മുംബൈ: നഗരത്തിലുണ്ടായിരുന്ന 26 പാക്കിസ്ഥാനികളെ കാണാനില്ല. പത്ത് വര്‍ഷത്തിലധികമായി ജുഹുവില്‍ ചായക്കച്ചവടം നടത്തുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ മുങ്ങിയതായാണ് മുംബൈ പോലീസ് നല്‍കുന്ന വിവരം. അന്വേഷണത്തിന് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കഴിഞ്ഞ രണ്ട്, മൂന്ന് ആഴ്ചകളായി ഇവരെ കുറിച്ച് വിവരമില്ല. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ നഗരത്തിലെത്തിയെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാക്കിസ്ഥാനികളെ കാണാതായ സംഭവം പുറത്തുവന്നത്.
പാക്കിസ്ഥാനികള്‍ ഇന്ത്യയിലെത്തിയാല്‍ നല്‍കേണ്ട സി ഫോമില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ല. അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, വ്യക്തികള്‍ക്കൊപ്പമെങ്കില്‍ ആ വിവരം, വരവിന്റെ ഉദ്ദേശ്യം എന്നിവ സി ഫോമില്‍ നല്‍കണം. കാണാതായവര്‍ നല്‍കിയ വിവരം വ്യാജമെന്ന് ഇതോടെ വ്യക്തമായി.
അന്വേഷണത്തിന് ഭീകര വിരുദ്ധ സ്‌ക്വാഡിനെ വ്യത്യസ്ത സംഘങ്ങളായി തിരിച്ചിട്ടുണ്ട്. ഇവര്‍ മുംബൈയിലും സംസ്ഥാനമൊട്ടുക്കും ഹോട്ടലുകളിലടക്കം തെരച്ചില്‍ നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക് ഭീകരര്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയിലാണ് പോലീസ്.
















