മലയാള സിനിമയ്ക്ക് ഉണര്‍വുണ്ടായ വര്‍ഷമാണ് 2012. പുറത്തിറങ്ങിയ സിനിമകളുടെ എണ്ണത്തിലും വിജയങ്ങളിലും സിനിമയ്ക്ക് 2012 നല്ലകാലമായിരുന്നു. 11 ഡബ്ബിങ് സിനിമകളടക്കം 140 സിനിമകള്‍ പുറത്തിറങ്ങി. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ചുരുങ്ങിയത് 600 കോടി രൂപയുടെ ബിസിനസ് ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ജോസ് തോമസിന്റെ മായാമോഹിനി, നവാഗതനായ സുഗീതിന്റെ ഓര്‍ഡിനറി, വിനീത് ശ്രീനിവാസന്റെ തട്ടത്തിന്മറയത്ത് എന്നിവ സൂപ്പര്‍ വിജയങ്ങള്‍ നേടിയപ്പോള്‍ മുപ്പതിലധികം സിനിമകള്‍ പണം തിരിച്ചുപിടിച്ചു. ക്രിസ്മസ് കാലത്തു പുറത്തിറങ്ങിയ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രമടക്കം ചില സിനിമകള്‍കൂടി നല്ല കളക്ഷനിലേക്ക് നീങ്ങുകയാണ്.
വ്യത്യസ്തങ്ങളായ നിരവധി സിനിമകള്‍ 2012ന്റെ പ്രത്യേകതയാണ്. യുവതാരങ്ങള്‍ വിജയം സൃഷ്ടിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. പുതുതലമുറ സിനിമകളെന്ന പേരില്‍ പുറത്തുവന്ന ചിത്രങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുകയും പുതിയ സിനിമാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന് എന്നീ യുവതാരങ്ങള്‍ തുടര്‍വിജയങ്ങള്‍ സൃഷ്ടിച്ചു എന്നതും ലാല്‍ ജോസ്, ആഷിക് അബു എന്നീ സംവിധായകര്‍ പ്രേക്ഷകരുടെ മനംനിറച്ച ഒന്നിലേറെ സിനിമകള്‍ സമ്മാനിച്ചു എന്നതും മറക്കാവുന്നതല്ല. ഒഴിമുറി, ഇത്രമാത്രം, ഇവന് മേഘരൂപന്‍, മഞ്ചാടിക്കുരു, ആകാശത്തിന്റെ നിറം തുടങ്ങിയ നല്ല സിനിമകളുടെ സാന്നിധ്യം കൊണ്ടും 2012 ശ്രദ്ധേയമായി. എന്റര്ടെയിനറുകളേയും പ്രണയസിനിമകളെയും നവതരംഗ സിനിമകളെയും ഒരേ മനസ്സോടെ മലയാളം സ്വീകരിച്ച വര്‍ഷമാണു കടന്നു പോകുന്നത്. സമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയുമായി എത്തിയ പല വന്മരങ്ങളും കടപുഴകി വീണു.
ഈ വര്‍ഷത്തെ സംവിധായകരില്‍ മുന്പന് ലാല്‍ ജോസാണ്. സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നീ മൂന്ന് സിനിമകളും ഭേദപ്പെട്ട വിജയങ്ങളാക്കാന്‍ ലാല്‍ജോസിനു സാധിച്ചു.
മൂന്ന് സിനിമകളുമായി വി.കെ. പ്രകാശും (കര്‍മയോഗി, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്) ഷാജി കൈലാസും (ദി കിങ് ആന്‍ഡ് ദി കമ്മീഷണര്‍, സിംഹാസനം, മദിരാശി) എന്നിവരും എണ്ണത്തില്‍ മുന്പില് വന്നു. മാസ്റ്റേഴ്സ്, താപ്പാന എന്നീ ചിത്രങ്ങളുമായി ജോണി ആന്റണിയും കുഞ്ഞളിയന്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സജി സുരേന്ദ്രനും 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ എന്നിവ സംവിധാനം ചെയ്ത ആഷിഖ് അബുവും ഗ്രാന്‍ഡ് മാസ്റ്റര്‍, ഐ ലവ് മി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ബി. ഉണ്ണികൃഷ്ണനും രണ്ടാം സ്ഥാനത്തുണ്ട്. എങ്കിലും ആദ്യചിത്രമായ ഓര്‍ഡിനറിയിലൂടെ വന്‍വിജയം നേടിയ സുഗീതാണ് പോയ വര്‍ഷത്തെ തിളക്കമുള്ള സംവിധായകന്.
22 ഫീമെയില്‍ കോട്ടയം, ഈ അടുത്ത കാലത്ത്, തട്ടത്തിന് മറയത്ത്, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, മായാമോഹിനി, റണ്‍ ബേബി റണ്‍, ഉസ്താദ് ഹോട്ടല്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, മഞ്ചാടിക്കുരു എന്നിവയെ 2012ല്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളായി കണക്കാക്കാം,
വിജയത്തിന്റെ കണക്കില്‍ ഈ വര്‍ഷം ദിലീപിന്റേതാണ്. മായാമോഹിനി, മൈ ബോസ് എന്നിവസൂപ്പര് ഹിറ്റായപ്പോള്‍ മിസ്റ്റര്‍ മരുമകന്, സ്പാനിഷ്മസാല എന്നിവ മികച്ച കളക്ഷന്‍ നേടിയെടുത്തു. ഈ ചിത്രങ്ങളുടെ വന്‍ നിര്‍മാണച്ചെലവാണ് അവയെ ഹിറ്റ് ചാര്‍ട്ടില്‍നിന്ന് പുറത്താക്കിയത്. സൂപ്പര്‍ താരങ്ങള്‍ക്കു മുകളില്‍ മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കാനായി എന്നതുതന്നെയാണ് ദിലീപിന്റെ നേട്ടം.
ഓര്‍ഡിനറിയിലൂടെ കുഞ്ചാക്കോ ബോബന് നടത്തിയ തിരിച്ചുവരവും ഏറെ ശ്രദ്ധേയമായി. രണ്ടാംനിര താരങ്ങളില്‍ ഒന്നാമന് താനാണെന്ന് മല്ലൂസിംഗിലൂടെ ചാക്കോച്ചന് തെളിയിച്ചു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്ക് ഇത്തവണ ഏഴു സിനിമകളും മോഹന്‍ലാലിന് അഞ്ചു സിനിമകളുമാണുണ്ടായിരുന്നത്. ശിക്കാരി, കിങ് ആന്‍ഡ് കമ്മിഷണര്‍, കോബ്ര, താപ്പാന, ജവാന് ഓഫ് വെള്ളിമല, ഫെയ്സ് ടു ഫെയ്സ്, ബാവുട്ടിയുടെ നാമത്തില്‍ എന്നിവയുമായി മമ്മൂട്ടി സിനിമകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കാസനോവ, ഗ്രാന്‍ഡ്മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍, കര്‍മ്മയോദ്ധാ എന്നിവയാണ് മോഹന്‍ലാല്‍ സിനിമകള്‍. സൂപ്പര്‍ താര സിനിമകള്‍ക്ക് വലിയതോതില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ പോയവര്‍ഷം കഴിഞ്ഞില്ല.
ജയറാമിന്റേതായി അഞ്ച് സിനിമകള്‍ തിയേറ്ററിലെത്തി. ഞാനും എന്റെ ഫാമിലിയും, പകര്‍ന്നാട്ടം, മാന്ത്രികന്, തിരുവമ്പാടി തമ്പാന്, മദിരാശി എന്നിവയാണിവ. അഞ്ചു ചിത്രങ്ങളും പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചു. പൃഥ്വിരാജ് (മാസ്റ്റേഴ്സ്, മഞ്ചാടിക്കുരു, ഹീറോ,ബാച്ചിലര്‍ പാര്‍ട്ടി, സിംഹാസനം, മോളി ആന്റി റോക്ക്സ്, അയാളും ഞാനും തമ്മില്‍), ജയസൂര്യ(കുഞ്ഞളിയന്, വാധ്യാര്, ഹസ്ബന്‍ഡ്സ് ഇന്‍ഗോവ, ട്രിവാന്‍ഡ്രം ലോഡ്ജ്, 101 വെഡ്ഡിങ്ങ്സ്, പോപ്പിന്‍സ്, നമുക്ക് പാര്‍ക്കാന്‍), ആസിഫ് അലി (അസുരവിത്ത്, ഉന്നം, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ,916, ഇഡിയറ്റ്സ്, ജവാന് ഓഫ് വെള്ളിമല, ഐ ലവ്മീ) ശ്രീനിവാസന്( പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, പറുദീസ, ഉന്നം, ഔട്ട്സൈഡര്, ജവാന് ഓഫ് വെള്ളിമല) എന്നിവരും സാന്നിധ്യം അറിയിച്ചു. നായകനായില്ലെങ്കിലും ഉപനായകനായി ബിജുമേനോന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിവാങ്ങിയ വര്‍ഷമാണ് 2012.
നായികമാരില്‍ സംവൃതാ സുനിലിന്റെ വര്‍ഷമായിരുന്നു 2012. എട്ടുസിനിമകളില്‍ നായികയായെത്തി. ഇവയില്‍ ഭൂരിപക്ഷവും വന്‍ വിജയം നേടുകയും ചെയ്തു. ഏഴ് സിനിമകളിലെ പ്രധാന വേഷവുമായി ശ്വേതാമേനോനും റീമ കല്ലിങ്കലും രണ്ടാം സ്ഥാനത്തെത്തി. ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച ബ്ലസ്സിയുടെ സിനിമ ചിത്രീകരണത്തിനു മുന്നേ വിവാദത്തിലായ വര്‍ഷവുമാണ് കടന്നു പോകുന്നത്. ബ്ലസ്സിയുടെ കളിമണ്ണ് എന്ന സിനിമയ്ക്കുവേണ്ടിയാണ് ശ്വേതയുടെ പ്രസവം യഥാര്‍ത്ഥമായി ചിത്രീകരിച്ചതിനെതിരെ സിനിമാ രംഗത്തും സമൂഹത്തിലുമുള്ള നിരവധിപേര്‍ രംഗത്തെത്തി.
തിലകന്, ജോസ് പ്രകാശ്, നവോദയ അപ്പച്ചന്, ടി. ദാമോദരന്‍, ടി.എ. ഷാഹിദ്, സി.പി. പത്മകുമാര്‍, ശശിമോഹന്‍, ജഗന്നാഥന്, പി.കെ. വേണുക്കുട്ടന്‍ നായര്‍, രവിബോംബെ എന്നിവരുടെയെല്ലാം വേര്‍പാട് 2012ന്റെ വേദനയായി.
>> ആര്.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: