ആലപ്പുഴയിലെ പ്രമുഖ ബിസിനസ്സുകാരനായ ടി. ആര്. ഗോപാലകൃഷ്ണപിള്ളയുടെ മകളായിരുന്ന ഓമന സിനിമാരംഗത്തെത്തിയതുതന്നെവിധി എന്നേ പറയാനാവൂ. നാടാകാഭിനയവും സിനിമാഭിനയവും മോശമായിക്കണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചും.
പണ്ടൊക്കെ സിനിമകള്‍ക്ക് സെറ്റ് തയ്യാറാക്കിയിരുന്നത് സ്റ്റുഡിയോയില്‍ ആയിരുന്നു. അച്ഛന്റെ മരക്കടയില്‍ സെറ്റ് നിര്‍മാണത്തിന് ആവശ്യമായ തടി വാങ്ങാന്‍ വന്ന സിനിമാനിര്മാതാവിന്ഓമനയുടെ ഓമനത്വത്തില്‍ താല്പര്യം തോന്നി. അന്ന് ഓമനയ്ക്ക് വയസ്സ് 11. അഭിനയത്തിലും നൃത്തത്തിലുമുള്ള ഓമനയുടെ ശോഭനമായ ഭാവി അദ്ദേഹം മുന്‍കൂട്ടി കണ്ടു. അഭിനയരംഗത്തേക്ക് പ്രവേശിക്കാനുള്ള മകളുടെ തീരുമാനം അച്ഛനെ ധര്‍മസങ്കടത്തിലാക്കി. എങ്കിലും അനുമതി നല്കി. അങ്ങനെ 1950ല്‍ പ്രേമലേഖനം എന്നചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. ഉദയാസ്റ്റുഡിയോവില്‍ ആയിരുന്നു ചിത്രീകരണം.
അടൂര്‍പങ്കജവും എസ്.പിള്ളയും ആയിരുന്നു നായിക-നായകന്മാര്. പിന്നീട് തിരുവനന്തപുരത്തെ മെരിലാന്റ് സ്റ്റുഡിയോവില്‍ ലോകനീതി എന്ന ചിത്രത്തിന്റെ നൃത്തരംഗത്തിലാണ് ഓമന പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് അക്കാലത്തെ പ്രസിദ്ധ സംവിധായകനായ സുബ്രഹ്മണ്യത്തിന്റെ പൊന്കതിരിലും ഓമന വേഷമിട്ടു. പ്രേംനസീറും ലളിതയും ആയിരുന്നു അതിലെ നായികാനായകന്മാര്. പുത്രധര്‍മത്തിലാണ് ഓമന നായികയായത്. നാടകവും നൃത്തവും സിനിമയുമായി ഇഴുകിച്ചേര്‍ന്നു ഓമന. അമ്മയുടെ മരണം നാലു വര്‍ഷത്തെ ഇടവേള നല്കി. അമ്മയുടെ വേര്‍പാടോടെ അച്ഛന് സാമ്പത്തികമായും മാനസികമായും തകര്‍ന്നു. അഭിനയത്തില്‍നിന്ന് വിട്ടുനിന്നെങ്കിലും നൃത്തപരിപാടികളില്‍ ഓമന സജീവമായിരുന്നു.
മലയാളസിനിമകള്‍ മദിരാശിയില്‍ ആണ് ചിത്രീകരിച്ചിരുന്നത്. അച്ഛന്റെ സുഹൃത്ത്, മദിരാശിയില്‍ പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രത്തില്‍ അവസരമുണ്ടെന്നും അവസരങ്ങള്‍ കൂടുതലും മദിരാശിയിലായതുകൊണ്ട് കുടുംബത്തോടെ അങ്ങോട്ട് താമസം മാറാനും നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയായ മകളെ തനിയെ വിടാന്‍ മനസ്സ് അനുവദിക്കാത്ത അച്ഛന് മകള്‍ക്ക് വേണ്ടി മദിരാശിയെന്ന മഹാനഗരത്തില്‍ ചേക്കാറാന്‍ തീരുമാനിച്ചു. അമ്മയുടെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിലെ എല്ലാവര്ക്കും ഒരുകൂടുമാറ്റം അനിവാര്യമായിരുന്നു. ആലപ്പുഴയിലെ വീടുംസ്ഥലവും കടകളും ഒറ്റക്ക് കൊടുത്ത് ആ കുടുംബം മദിരാശിയുടെ ഭാഗമായി. ആലപ്പുഴയില്‍നിന്നും കെട്ടിടവാടകഇനത്തില് നല്ലൊരു വരുമാനം ഉറപ്പാക്കിയിരുന്നു. 1962 ല്‍ കോടമ്പാക്കത്ത് എത്തി. പ്രതീക്ഷിച്ച പുതിയ ആകാശവും പുതിയ ഭൂമിയും അത്ര എളുപ്പം കരഗതമായില്ല. ആ സിനിമയില്‍ അവസരം ലഭിച്ചില്ല. അടുത്ത പടത്തില്‍ പരിഗണിക്കാമെന്നയിരുന്നു നിര്‍മാതാവിന്റെ നിര്‍ദ്ദേശം. അദ്ദേഹംതന്നെ മറ്റൊരു നിര്‍മാതാവായ സത്യപാലനെ പരിചയപ്പെടുത്തിക്കൊടുത്തു. സത്യപാലിന്റെ ഭാര്യയായ കുമാരി തങ്കം ഓമനയുടെ സുഹൃത്തായിരുന്നു. അങ്ങനെ അഞ്ച് സീനുകളില്‍ വരുന്ന അമ്മയുടെ വേഷമാണ് ഇരുപത് തികയാത്ത ഓമനയ്ക്ക് നിര്‍മാതാവ് നല്‍കിയത്.
വിങ്ങിപ്പൊട്ടുന്ന മനസ്സുമായി അവിടെനിന്ന് ഇറങ്ങിയ ഓമനയെ അച്ഛന് ആശ്വസിപ്പിച്ചു. ഒരു കലാകാരി ഒരിക്കലും അഭിനയത്തിലെ കഥാപാത്രങ്ങളുടെ പ്രായത്തിലല്ല മറിച്ച് അവരുടെ അഭിനയസാധ്യതകളെയാണ് ശ്രദ്ധിക്കേണ്ടത് എന്ന അച്ഛന്റെ ഉപദേശം ഓമനയില്‍ പ്രത്യാശ വളര്‍ത്തി. സഹസംവിധായകനും ഹാസ്യസാമ്രാട്ടുമായ അടൂര്‍ഭാസിയുടെ നിര്‍ബന്ധവും അമ്മ വേഷം ചെയ്യാന്‍ ഓമന തീരുമാനിച്ചു. അങ്ങനെ വേലുത്തമ്പി ദളവയിലെ മദ്ധ്യവയ്സക്കയ്ക്ക് വേണ്ടി ഓമന ചായം തേച്ചു. ഓമന നായികയായ പുത്രധര്‍മത്തിലെ ചമയക്കാരന്‍ ആയിരുന്നു വേലുത്തമ്പിദളവയിലേതും. നായികയില്‍ നിന്നും മദ്ധ്യവയസ്ക്കയിലേക്കുള്ള ഓമനയുടെ പരിണാമം അയാളില്‍ അത്ഭുതം ഉണ്ടാക്കി. ഈ സംഭവം ഓമനയിലും നൊമ്പരം ഉണര്‍ത്തി. അപ്പോള്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ഓമനയെ കാത്തിരിക്കുന്നുണ്ടെന്നും അമ്മവേഷം ഒരിക്കലും തന്റെ പ്രതിച്ഛായയെ ബാധിക്കില്ല എന്ന അടൂര്‍ഭാസിയുടെ ആശ്വാസവചനങ്ങള്‍ ഓമനക്ക് പ്രതീക്ഷയേകി.
വേലുത്തമ്പി ദളവ നൂര്ദിവസം പിന്നിട്ടത് ചരിത്രസംഭവമായിരുന്നെങ്കിലും അമ്മ വേഷത്തില്‍ ഓമന മുദ്രകുത്തപ്പെടുകയായിരുന്നു. പിന്നീടുള്ള മുപ്പത്വര്ഷക്കാലവും ഓമനയെ അവസരങ്ങള്‍ തേടിയെത്തി. 1961 മുതല്‍ 1991 വരെ അഭിനയരംഗത്ത് സജീവമായ ഓമന വര്‍ഷത്തില്‍ ഇരുപത് സിനിമകള്‍വരെ ചെയ്തിരുന്നു. വിഗ് ഇല്ലാതിരുന്ന അന്ന് തന്റെ ഇടതൂര്‍ന്ന മുടി വെളുപ്പിച്ചത് സില്ക്കിവൈറ്റ് എന്ന ചായം തേച്ചാണ്. ഇത് മൂന്ന് മണിക്കൂര്‍ നേരത്തെ കഠിനപ്രയത്നത്തിലൂടെയാണ് വൃത്തിയാക്കുന്നത്. പിന്നീട് നര ഇല്ലാതെ ക്യാമറക്ക് മുന്പില് നില്ക്കാന് പറ്റാത്ത അവസ്ഥയായി.
അഭിനയത്തന് പുറമെ ഡബ്ബിംഗ് രംഗത്തും സാന്നിദ്ധ്യം അറിയിച്ചു. ചെറുപ്പം മുതല്‍ ആകാശവാണിയിലെ കലാകാരിയായിരുന്നു. ശാന്തിനിവാസ് എന്ന തെലുങ്ക്സിനിമയുടെ മലയാളമൊഴിമാറ്റത്തിലൂടെ ടി. ആര്. ഓമനയുടെ ശബ്ദസൗകുമാര്യം മലയാളികള്‍ തിരിച്ചറിഞ്ഞു. ഇതിലൂടെ ഓമന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന പ്രശസ്തിയും നേടി. പ്രമുഖരായ അന്നത്തെ നായികമാര്‍ക്ക് ശബ്ദം കൊടുത്ത് വെള്ളിത്തിരിയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി. നടി ശാരദക്കാണ് ഏറ്റവും കൂടുതല്‍ ശബ്ദം കൊടുത്തത്. അതിലൂടെ അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി. അവസാനമായി ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലാണ് ശാരദക്ക് ശബ്ദം കൊടുത്തത്. അവസാനമായി അഭിനയിച്ച സിനിമ മേഘം ആയിരുന്നു. മൂന്ന് പതിറ്റാണ്ട് സിനിമാലോകത്തിന്റെ ജീവബിന്ദുവായ ഓമന മലയാള സിനിമാതറവാട്ടിലെ അമ്മയാണ്. ഇതരഭാഷാ ചിത്രങ്ങളോട് താല്‍പ്പര്യമില്ലാതിരുന്ന ഓമന 500 മലയാളസിനിമകളില്‍ അഭിനയിച്ചു. മറ്റ് ഭാഷകളില്‍നിന്നും അവസരങ്ങള്‍ വന്നിട്ടും മലയാളത്തെ മാത്രം സ്നേഹിച്ച അമ്മയാണ് ടി.ആര്.ഓമന. 1992ല്‍ സംസ്ഥാന അവാര്‍ഡ് കമ്മറ്റിയിലെ ജൂറി ആയിരുന്നു ഓമനയുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റിന് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുടുംബപ്രാരബ്ധങ്ങളില് സ്വന്തം ജീവിതത്തെക്കുറിച്ച് ഓര്‍ക്കാതെപോയ ഓമന സംതൃപ്തയാണ്. നാല് അനുജത്തിമാരും അവരുടെ കുടുംബാംഗങ്ങളും തനിക്ക് തരുന്ന സ്നേഹവാത്സല്യങ്ങള്‍ ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാക്കുന്നില്ല. മലയാളസിനിമാത്തറവാട്ടിലെ അമ്മയാകാന്‍ ഓമന കാത്തിരിക്കുന്നു.
ഷൈലാമാധവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: