപ്പെടുത്തി.
അഴിമതിയെയല്ല അഴിമതിക്കാരായി മുദ്രകുത്തിയവരുടെ രാഷ്ട്രീയ ബന്ധത്തെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുന്നത് എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് ആര്. ബാലകൃഷ്ണപിള്ളയ്ക്ക് എല്‍ഡിഎഫ്. സര്‍ക്കാര്‍ നല്കിയ ക്യാബിനറ്റു പദവിയോടുകൂടിയ ചെയര്മാന് സ്ഥാനം. യുഡിഎഫിലായിരുന്നപ്പോഴാണ് ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസ്സില്‍ വി.എസ് അച്ചുതാനന്ദന് ജയിലില്‍ അടപ്പിച്ചത്. എല്‍.ഡി.എഫില്‍ ചേര്‍ന്നതോടെയാണ് വി.എസിന് നല്കിയതുപോലെ ബാലകൃഷ്ണപിള്ളയ്ക്കും ക്യാബിനറ്റുപദവി നല്കി ആദരിച്ചിരിക്കുന്നതെന്ന് ഹസന് പറഞ്ഞു,
അഴിമതിക്കാരനാക്കി മുദ്രകുത്തി അക്രമിച്ച കെ.എം.മാണിയുടെ പാര്‍ട്ടിക്ക് കോട്ടയം ജില്ലാ പഞ്ചായത്തില്‍ വോട്ടുചെയ്ത സി.പി.എം. ന്റെ ആദര്‍ശരാഹിത്യം ഇതിന് സമാനമായ അവസരവാദമാണെന്നും ഹസന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: