റിഡ്ജ് ഈവന്റ് ആന്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ആര്.കെ.കുറുപ്പ് നിര്‍മിച്ച് വി.ആര്.ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്ലൈറ്റ്.
സമൂഹം അനാഥരാക്കിയ ഒരു കൂട്ടം പെണ്‍കുട്ടികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രത്തില്‍ മുല്ലപ്പൂക്കളെ സ്നേഹിക്കുന്ന ഹിമ എന്ന കഥാപാത്രമായി വേഷമിടുന്നത് അപര്‍ണ്ണ നായരാണ്. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമയിലെത്തിയ അപര്‍ണ്ണയ്ക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്ന ഹിമ. ഹിമയുടെ ജീവിതത്തിലെ 18, 22, 28, 32, 38 തുടങ്ങിയ അഞ്ച് കാലഘട്ടങ്ങളെയാണ് അപര്‍ണ്ണ നായര്‍ അവതരിപ്പിക്കുന്നത്.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ‘ഒരു പെണ്ണും പറയാത്തത്’ എന്ന നോവലിന്റെ സ്വതന്ത്രചലച്ചിത്രാവിഷ്ക്കാരമായ സ്ട്രീറ്റ്ലൈറ്റില്‍ കേരള വനിത വിമോചനവേദി ചെയര്‍പേഴ്സണ്‍ ഡോ.സരളാദേവിയായി വേഷമിടുന്നത് മായാവിശ്വനാഥാണ്.
നിഴലുകള്‍ക്കിടയില്‍ അഭയം നഷ്ടപ്പെടുന്ന ദേവികയമ്മയായി സുനിതയും തെരുവിന്റെ സന്തതിയായ മണിക്കുട്ടിയായി ബേബി നവനി ദേവാനന്ദും വേഷമിടുന്നു.
മകളില്‍ മുല്ലപ്പൂവിന്റെ ഗന്ധം തിരയുന്ന ഒരച്ഛന്റെ പ്രതീകമായ ഭ്രാന്തന് കാക്കനാടനായി വേഷമിടുന്നത് പ്രൊഫസര്‍ അലിയാറാണ്. ഇര്‍ഷാദ്, കൃഷ്ണ, പ്രവീണ്പ്രേം, കൃഷ്ണന് ബാലകൃഷ്ണന്, ഹരിശ്രീ യൂസഫ്, ഡിവൈഎസ്പി രാജ്കുമാര് എന്നിവരാണ് നോവലിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്ന മറ്റ് അഭിനേതാക്കള്‍.
സ്വന്തം അച്ഛനാല്‍ നശിപ്പിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയെ സമൂഹം നോക്കിക്കാണുന്നത് എപ്രകാരമായിരിക്കും. ഒരു തെരുവുവേശ്യക്ക് മാംസകമ്പോളത്തിലെ വില എന്തായിരിക്കും, സമൂഹം അനാഥരാക്കുന്ന പെണ്‍കുട്ടികളുടെ വിഹ്വലതകളും തേങ്ങലുകളും അവരെക്കൊണ്ടെത്തിക്കുന്നത് എവിടെയായിരിക്കും, ആധുനിക സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ ശിഥിലീകരണം മനുഷ്യന്റെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാം ആയിരിക്കും, തുടങ്ങി നിരവധികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബോധവല്‍ക്കരണ ചിത്രമാണ് സ്ട്രീറ്റ്ലൈറ്റ്. സ്ട്രീറ്റ്ലൈറ്റ് ഗ്രീന്ഹാറ്റ് എന്റര്ടൈന്മെന്റും ചിത്രാലയഫിലിംസും ചേര്‍ന്ന് തിയേറ്ററുകളില്‍ എത്തിക്കും.
ഷൈന്‍ കുര്യന്, പാവുമ്പ മനോജ്, ശങ്കര്‍ എന്നിവരുടെ ഗാനരചനയ്ക്ക് കൈതപ്രം വിശ്വനാഥന് നമ്പൂതിരി ഈണം പകര്‍ന്നിരിക്കുന്നു. യേശുദാസ്, മധുബാലകൃഷ്ണന്, അനു കടമ്മനിട്ട, ജിന്‍ഷ കെ.നാണു എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: