ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് മുന്‍മന്ത്രി കപില്‍ മിശ്ര. ദല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന കെജ്‌രിവാളിന്റെ തനിനിറം പുറത്തുവരുമെന്നും നിരാഹാര സമരം തുടരുന്ന കപില്‍ മിശ്ര പറഞ്ഞു.
അതിനിടെ കപില്‍ മിശ്രയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കാനുള്ള ആംആദ്മി പാര്‍ട്ടി എംഎല്‍എ സഞ്ജീവ് ഝായുടെ ശ്രമം പോലീസ് തടഞ്ഞു. കെജ്‌രിവാളിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് കപില്‍ മിശ്രയ്‌ക്കെതിരായ തന്റെ പ്രതിഷേധമെന്ന് സഞ്ജീവ് ഝാ പറഞ്ഞു.
സഞ്ജയ് സിങ്, ആശിഷ് ഖേതന്‍, സത്യേന്ദ്ര ജയിന്‍, രാഘവ് ചദ്‌ന, ദുര്‍ഗ്ഗേഷ് പതക് എന്നിവരുടെ വിദേശയാത്രകളും സാമ്പത്തിക ശ്രോതസ്സുകളും പരിശോധിക്കണമെന്നാണ് കപില്‍ മിശ്രയുടെ ആവശ്യം. അതിനിടെ കപില്‍ മിശ്രയ്‌ക്ക് നേരേ ആക്രമണം നടത്തിയ അങ്കിത് ഭരധ്വാജ് ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്ന് പോലീസ് അറിയിച്ചു.
കെജ്‌രിവാള്‍ എംഎല്‍എമാരെ മറയാക്കി അഴിമതികള്‍ നടത്തുകയാണെന്ന് കപില്‍ മിശ്ര ആരോപിച്ചു. എംഎല്‍എമാരെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
















