കോഴിക്കോട്: ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഇടത് സര്‍ക്കാരിന്റെ നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ളതാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
മുഖ്യമന്ത്രി നിയമസഭയില്‍ കുമ്മനത്തിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചയുടനെ എസ്എഫ്ഐ പ്രദേശിക നേതാവ് പോലീസില്‍ പരാതി നല്‍കിയതില്‍ ഗൂഢാലോചനയുണ്ട്. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. എന്‍ഡിഎ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവര്‍ക്കെതിരെയും തിടുക്കത്തില്‍ നടപടിയെടുത്തതും ഇതിന്റെ ഭാഗമായാണ്.
എന്നാല്‍ ഈ കേസുകള്‍ നിലനില്‍ക്കില്ല. സിപിഎം തകര്‍ച്ച നേരിടുമ്പോള്‍ ബിജെപിയുടെ വളര്‍ച്ചയെ തടയുന്നതിനാണ് സര്‍ക്കാരിന്റെ നടപടി. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ അന്ത്യം കുറിക്കുന്ന സമയം എത്തിയിരിക്കുന്നു. ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ഉദാഹരണമാണ്. ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഭീതി വളര്‍ത്തി പിടിച്ചുനില്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് അവരുടെ ദയനീയാവസ്ഥയാണ് തുറുന്നു കാണിക്കുന്നത്.
വിധി പുറപ്പെടുവിപ്പിച്ച ന്യായാധിപന്മാര്ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോടതി നടപടി നേരിട്ടവരാണ് ഇപ്പോഴത്തെ പല സിപിഎം നേതാക്കളും ഇപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ആപത്ക്കരമാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ ബിജെപി നിയമപരമായി നേരിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: