കോഴിക്കോട്: ഒരുതുണ്ട് ഭൂമിക്കായി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ മുത്തങ്ങയിലും ചെങ്ങറയിലുമടക്കം കുടില്‍ കെട്ടിയപ്പോള്‍ അത് കയ്യേറ്റവും മൂന്നാറിലുള്‍പ്പെടെ ഒരു വിഭാഗം ഭൂമി കയ്യേറിയപ്പോള്‍ അത് കുടിയേറ്റവുമായി മാറുന്നതെങ്ങിനെയെന്ന് വ്യക്തമാക്കണമെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍. ഹിന്ദു അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്കരണം നടപ്പാക്കിയ കേരളത്തില്‍ അടിസ്ഥാന വിഭാഗങ്ങളായ പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. കേരളത്തിലങ്ങോളമിങ്ങോളം ഒരു വിഭാഗം ഭൂമി കയ്യേറിയപ്പോള്‍ കുടിയേറ്റമാക്കി ഭൂമി പതിച്ചുനല്‍കി. കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ ഗുണം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചില്ല. കേരളം ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികള്‍.
വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ ലാപ്സായിപ്പോകുന്നത്. സാമൂഹ്യ തുല്യനീതി ലഭ്യമാകുന്നതിന് വേണ്ടി പ്രക്ഷോഭത്തിനായി മുന്നിട്ടിറങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവകാശ സംരക്ഷണത്തിനായി ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് യാത്ര നടത്തേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച സ്വാഗതസംഘം ചെയര്മാന് അലി അക്ബര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞ് ഒരു വിഭാഗം മാത്രം സുഖിക്കുകയായിരുന്നു ഇവിടെ. ഇടത് വലത് മുന്നണികള്‍ വോട്ട് തട്ടിയെടുക്കുന്നതിനായി ന്യൂനപക്ഷ പ്രീണനം നടത്തി. എന്നാല്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചറിവുണ്ടായിത്തുടങ്ങിയിരിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് അവര്‍ പാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങി. നമ്മുടെ സംസ്കാരത്തിന്റെ നാമ്പുകള്‍ നുള്ളിക്കളഞ്ഞവരാണ് ഇടത്-വലത് മുന്നണികള്‍. ഹൈന്ദവ സംസ്കാരത്തിന്റെ ശത്രുക്കളാണ് ഇരു മുന്നണികളും. ഭാരതത്തില്‍ ജനിച്ചു വളരുന്ന ഓരോരുത്തരും ഈ മണ്ണിനോടും സംസ്കാരത്തോടും സ്നേഹമുള്ളവരായിത്തീരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയ്യേറ്റക്കാരെ കുടിയേറ്റക്കാരാക്കിത്തീര്ത്തത് ഇടത് വലത് മുന്നണികളാണെന്ന് സ്വീകരണത്തിന് മറുപടി പറഞ്ഞ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. മതചിഹ്നങ്ങളുപയോഗിച്ച് നടത്തുന്ന കയ്യേറ്റത്തെ എതിര്‍ക്കാന്‍ വിശ്വാസികള്‍ തന്നെ മുന്നോട്ടുവരണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: