ന്യൂദല്‍ഹി: ആം ആദ്മിക്കെതിരെ കൂടുതല്‍ അഴിമതി കഥകള്‍ പുറത്തുവിടുമെന്ന് ആം ആദ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എഎപി മന്ത്രി കപില്‍ മിശ്ര. ആപ്പിനായി വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുതുതായി പുറത്തുവരാന്‍ പോകുന്നതെന്ന് മുന്‍മന്ത്രി അവകാശപ്പെട്ടു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു നേതാക്കന്‍മാര്‍ നടത്തിയ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യമുന്നയിച്ച് ബുധനാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരത്തിലാണ് മിശ്ര. നിരാഹാരമിരിക്കുന്ന മിശ്രക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്നതിനാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
ജലവിഭവവകുപ്പു മന്ത്രിയായിരുന്ന കപില്‍ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ മന്ത്രി സത്യേന്ദ്ര ജയിനില്‍നിന്ന് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മിശ്ര രംഗത്തെത്തി. തുടര്‍ന്ന് ആപ്പിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും മിശ്രയെ പുറത്താക്കിയിരുന്നു. അതിനുശേഷമാണ് മിശ്ര നിരാഹാര സമരം ആരംഭിച്ചത്.
















