അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടിയില്‍ പുറമ്പോക്ക് കൈയേറി കുരിശടി നിര്‍മ്മിക്കുന്നു. കൊന്നത്തടി വാത്തിക്കുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിഞ്ചാംകുട്ടി പാലത്തിനോട് ചേര്‍ന്ന് ആറ്റില്‍ നിന്നും 25 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ചാണ് കുരിശടി നിര്‍മ്മിച്ചത്.
ലക്ഷങ്ങള്‍ മുടക്കിയുള്ള നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ ധൃതിയില്‍ വെഞ്ചരിപ്പും നടത്തി. സമീപത്തുള്ള മുന്‍ രാഷ്ടീയ നേതാവിന്റെ പുരയിടത്തിന്റെ ഭാഗമായി കൈവശത്തിലിരുന്ന പുറമ്പോക്കുള്ള ഭൂമിയില്‍ നിന്ന് കുറച്ചു ഭാഗം ബഥേല്‍ സെന്റ് ജേക്കബ് പള്ളിക്ക് കുരിശടി നിര്‍മ്മാണത്തിനായി നല്‍കുകയായിരുന്നു. കൊന്നത്തടി പഞ്ചായത്ത്-വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് നിര്‍മ്മാണം.
പൊതുസ്ഥലങ്ങളില്‍ മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിവിധ നിര്‍മ്മിതികള്‍ക്കും ജില്ലാ കളക്ടറുടെ അനുമതി വേണമെന്നിരിക്കെയാണ് പുറമ്പോക്ക് സ്ഥലത്ത് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കുരിശടി മോടിപിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ തകൃതിയില്‍ നടക്കുകയാണ്. പാലത്തിന്റെ മറുകരയിലും ഇതിന് മുമ്പ് അനധികൃതമായി കുരിശുപള്ളി നിര്‍മ്മിച്ചിട്ടുണ്ട്.
















