കോട്ടയം ജില്ലയിലെ മണര്‍കാട് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി മണര്‍ക്കാട് ഇന്‍ഫന്റ് ജീസസ് സ്കൂളിലെ പഠനകാലത്ത് അധികമാരോടും സംസാരിക്കാത്ത അന്തര്‍മുഖ. അമ്പലവും വീടും പരിസരവും ഇഷ്ടപ്പെട്ട് തന്റേതായ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന രേഖിത ഇന്ന് ഓരോ മലയാളിക്കും സുപരിചിതയായ ഭാമയാണ്. മലയാളിത്തത്തിന്റെ മുഖശ്രീയായി 2007ല്‍ സിനിമാലോകത്തേക്കു ലോഹിതദാസ് കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന ആ പെണ്‍കുട്ടി ഒരിടവേളക്കുശേഷം വീണ്ടും മലയാള സിനിമയിലെ സജീവ സാന്നിധ്യമാവുകയാണ്. ലോഹിതദാസിന്റെ നിവേദ്യത്തിലെ സത്യഭാമയിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ ഭാമ ഇടക്കാലത്ത് പുതിയ കഥാപാത്രങ്ങളെ തേടി അന്യഭാഷകൡ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കുറേയേറെ നല്ല കഥാപാത്രങ്ങളുമായി മലയാളത്തിലേക്കു മടങ്ങി വരികയാണ് ഭാമ.
2007-ല്‍നിന്ന് 2013ലെ ഭാമയ്ക്കുള്ള തമ്മിലുള്ള വ്യത്യാസം
ഒത്തിരിയുണ്ട.് 2007ലെ ഭാമയ്ക്ക് സിനിമയെക്കുറിച്ച് അറിയില്ല. സിനിമയുടെ രീതികള്‍ അറിയില്ല. എങ്ങനെ ഒരു കഥാപാത്രത്തിനായി തയ്യാറെടുക്കണം, കഥാപാത്രത്തെ ഉള്‍ക്കൊള്ളണം എന്നൊന്നുമറിയില്ല. സിനിമ ആഗ്രഹമായി കൊണ്ടുനടന്നതല്ല. പെട്ടെന്ന് കരിയര്‍ മാറി. സിനിമയുമായി പൊരുത്തപ്പെടാന്‍, ഒരു അഭിനേത്രി ആണെന്ന് തോന്നാന്‍ ഒത്തിരിക്കാലമെടുത്തു. 2010 ആയപ്പോഴാണ് ഒരു അഭിനേത്രിയാണ് എന്ന തോന്നല്‍ തുടങ്ങിയത്. തുടക്കത്തില്‍ മുഖഭാവങ്ങള്‍, കോസ്റ്റ്യൂം ഇവയൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. കന്നഡയിലും മറ്റു ഭാഷകളിലും അവസരം കിട്ടുമെന്ന് വിചാരിച്ചിരുന്നതല്ല. സിനിമയെ ഒരു പ്രൊഫഷണല്‍ രീതിയില്‍ സമീപിക്കാന്‍ പഠിച്ചത് അന്യഭാഷകളില്‍ അവസരം ലഭിച്ചപ്പോഴാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ ഈ അവസരങ്ങള്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തു. 2012 മുതല്‍ കഥാപാത്രങ്ങള്‍ ആസ്വദിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്.
മലയാളസിനിമകള്‍ കുറച്ച് അന്യഭാഷാ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതിനുപിന്നില്‍?
ഒരുപോലെയുള്ള വേഷങ്ങള്‍ ഒരേ പാറ്റേണിലുള്ള ചിത്രങ്ങള്‍, പിന്നീട് വരുന്ന കഥാപാത്രങ്ങളും അതുപോലെയായപ്പോള്‍ വേണ്ടെന്നു വച്ചു. കുറെ പണമുണ്ടാക്കാമായിരുന്നു. പക്ഷേ സംതൃപ്തി കിട്ടില്ല. സെലക്ടീവാകുക എന്നതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. മലയാളത്തില്‍ അങ്ങനെ സെലക്ഷന് നടക്കില്ല. തുടര്‍ച്ചയായി പടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ക്യാമറക്കു മുന്നില്‍ നില്‍ക്കാനാകാതെ വരും. ഒരു അഭിനേത്രിയ്ക്കുള്ള അവസരം പരമാവധി 10 വര്‍ഷം വരെയാണ് എന്നാണ് പൊതുവായ കണക്ക്. അതിനിടയില്‍ അവര്‍ തങ്ങളുടെ അഭിനയം മികവുറ്റതാക്കണം. അഭിനയത്തിന് ഇടവേള കൊടുത്താല്‍ ചിലപ്പോള്‍ തിരിച്ചുവരവുണ്ടാകില്ല. അതുകൊണ്ടാണ് അന്യഭാഷാചിത്രങ്ങളില്‍ ശ്രദ്ധ കൊടുത്തത്. ആ തീരുമാനം നന്നായെന്ന് തോന്നുന്നു.
കന്നഡയിലേക്കു തിരിയാന്‍ കാരണം.
തമിഴില്‍ ‘എല്ലാം അവന് ശെയ്യാള്‍’ എന്ന ചിത്രവും തെലുങ്കില്‍ ‘മഞ്ചിവടു’ എന്ന ചിത്രവും മാത്രമാണ് ചെയ്തത്. തെലുങ്കില്‍ ആദ്യ സിനിമ വിജയമായിരുന്നിട്ടും പിന്നീട് താല്പര്യം തോന്നിയില്ല. തെലുങ്കില്‍ സിനിമയ്ക്കുപിന്നില്‍ വാണിജ്യ താല്പര്യം മാത്രമാണുള്ളത്. നായകകേന്ദ്രീകൃത സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് കാര്യമായിട്ടൊന്നും ചെയ്യാനില്ല. കന്നഡയില്‍ മറിച്ചാണ്. അഭിനയത്തില്‍ പ്രൊഫഷണല്‍ സമീപനം ഉള്‍ക്കൊള്ളാന്‍ കന്നഡ സിനിമകള്‍ ഒരുപാട് സഹായിച്ചു. എട്ട് ചിത്രങ്ങള്‍ കന്നഡയില്‍ ചെയ്യാന്‍ കഴിഞ്ഞു. പല കഥാപാത്രങ്ങളും സംതൃപ്തി നല്കുന്നവയായിരുന്നു.
ആട്ടോ രാജയിലെ വിവാദമായ ഗ്ലാമറസ് വേഷം
ഒരു പക്ഷേ ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും എക്സ്ട്രീം ആയ ഗ്ലാമര്‍വേഷം. മറ്റു നാട്ടില്‍ നിന്നെത്തുന്ന നടിമാര്‍ നമ്മുടെ മലയാളത്തിലും ഇതൊക്കെ ചെയ്തിട്ടുണ്ട്. മിക്ക അഭിനേത്രികളും ചെയ്യുന്ന വേഷം തന്നെയാണത്. പക്ഷേ നാടന്‍ പെണ്‍കുട്ടിയുടെ ഇമേജുള്ള ഞാന്‍ ചെയ്തപ്പോള്‍ വിവാദമായി. ജീന്‍സും ടോപ്പുമിട്ട് ഞാന്‍ അഭിനയിച്ചാലും ബുദ്ധിമുട്ടാകും. മലയാളിയുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണത്. ആട്ടോ രാജയില്‍ ആ കഥാപാത്രം അത്തരമൊരു സന്ദര്‍ഭം ആവശ്യപ്പെട്ടതുകൊണ്ടാണ് അങ്ങനെയൊരു വേഷമിട്ടത്. ഒരു ഗ്രാമീണ പെണ്‍കുട്ടി സിനിമയില്‍ വന്നശേഷമുള്ള മാറ്റം പ്രകടിപ്പിക്കാനാണ് അത്തരമൊരു നൃത്തരംഗത്തില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കൊണ്ട് ആ സിനിമയില്‍ മാത്രം ചെയ്തതാണ്. ഇനി അത്തരം വേഷങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.
പുതിയ ചിത്രങ്ങളിലെ പ്രതീക്ഷ
അടുത്തിടെ ഇറങ്ങിയ പരീക്ഷണചിത്രമായ ഡി കമ്പനിയില്‍ നല്ല കഥാപാത്രമായിരുന്നു. ചെറിയ വേഷമാണെങ്കിലും അവതരണരീതി വ്യത്യസ്തമായിരുന്നു. ‘കഥ വീടി’ ലും നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി. ജീവിതത്തില്‍ വ്യത്യസ്ത അനുഭവം പകര്‍ന്നുതന്ന സിനിമയാണ് ഇപ്പോള്‍ കെനിയയില്‍ ചിത്രീകരിച്ച നാക്കു പെന്റാ നാക്കു താക്ക. ‘കൊന്തയും പൂണൂലും’ എന്ന ചിത്രത്തില്‍ ചാക്കോച്ചനോടാപ്പം ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നു. ആദ്യമായാണ് ഇത്രയും പക്വതയുള്ള വേഷം അവതരിപ്പിക്കുന്നത്. രാകേഷ് ഗോപന്റെ സ്ത്രീപക്ഷ സിനിമയായ 100 ഡിഗ്രി സെല്‍ഷ്യസില്‍ വീട്ടമ്മയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നു. ഇതും വളരെ ശക്തമായ കഥാപാത്രമാണ്.
ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമയാണ് തമിഴിലും ഇംഗ്ലീഷിലും ജ്ഞാന രാജശേഖര്‍ നിര്‍മ്മിക്കുന്ന ‘രാമാനുജന്’. ഇതില്‍ ശ്രീനിവാസ രാമാനുജന്റെ ഭാര്യയായ ജാനകിഅമ്മയായി വേഷമിടുന്നു. കേരളത്തില്‍ കളക്ടറായിരുന്ന വ്യക്തിയാണ് ജ്ഞാനരാജശേഖര്‍. എന്റെ ആദ്യചിത്രമായ ‘നിവേദ്യം’ അദ്ദേഹം കണ്ടിരുന്നു. സത്യഭാമയുടെ നിഷ്കളങ്കമായ മുഖമാണ് ജാനകിയിലേക്ക് എത്തിച്ചെന്നത് അദ്ദേഹം പറഞ്ഞത് വളരെയധികം സന്തോഷിപ്പിച്ചു. എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രമാകും ജാനകി. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയുടെ തമിഴ് പതിപ്പ് ജനുവരിയിലും ഇംഗ്ലീഷ് പതിപ്പ് ഏപ്രിലും പുറത്തിറങ്ങും. ‘രാമാനുജനി’ ലൂടെ ആദ്യമായി ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്യാനും കഴിഞ്ഞു.
നാക്കു പെന്റ നാക്കു താക്കയും കെനിയന്‍ യാത്രയും
വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്യുന്ന ‘നാക്കു പെന്റ നാക്കു താക്ക’ ആഫ്രിക്കയില്‍ നടക്കുന്ന സംഭവങ്ങള്‍ പ്രമേയമാക്കിയുള്ള ചിത്രമാണ്. ‘ഐ ലവ് യു ഐ നീഡ് യു’ എന്നതാണ് പേരിന്റെ ഉള്ളടക്കം. അവിടത്തെ പ്രാദേശികഭാഷയായ സ്വാഹിലിയില്‍ നിന്നുള്ളതാണ് ‘നാക്കു പെന്റനാക്കു താക്ക’.
വളരെ പുതുമയുള്ള കഥാപാത്രമാണ് ചിത്രത്തിലേത.് വരന് ആഫ്രിക്കയില്‍ ജോലിചെയ്യുന്നുവെന്നപേരില്‍ മാത്രം കല്യാണം നിരസിക്കുന്ന നിരവധി മലയാളി പെണ്‍കുട്ടികള്‍ ഇന്നുണ്ട്. അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ട പെണ്‍കുട്ടിയെ വിവാഹശേഷം ഭര്‍ത്താവായ ഇന്ദ്രജിത്തിന്റെ കഥാപാത്രം ആഫ്രിക്കയിലേക്കു കൊണ്ടുപോവുകയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്.
ഒരുമാസം കെനിയയിലായിരുന്നു ഷൂട്ടിംഗ്. ആഫ്രിക്കയെയും കെനിയയെയും കുറിച്ച് ഒരുപാട് പേടിപ്പെടുത്തുന്ന കഥകള്‍ കേട്ടിരുന്നു. എസ്.കെ. പൊറ്റെക്കാടിന്റെ ‘കാപ്പിരികളുടെ നാട്ടില്‍’ വായിച്ചതിന്റെ ഓര്‍മ്മ മാത്രമായിരുന്നു മനസില്‍. ഇന്ദ്രജിത്ത്, മുരളി ഗോപി, അനുശ്രീ, ശങ്കര്‍, സുധീര്‍ കരമന, സുനില്‍ സുഗതന് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ജയറാമിനെയും പാര്‍വ്വതി ചേച്ചിയെയും കണ്ടു. കെനിയയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ കെനിയയില്‍ തങ്ങള്‍ പോയപ്പോള്‍ പല പേടിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളുണ്ടായതായും സൂക്ഷിക്കണമെന്നും പറഞ്ഞു. അതോടെ ഭീതി ഇരട്ടിയായി. കെനിയയിലെ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി. വളരെ ചെറിയ എയര്‍പോര്‍ട്ട്. യാതൊരു ലക്ഷ്വറി സംവിധാനങ്ങളുമില്ല. സാധാരണ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ എയര്‍ബേയില്‍നിന്നും പുറത്തെത്തിക്കാന്‍ ബന്ധുക്കളുണ്ടാവും. ഇവിടെ ഒരു ക്യാബിന്റെ മാതൃകയിലുള്ള പ്രതേ്യകതരം വാനാണ് വന്നത്. ഇതു കണ്ട ഇന്ദ്രന് നമ്മളെ കാടിനുള്ളിലൂടെ കൊണ്ടുപോയി ചുറ്റിപ്പിച്ചിട്ടേ പുറത്തേക്കുകൊണ്ടുപോകൂ എന്നു പറഞ്ഞു. ഞാനത് വിശ്വസിക്കുകയും ചെയ്തു. എന്നെ വിരട്ടാന്‍ പറഞ്ഞതാണിതെന്ന് പിന്നീടാണ് മനസ്സിലായത്.
ശരിക്കും ഞെട്ടിയത് കെനിയിലെത്തിയ ആദ്യദിനങ്ങളിലായിരുന്നു. ഒറ്റയ്ക്ക് പുറത്തുപോകാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഷൂട്ടിംഗ് അധികവും നിശ്ചയിച്ചിരുന്നത് നെയ്റോബിയിലും മസൈമാറായിലുമായിരുന്നു. കെനിയയിലെത്തിയപ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ആശങ്കയുണര്‍ത്തിയ സംഭവമായിരുന്നു വെസ്റ്റ് ഗേറ്റ് മാളിലെ തീവ്രവാദി ആക്രമണം. ആക്രമണം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് സംവിധായകന് വയലാര്‍ മാധവന്‍കുട്ടിയും ക്യാമറാമാന് കൃഷ് കൈമളും മാള്‍ വിട്ടത്. മാളില്‍വച്ച് ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ആക്രമണദിവസം മാളില്‍ ഷോപ്പിംഗ് നടത്താനും പദ്ധതിയിട്ടിരുന്നു. സംഭവം എല്ലാവര്ക്കും വലിയ ഷോക്കായിരുന്നു. പിന്നീട് ഷൂട്ടിംഗിലുടനീളം അവിടത്തെ പോലീസിന്റെ സഹകരണമുണ്ടായിരുന്നു.
മറക്കാനാവാത്ത അനുഭവങ്ങള്‍
സിനിമയില്‍ എമ്മ എന്ന കഥാപാത്രമുണ്ട്. വളരെ പ്രാധാന്യമുള്ള വേഷമാണിത്. ഇതിനായി സംവിധായകന് ഇന്റര്‍വ്യൂ നടത്തി ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയായ ലില്ലിയന്‍ എന്ന അവിടത്തെ സ്ത്രീയെയാണ് തെരഞ്ഞെടുത്തത്. സിനിമയിലെ കഥാപാത്രത്തിന്റെ പേരായ എമ്മ എന്നുതന്നെയാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗമായി. അവര്‍ക്ക് ഷൂട്ടിംഗില്ലാത്ത ദിനങ്ങളില്‍പോലും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഒരു പ്രൊഡക്ഷന്‍ മാനേജരുടെ റോളിലേക്ക് അവര്‍ പെട്ടെന്നു മാറി. ഞങ്ങളുടെ യാത്രകള്‍ക്കൊപ്പം ഏതാവശ്യത്തിനും അവരുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാന്‍ നേരം വളരെ വിഷമമായിരുന്നു. എല്ലാവര്ക്കും സമ്മാനമായി അവിടത്തെ പതാകയുടെ ചിത്രമുള്ള ബാന്റ് വാങ്ങി കൈയില്‍കെട്ടി കൊടുത്തശേഷമാണ് അവര്‍ യാത്രപറഞ്ഞത്. എമ്മയെ ഒരിക്കലും മറക്കാനാവില്ല.
ആദ്യമായി ഒരു സിനിമയുടെ ചര്‍ച്ചയില്‍ സീരിയസായി പങ്കെടുക്കാനും സാധിച്ചു. സിനിമയിലെ മുഴുവന്‍ അംഗങ്ങളും ഷൂട്ട് കഴിഞ്ഞ് സിനിമയെക്കുറിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെടാറുണ്ട്. ഒരു ടീം വര്‍ക്കായിട്ടാണ് സിനിമ മുന്നോട്ടുപോയത്. പുതിയ അന്തരീക്ഷത്തില്‍ നല്ലൊരു കൂട്ടായ്മയായിരുന്നു അത്. അതിന്റെ റിസല്‍ട്ട് സിനിമയിലുണ്ടാകും.
ഭാമയിലെ ഗായികയെക്കുറിച്ച്
സിനിമയില്‍ പാടണമെന്നത് ഒരാഗ്രഹമാണ്. മായാമാധവം എന്ന ഭക്തിഗാന ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. ആദ്യത്തെ പാട്ട് ശ്രദ്ധിക്കപ്പെടണമെന്നതുകൊണ്ട് വന്ന ചില അവസരങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പാട്ട് പാടിയിട്ട് കാര്യമില്ല. നല്ലൊരു പാട്ടിനുവേണ്ടി കാത്തിരിക്കുകയാണ്.
മനസിലുള്ള കഥാപാത്രങ്ങള്‍
ഉര്‍വശിയും രേവതിയും ശോഭനയുമെല്ലാം ചെയ്തതുപോലുള്ള കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ചിരിപ്പിക്കുന്നതും അതോടൊപ്പം അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അത്തരം തിരക്കഥകള്‍ ഇന്ന് കുറവാണ്. പക്ഷേ മാറ്റം സിനിമയിലും വന്നു തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷയുണ്ട്.
വിവാഹം
ഉടനെയില്ല. സിനിമ മാത്രമാണ് മനസില്‍. 2014 മികച്ച വര്‍ഷമായിരിക്കണം. മലയാളത്തില്‍ കൂടുതല്‍ പ്രോജക്ടുകള്‍ ചെയ്യണം. അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ ആസ്വദിച്ച് ചെയ്യണം. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഇരട്ടിയാണ്. അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ല.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: