തിരുവനന്തപുരം: ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്നു കാണിച്ച് യുവമോര്‍ച്ച പോലീസില്‍ പരാതി നല്കി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ജനനായകന് പിണറായി, എന്ന ഫെയ്സ്ബുക്ക് പേജിലാണ് മനഃപൂര്‍വം ബിജെപിയെ ആക്ഷേപിക്കുന്ന പോസ്റ്റിട്ടിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവാണ് തിരുവനന്തപുരം ഡിസിപിക്ക് പരാതി നല്‍കിയത്. ആക്സിസ് ബാങ്കിന്റെ ചെക്കുപയോഗിച്ച് വിവാദ വ്യവസായി വിജയ് മല്യ ബിജെപിക്ക് 35 കോടി രൂപ നല്‍കിയെന്ന പോസ്റ്റാണ് പരാതിക്കാധാരം. ഈ ചെക്കും അതിലെ തുകയും ഒപ്പുമൊക്കെ വ്യാജമായി നിര്‍മിച്ചതാണെന്നും പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ മനഃപ്പൂര്‍വം ഉപയോഗിക്കുകയാണെന്നും രാജീവ് ആരോപിച്ചു. ഇത്തരം വ്യാജപ്രചാരണം ക്രിമിനല്‍ ചട്ടപ്രകാരം കുറ്റകരമാണ്.
മുഖ്യമന്ത്രിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫെയ്സ്ബുക്ക് പേജ് അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടുമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരവധി തവണ ഈ പോസ്റ്റ് വ്യാജമാണെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും കമന്റ് ചെയ്തെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു.
ബോധപൂര്‍വം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഈ ഫെയ്സ്ബുക്ക് പേജ് സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ ഐടി ആക്ട്, എന്‍ഐ ആക്ട്, ആര്‍ബിഐ ചട്ടം, ഇന്ത്യന്‍ ശിക്ഷാ നിയമം തുടങ്ങിയ വകുപ്പുകളുപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും രാജീവ് പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: