കൊച്ചി: തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ കൊച്ചിയിലെത്തി. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം രണ്ടിന്റെ ട്രെയിലര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെത്തിയത്. ഇന്നലെ ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അഞ്ച് ട്രെയിലറുകള്‍ പ്രദര്‍ശിപ്പിച്ചു.
2010ല്‍ സൂര്യയെ നായകനാക്കി ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് സിങ്കം രണ്ട്. ഹരി തന്നെയാണ് സിങ്കം രണ്ടിന്റെയും സംവിധായകന്. ദുരൈസിങ്കം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു സിങ്കം. ഈ വിജയം തന്നെയാണ് സിങ്കം രണ്ട് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നിര്‍മ്മാതാവ് എസ്. ലക്ഷ്മണ് പറഞ്ഞു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന സിങ്കം രണ്ട് ഇന്ത്യയിലും വിദേശത്തുമായി ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്. 15 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച സിങ്കം ഒന്ന് ബോക്സ്ഓഫീസില്‍ 85 കോടിയാണ് വാരിക്കൂട്ടിയത്. സിങ്കം രണ്ടും ഇത്തരത്തില്‍ വലിയ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൂര്യ പറഞ്ഞു. സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്നും, അത് കേരളത്തിലായതിനാല്‍ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. തന്നെ പിന്തുണക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. കേരളത്തിലെ ജനങ്ങള്‍ അളവില്ലാത്ത സ്നേഹവും ബഹുമാനവുമാണ് തനിക്കിതുവരെ തന്നിട്ടുള്ളത്. നല്ല തിരക്കഥയും, സംവിധായകരും ഉണ്ടായാല്‍ മലയാള സിനിമയില്‍ ഒരു കൈ നോക്കാമെന്നും സൂര്യ വ്യക്തമാക്കി. ഫാസിലിന്റെ സംവിധാനത്തില്‍ അഭിനയിക്കണമെന്നുണ്ടെന്നും സൂര്യ പറഞ്ഞു. ന്യൂ ജനറേഷന് സിനിമകള്‍ മലയാള സിനിമയില്‍ ചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സൂര്യ ചൂണ്ടിക്കാട്ടി.
മുഴുവന്‍ സമയം വിനോദത്തിനപ്പുറം നിരവധി ഉത്തരവാദിത്തങ്ങളുള്ള സിനിമയാണ് സിങ്കം രണ്ട്. അന്തര്‍ദേശീയ ബന്ധങ്ങളുടെ നേര്‍ക്കാഴ്ചയും സിനിമയില്‍ വരച്ചുകാട്ടുന്നുണ്ട്. എല്ലാ പ്രായക്കാര്‍ക്കും തീയറ്ററിലെത്തി കാണാന്‍ കഴിയുന്ന സിനിമയാണിതെന്നും സൂര്യ പറഞ്ഞു. അനുഷ്ക ഷെട്ടി, ഹന്‍സിക എന്നിവരാണ് സൂര്യയുടെ നായികമാരായി എത്തുന്നത്. വിവേക്, സന്താനം, നാസര്‍, വിജയകുമാര്‍, റഹ്മാന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിദേശ നാടക നടനായ ഡാനി സപാനിയാണ് സിങ്കം രണ്ടിലെ പ്രധാന വില്ലന്‍. ഡാനിയുടെ ആദ്യ സിനിമ എന്ന പ്രത്യേകതയും സിങ്കം രണ്ടിനുണ്ട്. ജൂണ്‍ അവസാനവാരം സിനിമ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: