കൊച്ചി: അഭിനയിക്കാന്‍ വെള്ളിത്തിരയിലെത്തിയ ശാലു മേനോന് എന്ന നര്‍ത്തകിക്ക് അത്ര ശ്രദ്ധേയമായ റോളുകളൊന്നും കിട്ടിയെന്നു പറയാനാവില്ല. എന്നാല്‍ ഗൃഹ സദസ്സുകളില്‍ ശാലു ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മേഘം എന്ന ടിവി സീരിയലില്‍ ശാലു ജീവന് കൊടുത്ത നാത്തൂന് കഥാപാത്രം സ്ത്രീ ക്രൂരതയുടെ എല്ലാ ദുഷ്ടതകളും വെളിപ്പെടുത്തുന്നതായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ യാത്രക്കിടെ റയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടിയ ഒരമ്മ ശാലുവിനെ തല്ലാന്‍ ചെന്നത്. പെണ്ണായാല്‍ ഇത്രക്കു ദുഷടത പാടില്ലെന്നായിരുന്നു ആ നാട്ടിന്പുറത്തുകാരി അമ്മയുടെ ആക്രോശം.
അഭിനേത്രി, നൃത്താധ്യാപിക തുടങ്ങി സമൂഹത്തിന് മുന്നില്‍ പ്രശസ്തയാകാന്‍ വേണ്ട യോഗ്യതയെല്ലാം ഉണ്ടായിരുന്നിട്ടും നടി ശാലു മേനോന് ഇപ്പോള്‍ പക്ഷേ റീല്‍ ലൈഫില്‍നിന്ന് റിയല്‍ ലൈഫിലെത്തിയിരിക്കുന്നത് വലിയ തട്ടിപ്പുകാര്‍ക്ക് ഒത്താശചെയ്തവളെന്ന പ്രതിച്ഛായയുമായാണ്. അഭിനയത്തില്‍ ശാലു പോലീസ് ഓഫീസറുടെ വേഷം കെട്ടിയിട്ടുണ്ട്. അപ്പോഴും അതു ദുഷ്ടത പെരുത്ത നിയമപാലികയായിട്ടായിരുന്നു. എന്നാല്‍ ഭക്തി-പുരാണ സീരിയലുകളിലും ശാലു വേഷമിട്ടു. നമഃ ശിവായയില്‍ അവര്‍ പാര്‍വതിയായിരുന്നു. ശ്രീ ഗുരുവായൂരപ്പനിലും ശാലു നല്ല റോളിലെത്തി.
എന്നാല്‍ മോശമല്ലാത്ത അഭിനയശേഷിയും നൃത്തവും എല്ലാം കൈമുതലായുണ്ടായിട്ടും അഭിനയരംഗത്ത് മികവാര്‍ന്ന പ്രകടനങ്ങളൊന്നും കാഴ്ച വയ്ക്കാന്‍ സാധിക്കാതെ പോയ നടിമാരുടെ ഗണത്തിലാണ് ശാലു മേനോന്. കഴിഞ്ഞ 15 വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്ന ശാലു സിനിമയേക്കാള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് സീരിയലിലായിരുന്നു.
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത നിത്യ ദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സീരിയലില്‍ ദുഷ്ടയായ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ശാലുവിനെ ഇപ്പോള്‍ യഥാര്‍ത്ഥ പോലീസ് കസ്റ്റഡിയിലെടുക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.
സിനിമയിലാണെങ്കില്‍ സഹനടിയായി തിളങ്ങാനുള്ള അവസരവും ഇവര്‍ക്ക് കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളു. കാണാക്കുയില്‍, എന്നും സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, പരിണാമം, കിസാന്‍, പാതിരാമണല്‍ തുടങ്ങിയ ചിത്രങ്ങളിലും അലകള്‍, ആലിപ്പഴം, സൂര്യോദയം, ദാമ്പത്യഗീതങ്ങള്‍, കായംകുളം കൊച്ചുണ്ണി, കടലിനക്കരെ, സ്വാമി അയ്യപ്പന്, ഓമനത്തിങ്കള്‍ പക്ഷി, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സീരിയലുകളിലുമാണ് ശാലു അഭിനയിച്ചിട്ടുള്ളത്. പ്രമുഖ നര്ത്തകന് തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ കൊച്ചുമകളായ ശാലു, പ്രശസ്ത നര്‍ത്തകി ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യകൂടിയാണ്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: