കല്‍പ്പറ്റ: നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയോടുള്ള ഇടതു സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ (18)ജില്ലയില്‍ ഹര്‍ത്താലാചരിക്കാന്‍ യുഡിഎഫ്, ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്, ആശുപത്രി, കല്യാണം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിശദ പദ്ധതി രേഖക്കുള്ള(ഡിപിആര്‍) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച പണം നല്‍കാത്ത നടപടി വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് യുഡിഎഫ് ചെയര്മാന് സി.പി. വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ. കരീം എന്നിവര്‍ പറഞ്ഞു. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കുന്നതിനായി ശ്രമിക്കുന്ന തത്പരകക്ഷികള്‍ക്ക് പിന്തുണയാവുന്ന വിധം പദ്ധതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ സബ്മിഷന് റെയില്‍വേയുടെ ചാര്‍ജുള്ള മന്ത്രി ജി. സുധാകരന് നല്കിയ മറുപടി ഇതിന് തെളിവാണ്. കര്‍ണാടക പാതയ്ക്കെതിരാണെന്ന വാദവും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാണിച്ച വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും തെറ്റായിട്ടും നിയമസഭയില്‍ പോലും ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്നത് പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാന് മാത്രമേ ഉപകരിക്കൂ. സര്‍വേക്ക് അനുവദിച്ച പണം പോലും നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംആര്‍സി പദ്ധതിയില്‍ പിന്‍വാങ്ങുകയാണെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സഹാചര്യത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചത്.
ബിജെപി നേതൃയോഗത്തില്‍ സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ പി.കെ. കൃഷ്ണദാസ്, പി.സി. തോമസ്, മാനുവല്‍ കാപ്പന്, പി.ജി. ആനന്ദകുമാര്‍, കെ. സദാനന്ദന്, കെ. മോഹന്‍ദാസ്, റെജി പുത്തലത്ത്, പി.വി. മത്തായി, കെ.എം. ഷാജി, പി.സി. ബിജു, അയൂബ് കെ മുഹമ്മദ്, മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: