അമ്മിഞ്ഞപ്പാലിന്റെ മഹത്വത്തെപ്പറ്റി അറിയാത്തവരുണ്ടാവില്ല. നവജാതശിശുവിന് അതിനോളം മറ്റൊരൗഷധം ഇല്ല. കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും വളര്‍ച്ചയ്ക്കുമെല്ലാം അമ്മിഞ്ഞപ്പാല് അത്യന്താപേക്ഷിതമാണ്. പക്ഷെ നമ്മുടെ നാട്ടില്‍ മുലപ്പാല്‍ വേണ്ട അളവില്‍ കിട്ടാത്ത കുഞ്ഞുങ്ങളും ധാരാളമായുണ്ട്. രക്തദാനം, അവയവദാനം എന്നിവപോലെ തന്നെ പ്രാധാന്യമുണ്ട് മുലപ്പാല്‍ ദാനത്തിനും. ബ്ലഡ് ബാങ്ക് പോലെതന്നെ മില്‍ക് ബാങ്കുകളും മുലപ്പാല്‍ ശേഖരിക്കുന്നതിനായി നമ്മുടെ നാട്ടിലുണ്ട്.
രാജ്യത്ത് പ്രതിദിനം ഏകദേശം 50,000 ശിശുക്കള്‍ ജനിക്കുന്നുണ്ടെന്നാണ് കണക്ക്. പക്ഷെ രാജ്യമെമ്പാടുമുള്ള മില്‍ക് ബാങ്കുകളുടെ എണ്ണമാവട്ടെ പതിനാല്. മില്‍ക് ബാങ്കിന്റെ ആവശ്യകതയെക്കുറിച്ച് നമ്മള് അത്രയേറെ ബോധവാന്മാരല്ല എന്നതുതന്നെ കാരണം. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവിന് ഉത്തമപരിഹാരമാണ് മുലപ്പാല്‍. ഇത് തിരിച്ചറിഞ്ഞാണ് ചെന്നൈ സ്വദേശിനിയായ ശരണ്യ ഗോവിന്ദരാജലു മുലപ്പാല്‍ ദാനം ചെയ്യുന്നതിനായി മുന്നോട്ടുവന്നിരിക്കുന്നത്. രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചശേഷം, കഴിഞ്ഞ രണ്ടുമാസമായി കാഞ്ചി കാമകോടി ചൈല്‍ഡ്സ് ട്രസ്റ്റ് ആശുപത്രിയിലെത്തി മുലപ്പാല്‍ ദാനം ചെയ്യുകയാണ് ശരണ്യ.
രണ്ടാമത് ഗര്‍ഭിണിയായ ശേഷം, ഒരു മുലപ്പാല്‍ ദാനം ചെയ്യുന്ന അമ്മമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ നാച്വറല്‍ പേരന്റിങില്‍ അംഗമായി ശരണ്യ. കുഞ്ഞിനെ മുലപ്പാലൂട്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവതിയായതും അപ്പോഴാണെന്നും ശരണ്യ പറയുന്നു. കുഞ്ഞിന് ജനിച്ച് ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം മതിയാകും. എന്നാല്‍ ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ ചുറ്റുമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മുലപ്പാല്‍ ദാനം ചെയ്യാന്‍ ശരണ്യ സന്നദ്ധയായത്.
തുടക്കത്തില്‍ അതൊരു വെല്ലുവിളിയായിരുന്നെങ്കിലും കുടുംബത്തിന്റേയും ഫേസ്ബുക്ക് കൂട്ടായ്മയുടേയും പിന്തുണ കിട്ടിയതോടെയാണ് തീരുമാനവുമായി മുന്നോട്ടുപോയതെന്നും ശരണ്യ പറയുന്നു. കുഞ്ഞിന് ശരീയായ രീതിയില്‍ മുലയൂട്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ ശരണ്യ മനസ്സിലാക്കിയിരുന്നില്ല. രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോള്‍ ആദ്യമുണ്ടായ അജ്ഞത അവര്‍ തിരുത്തി. സുഹൃത്തായ വാഹിദയില്‍ നിന്നാണ് മുലപ്പാല്‍ ദാനത്തെക്കുറിച്ച് കൂടുതലറിഞ്ഞതെന്ന് ശരണ്യ പറയുന്നു.
