കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവികസനത്തിനുള്ള പദ്ധതികള്‍ക്ക് രൂപരേഖയായി. കേരളത്തിലെ പൈതൃക നഗരങ്ങളിലും ക്ഷേത്രങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതിയനുസരിച്ചാണ് വികസനത്തിന ്രൂപരേഖ തയ്യാറാക്കിയത്. 6 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം നടപ്പാക്കുന്നത്. പമ്പാനദി ശുചീകരണം, കടവുകളുടെ സംരക്ഷണം, മോടിപിടിപ്പിക്കല്‍, ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള പരിഷ്കരണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം തയ്യാറാക്കിയ പദ്ധതിയുടെ പരിശോധനയും വിലയിരുത്തലും ബോര്‍ഡംഗം അജയ് തറയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആറന്മുളയില് നടന്നു.
ക്ഷേത്ര കടവുമുതല്‍ സത്രകടവ് വരെയുള്ള പമ്പാതീരം വൃത്തിയാക്കി പടവുകള്‍ നിര്‍മ്മിക്കുകയും സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ഇവിടെ ഉദ്യാനം നിര്‍മ്മിക്കും. തകര്‍ച്ചയിലായിരുന്ന മേല്‍ശാന്തി മഠം നവീകരിക്കും. വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്ന മഠം നന്നാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ക്ഷേത്രമുറ്റത്തുണ്ടായിരുന്ന ചരലും മണലും ചെളിനിറഞ്ഞ് താണിരുന്നു. ഇവ കുഴിച്ചെടുത്ത് കഴുകി വൃത്തിയാക്കി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള രണ്ട് സദ്യാലയങ്ങള്‍ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിക്കും. വള്ളസദ്യ, വിവാഹ സദ്യ, ഭജന സദ്യ തുടങ്ങി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഏറ്റവുമധികം സദ്യകള്‍ നടക്കുന്ന ആറന്മുളയില് ഇതിനുള്ള സൗകര്യം പരിമിതമായിരുന്നു. പുതിയ സദ്യാലയങ്ങള്ക്കുപുറമെ പഴയ ഊട്ടുപുരയും ആധുനിക വല്‍ക്കരിക്കും. ശീവേലി പാതയ്ക്ക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനും , പടിഞ്ഞാറു ഭാഗത്ത് നടപ്പന്തല്‍ നിര്‍മ്മിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും പരിസ്ഥിതി സൗഹൃദമാക്കി ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി. രണ്ട് നിലയിലായി ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കും. ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ശങ്കരന്‍പോറ്റി, ഉപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, സെക്രട്ടറി കെ.കെ. രാജന്, കെ.ആര്. രവീന്ദ്രന്‍നായര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: