ശ്രീനഗര്‍: ഭീകരരുടെ ഭീഷണി വകവെക്കാതെ പോലീസ് സേനയില്‍ ചേരാന്‍ ആയിരക്കണക്കിന് കശ്മീര്‍ യുവാക്കള്‍ രംഗത്ത്. കശ്മീര്‍ താഴ്‌വരയിലെ ഭക്ഷി സ്റ്റേഡിയത്തില്‍ ശനിയാഴ്ച സേനയില്‍ ചേരാനുള്ള ശാരീരിക ക്ഷമതാ ടെസ്റ്റുകളില്‍ 2000 യുവതീ യുവാക്കളാണ് പങ്കെടുത്തത്. ജമ്മു കശ്മീര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കാണ് ടെസ്റ്റ് നടന്നത്.
സുരക്ഷാസേനകളില്‍ ചേരരുതെന്ന് നിരവധി ഭീകര ഗ്രൂപ്പുകള്‍ കശ്മീര്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭീഷണികളെല്ലാം ഇവര്‍ അവഗണിക്കുകയായിരുന്നു. 698 സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് 67,218 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 35,722 പേര്‍ കശ്മീരില്‍ നിന്നും 31,498 പേര്‍ ജമ്മു മേഖലയില്‍ നിന്നുമായിരുന്നു.
6000 കശ്മീര്‍ പെണ്‍കുട്ടികള്‍ ശാരീരിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തതായി ഡിജിപി എസ്.പി. വൈദ് പറഞ്ഞു. പരമ്പരാഗതമായ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചറിഞ്ഞാണ് പെണ്‍കുട്ടികള്‍ സബ് ഇന്‍സ്‌പെകടര്‍ ടെസ്റ്റിന് പങ്കെടുത്തത്. ഭീകരരുടെ ഭീഷണി നേരിടുവാന്‍ തയ്യാറാണെന്ന് പലരും വ്യക്തമാക്കി. മറ്റ് ജില്ലകളില്‍ ശാരീരീക ക്ഷമതാ ടെസ്റ്റുകള്‍ തുടരും.
