തുടക്കത്തില്‍ സ്വന്തം മുലപ്പാല്‍ നല്കുന്നതില് മാത്രമായിരുന്നു ശ്രദ്ധ. പിന്നീട് മില്‍ക്ക് ബാങ്കുകള്‍ക്കുവേണ്ടി സന്നദ്ധപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. അമ്മിഞ്ഞപ്പാല് ദാനം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യുന്നു.
ശരണ്യയുടെ ഭര്‍ത്താവ് പതിവായി രക്തദാനം ചെയ്യുന്ന വ്യക്തിയാണ്.
രക്തദാനത്തിന് ശരണ്യയേയും പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷെ സൂചി കയറുമ്പോഴുള്ള വേദന ഭയമായതിനാല്‍ തനിക്കിന്നോളം രക്തം ദാനം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ശരണ്യ പറയുന്നു. എന്നാലിപ്പോള്‍ മുലപ്പാലെങ്കിലും ദാനം ചെയ്യാന്‍ സാധിച്ചതിലും നിരവധി ശിശുക്കള്‍ക്ക് അത് സഹായകമാകുന്നതിലും ശരണ്യ സന്തോഷിക്കുന്നു.
മുലപ്പാല്‍ എവിടെ സംഭരിക്കുമെന്ന കാര്യം ഒരു വെല്ലുവിളിയായിരുന്നു ശരണ്യയ്ക്ക്. അതൊരിക്കലും പാഴായിപ്പോകരുതെന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരണ്യ കാഞ്ചി കാമകോടി ചൈല്‍ഡ്സ് ട്രസ്റ്റ് ആശുപത്രിയെ സമീപിക്കുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ഇവിടെയെത്തി നൂറ് മുതല്‍ 150 മില്ലി ലിറ്റര്‍ വരെ മുലപ്പാല്‍ ദാനം ചെയ്യുന്നു.
മുലപ്പാല്‍ നല്കിയതിനുശേഷം, തന്റെ ധാരണ മുഴുവന്‍ പൂര്‍ണ വളര്‍ച്ചയെത്തിയതും അതേ സമയം കുഞ്ഞിനെ മുലയൂട്ടുന്നതില്‍ വിഷമത അനുഭവിക്കുന്നതുമായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കാണ് ആ പാല് നല്‍കുന്നതെന്നായിരുന്നു. എന്നാല്‍ ഒരു ദിവസം നവജാത ശിശുക്കളുടെ വാര്‍ഡ് സന്ദര്‍ശിച്ചപ്പോള്‍, അവിടുത്തെ കാഴ്ച ശരണ്യയെ വല്ലാതെ ഉലച്ചു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് സിറിഞ്ചിലൂടെയോ സ്പൂണിലൂടെയോ മുലപ്പാല്‍ നല്‍കുന്നത് കണ്ടപ്പോഴാണ് രാജ്യത്ത് മില്‍ക് ബാങ്കിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം വന്നതെന്നും ശരണ്യ പറയുന്നു. അന്ന് തന്നോടൊപ്പം വന്ന മകളുടെ ആവശ്യവും മുലപ്പാല്‍ ദാനം തുടരണമെന്നാണെന്നും ശരണ്യയിലെ അമ്മ അഭിമാനത്തോടെ വ്യക്തമാക്കുന്നു.
ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് അമ്മമാരുടേയും ആ രാജ്യത്തിന്റേയും സമ്പത്ത്. അതുകൊണ്ടുതന്നെ രക്തദാനം, അവയവദാനം, തലമുടി ദാനം ഇവയൊക്കെപ്പോലെ തന്നെ മഹത്വമുള്ളതാണ് മുലപ്പാല്‍ ദാനവും. ഇത്തരത്തില്‍ മുലപ്പാല്‍ സൂക്ഷിക്കുവാന്‍ മില്‍ക് ബാങ്കുകളുടെ എണ്ണവും വര്‍ധിക്കേണ്ടതുണ്ട്. ഒപ്പം മുലപ്പാല്‍ ദാനത്തെക്കുറിച്ചുള്ള ബോധവത്കരണവും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: