മലയാള സിനിമയില്‍ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന സംവിധായകന്. അമല്‍ നീരദ് എന്ന സംവിധായകനെ മലയാളികള്‍ക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. നാലേ നാല് ചിത്രങ്ങള്‍കൊണ്ട് യുവതലമുറയുടെ ഹരമായ, ഹോളിവുഡ് സിനിമകളെ അനുസ്മരിക്കുന്ന സാങ്കേതികമികവുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് മുന്നിലെത്തിച്ച സംവിധായകന്. സൂപ്പര്‍താരങ്ങള്‍ അടക്കിവാഴുന്ന മലയാള സിനിമയില്‍ സംവിധായകന്റെ പേരില്‍ സിനിമകാണാനെത്തുന്ന പ്രേക്ഷകര്‍ വിരളമാണ്. സത്യന് അന്തിക്കാട്, ലാല്‍ ജോസ് സിനിമകള്‍ എന്നുപറയുന്നതുപോലെ അമല്‍ നീരദ് സിനിമകള്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു യുവതലമുറ ഇന്നുണ്ട്. മഹാരാജാസ് കോളേജില്‍ രാഷ്ട്രീയം കളിച്ചുനടന്ന ചെറുപ്പക്കാരന്. കല്‍ക്കട്ടയിലെ സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബെര്‍ലിന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പകര്‍ന്നുകിട്ടിയ സിനിമയുടെ അടിസ്ഥാനപാഠങ്ങളും രാം ഗോപാല്‍ വര്‍മ്മയെപോലുള്ള ബോളിവുഡ് സംവിധായകരില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അനുഭവങ്ങളും വെള്ളിത്തിരയിലേക്കെത്തിക്കുമ്പോള്‍ അമലിന്റെ ഓരോ സിനിമയും ചര്‍ച്ചാവിഷയമാവുകയാണ്, ‘ബിഗ്ബി’യിലൂടെ, ‘സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ’ ‘അന്‍വറി’ലൂടെ യുവതലമുറയുടെ ഹരമായി മാറിയ അമല്‍നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയും ചര്‍ച്ചയാവുകയാണ്. മികച്ച മേക്കിംഗ്, ഡയലോഗുകള്‍, മലയാള സിനിമയില്‍ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയിലൂടെ ബാച്ചിലര്‍ പാര്‍ട്ടി വ്യത്യസ്ത പുലര്‍ത്തുകയാണ്. അമല്‍ നീരദിന്റെ സിനിമാ വിശേഷങ്ങളിലേക്ക്.
കോളേജ് രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്കുള്ള വഴി
ശ്രീരാമവര്‍മ്മ മോഡല്‍ ഹൈസ്കൂളിലും മഹാരാജാസ് കോളേജിലുമായിരുന്നു പഠനം. രാഷ്ട്രീയത്തില്‍ വരുന്നതിനുമുന്പ് തന്നെ സിനിമയോടുള്ള ആഗ്രഹം മനസില്‍ കലശമായിരുന്നു. കോളേജ് യൂണിയന് ചെയര്‍മാനൊക്കെയായപ്പോഴും സിനിമയെന്ന വികാരം അതിശക്തമായി മനസിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവുകളില്‍ നിന്ന് അതിമാനുഷിക കഥാപാത്രങ്ങളോട് ഒരാവേശം തോന്നിയത് ഇക്കാലത്താണ്. ജീവിതം ഒരു ബോറിംഗ് ഹൈവേയായപ്പോള്‍ താല്പര്യമുള്ള മേഖലയിലേക്കു ഒരു യാത്ര. അതെത്തിച്ചത് സത്യജിത്റായി ഇന്‍സ്റ്റിറ്റിയൂട്ടിലും ബെര്‍ലിന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും.
രാംഗോപാല്‍ വര്‍മ്മയുമൊത്തുള്ള അനുഭവങ്ങള്‍
വിജയവാഡയിലെ ഇടത്തരം കുടുംബത്തില്‍നിന്നും മുംബൈയിലെത്തി ബോളിവുഡിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളോട് മത്സരിച്ച് ഇന്‍ഡസ്ട്രിയില്‍ വിജയക്കൊടി പാറിച്ച അദ്ദേഹത്തിന്റെ ധൈര്യത്തോട് എന്നും പ്രതിപത്തിയും ബഹുമാനവുമായിരുന്നു. ആദ്യമായി സിനിമയില്‍ ക്യാമറചെയ്യാന്‍ അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ വര്‍മ്മ കോര്‍പ്പറേഷന്റെ പ്രൊഡക്ഷനിലുള്ള ‘ജയിംസ’് എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു. ശിവ, ഡര്‍നസരൂരി ഹായ് തുടങ്ങിയ ചിത്രങ്ങളിലൂം അവസരം ലഭിച്ചു. സിനിമയുടെ സാങ്കേതികവശങ്ങളെ വളരെ അടുത്തറിഞ്ഞ സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. അദ്ദേഹം സിനിമയെടുക്കുന്നതും ബിസിനസ് ചെയ്യുന്നതുമെല്ലാം അടുത്തറിയാന്‍ കഴിഞ്ഞത് വലിയ അനുഭവമാണ്.
അമല്‍ നീരദ് സിനിമകളില്‍ സൂപ്പര്‍ ഹീറോയിസം കടന്നുവരുന്നു?
ഇത്തരം കഥാപാത്രങ്ങള്‍ പണ്ടുമുതലേ ഉള്ളതുതന്നെയാണ്. രാജാവിന്റെ മകന്, ഇരുപതാംനൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഹോളിവുഡ് സിനിമകളില്‍ ബാറ്റ്സ്മാന്, സ്പൈഡര്മാന്, സുപ്പര്‍മാന്‍ തുടങ്ങി എത്ര സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ നമ്മള് കണ്ടിരിക്കുന്നു. ഇത് എല്ലാകാലത്തും എല്ലാ സിനിമാ ഇന്‍ഡസ്ട്രിയിലുമുണ്ടായിരുന്നു.
‘ബാച്ചിലര്‍ പാര്‍ട്ടി’ രൂപമെടുക്കുന്നത്
അന്‍വറിനുശേഷം മമ്മൂട്ടിയെയും പൃഥിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘അരിവാള്‍ ചുറ്റിക നക്ഷത്ര’മായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഇരുവരുടെയും ഡേറ്റുകള്‍ ഒത്തുവരാതിരുന്നതിനാല്‍ മറ്റൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. അങ്ങനെയാണ് തിരക്കഥാകൃത്തുക്കളായ ആര്.ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ‘ബാച്ചിലര്‍ പാര്‍ട്ടി’യെക്കുറിച്ച് പറയുന്നത്. ‘ബിഗ്ബി’യിലും ‘അന്‍വറി’ലും ഉണ്ണി തിരക്കഥാകൃത്തായിരുന്നു. ‘ബാച്ചിലര്‍ പാര്‍ട്ടി’ക്കായി പ്രത്യേക തയ്യാറെടുപ്പുകളൊന്നുമുണ്ടായിരുന്നില്ല.
സാങ്കേതിക മികവിലും മേക്കിംഗിലും ഡയലോഗുകളിലും ക്ലൈമാക്സിലും വ്യത്യസ്തതപുലര്‍ത്തുന്ന ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. എന്നാല്‍ സിനിമയില്‍ മദ്യപാനരംഗങ്ങള്‍ അധികമായി തുടങ്ങിയ വിമര്‍ശനങ്ങള്‍.
ഇന്നത്തെ പുതുതലമുറ വീട്ടിലിരുന്ന് 150 ചാനലുകള്‍ കാണുന്നവരാണ്. പല ഭാഷയിലുള്ള പലകാര്യങ്ങളും കാണുന്നു. നല്ലതും ചീത്തയും സമൂഹത്തിലുണ്ട്. സിനിമയിലും അതുണ്ടാവും. നല്ലത് വേര്‍തിരിച്ച് മനസിലാക്കാനാവണം. ‘ബാച്ചിലര്‍ പാര്‍ട്ടി’ തുടങ്ങുമ്പോള്‍ എഴുതികാണിക്കുന്ന ഒരു വാചകമുണ്ട്. ‘വാളെടുത്തവന്‍ വാളാലേ’ എന്ന്. സിനിമയുടെ ക്ലൈമാക്സ് ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നുണ്ട്. മദ്യപാനരംഗങ്ങളും സിഗരറ്റ് വലിക്കുന്ന രംഗങ്ങളും വരുമ്പോള്‍ സിനിമയില്‍ ഇവ രണ്ടും ആരോഗ്യത്തിന് ഹാനികരമാണ് എന്ന് വ്യക്തമായി എഴുതികാണിക്കുന്നുണ്ട്. ഇതും ഒരു സന്ദേശം തന്നെയാണല്ലോ. മദ്യപാനവും സിഗരറ്റ്വലിയും കണ്ടെന്ന് വച്ച് എല്ലാവരും അത് ചെയ്യണമെന്നുണ്ടോ. മദ്യവില്പനയും സിഗരറ്റ് വില്പനയും എന്തുകൊണ്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നില്ല. ഒരു സിനിമയില്‍ ഓംലൈറ്റ് തിന്നുന്നത് കാണിച്ചാല്‍ കൊളസ്ട്രോള്‍ വന്ന് അറ്റാക്ക് വരും എന്നതിനാല്‍ സിനിമ കാണുന്നവര്‍ക്ക് ഓംലൈറ്റ് തിന്നാന്‍ പ്രചോദനം നല്‍കുന്നത് ശരിയല്ല എന്നു പറയുന്നതുപോലാകും. ‘സാള്‍ട്ട് ആന്റ് പെപ്പര്‍’ കണ്ട് എല്ലാവരും ഭക്ഷണപ്രിയരായോ?. കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ബാലിശമാണ്. സിനിമയിലെ ചെയ്തികള്‍ക്ക് സംവിധായകന്റെയോ തിരക്കഥാകൃത്തുകളുടെയോ വിശ്വാസവുമായി ബന്ധമില്ലെന്നും കഥാപാത്രങ്ങള്‍ സാങ്കല്പികമാണെന്നും സിനിമ തുടങ്ങുമ്പോള്‍ തന്നെ, വ്യക്തമാക്കുന്നുണ്ട്. കഥയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ‘ബാച്ചിലര്‍ പാര്‍ട്ടി’ വികസിക്കുന്നത്. മഹാഭാരതയുദ്ധത്തില്‍ എത്രപേര്‍ കൊല്ലപ്പെടുന്നു എന്നു കരുതി മഹാഭാരതം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണോ നാം മനസ്സിലാക്കുന്നത്. അതിലെ ധര്‍മ്മവും നന്മയുമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അതുപോലെ തന്നെയാണ് സിനിമയും.
രമ്യാ നമ്പീശന്, പത്മപ്രിയ എന്നിവരുടെ ഡാന്‍സ് രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റുകളിലൊന്നായി മാറുന്നു. ഇതിനു പിന്നിലെ വാണിജ്യതന്ത്രം?.
വിദ്യാബാലന് അഭിനയിച്ച ഡേര്‍ട്ടി പിക്ചര്‍ ലോകോത്തര സിനിമയാണെന്നുവരെ ചര്‍ച്ചചെയ്യപ്പെടുന്നു. ആ സിനിമയില്‍ ആദ്യം മുതല്‍ അവസാനംവരെ ഉപയോഗിച്ചിരിക്കുന്നത് ഇതേകച്ചവടതന്ത്രമാണ്. സിനിമയില്‍ തന്നെ പറയുന്ന ഒരു ഡയലോഗുണ്ട്. ഇന്‍ഡസ്ട്രിയില്‍ വിജയം വേണമെങ്കില്‍ മൂന്ന് ഘടകങ്ങള്‍ വേണം. എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്. രമ്യാനമ്പീശന്റെ കഥാപാത്രത്തിന് ചിത്രത്തിന്റെ കഥപറയുമ്പോള്‍ ഒരു പ്രത്യേക റോളുണ്ട്. പത്മപ്രിയയുടെ ഡാന്‍സ് നര്‍മ്മപ്രധാന്യത്തോടെ അവതരിപ്പിച്ചതാണ്. സിനിമയുടെ തുടക്കത്തില്‍ കഥപറയുമ്പോള്‍ പറയുന്ന ഒരു ഡയലോഗുണ്ട്. നല്ല കുട്ടികള്‍ സ്വര്‍ഗത്തില്‍ പോകും. ചീത്ത കുട്ടികള്‍ നരകത്തില്‍പോകും. ആ വാക്കുകള്‍ സിനിമയുമായി ബന്ധിപ്പിക്കുന്നു എന്നതേയുള്ളൂ. ഐറ്റം ഡാന്‍സുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പറയാനുള്ളത് മലയാളികള്‍ 25 വര്‍ഷം മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല എന്നാണ്. ഇത്ര സദാചാരപ്രശ്നങ്ങള്‍ അന്നുണ്ടായിട്ടില്ല. 25 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള നല്ല സിനിമകളില്‍ നഗ്നതയും സെക്സുമൊക്കെ കടന്നു വന്നിരുന്നു. മലയാളികള്‍ക്കിടയില്‍ സ്യൂഡോമൊറാലിറ്റി വന്നുകയറിയത് എപ്പോഴെന്നറിയില്ല. ഒരു വാണിജ്യസിനിമയാവുമ്പോള്‍ അതില്‍ മ്യൂസിക്, ഡാന്‍സ്, ആക്ഷന്‍, സ്റ്റെല്‍, ഗ്ലാമര്‍ എല്ലാമുണ്ടാവും. അത്തരത്തില്‍ പറയുകയാണെങ്കില്‍ എന്റെ സിനിമയുടെ ഓരോ ഷോട്ടും കച്ചവടമാണ്. അതിനുവേണ്ടി തന്നെയാണ് ചെയ്തത്.
പത്മപ്രിയ ഈ വേഷം ഏറ്റെടുക്കാന്‍ തയ്യാറായത്
എനിക്കവരോട് മുന്‍സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. മുമ്പ് ഒരു സിനിമയില്‍ ഒരു കഥാപാത്രത്തിനായി വിളിച്ചപ്പോള്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞു ‘ബാച്ചിലര്‍ പാര്‍ട്ടി’യുടെ കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ തയ്യാറായി. ഒരു പൈസപോലും പ്രതിഫലം വാങ്ങാതെയാണ് പത്മപ്രിയ വേഷം ചെയ്തത്. സ്ഥിരം ലഭിക്കുന്ന കോട്ടണ്‍സാരി വേഷങ്ങളോടുള്ള അമര്‍ഷമാണ് അവരെ ഇത്തരമൊരു റോള്‍ തെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
‘ബാച്ചിലര്‍ പാര്‍ട്ടി’യില്‍ നിര്‍മ്മാതാവിന്റെ റിസ്ക് ഏറ്റെടുക്കുന്നു. ‘അന്‍വറില്‍’ നിന്നുണ്ടായ ദുരനുഭവങ്ങളാണോ പിന്നില്‍?.
അന്‍വറിന്റെ നിര്‍മ്മാതാവില്‍ നിന്നുണ്ടായ അനുഭവവും കാരണങ്ങളിലൊന്നാണ്. മലയാളസിനിമകള്‍ എന്നും ദാരിദ്ര്യത്തില്‍ നിന്നുകൊണ്ടാണ് എടുക്കുന്നത്. ലാഭനഷ്ടങ്ങള്‍ സഹിച്ച് വര്‍ഷങ്ങളായി സിനിമയെ സ്നേഹിച്ച, സിനിമയെടുക്കുന്ന നിരവധി നിര്‍മ്മാതാക്കളുണ്ട്. അതില്‍നിന്നും വ്യത്യസ്തമായി സിനിമക്ക് മുന്‍പുള്ള മറ്റുപല ബിസിനസുകളിലെയും രൂപ എഴുതിതള്ളുന്നതിന് വേണ്ടി സിനിമയെടുക്കാന്‍ ചിലര്‍ വരുന്നതാണ് പ്രശ്നം. യാതൊരു കണക്കും കാര്യങ്ങളുമില്ലാതെ പണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് സംവിധായകനെയും മറ്റുള്ളവരെയും പഴിചാരുന്ന ഏര്‍പ്പാട് ശരിയല്ല. മലയാളസിനിമാ ഇന്‍ഡസ്ട്രിയിലും കണക്കുകള്‍ കൃത്യമാകണം. ഒരുകാലത്ത് ദുരൂഹമായ മുംബൈ സിനിമ ഇന്‍ഡസ്ട്രി ഇന്ന് പെര്‍ഫെക്ടാണ്. ഷൂട്ടിന് എത്ര ചെലവായി, എത്ര സാറ്റലൈറ്റ് കിട്ടി, മറ്റു ഭാഷകളിലേക്ക് ഡബ് ചെയ്യുമ്പോള്‍ എത്ര കിട്ടി ഇതിന്റെയൊന്നും വ്യക്തമായ ഒരു കണക്കും കാണിക്കാതെയാണ് അന്‍വറിന്റെ നിര്‍മ്മാതാവ് എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ഇത്തരം ആള്‍ക്കാരുമായി ജീവിതത്തില്‍ ഒരിക്കലും സിനിമചെയ്യരുത് എന്ന തീരുമാനമാണ് നിര്‍മ്മാതാവിന്റെ വേഷമണിയാന്‍ പ്രേരിപ്പിച്ചത്. സിനിമയെന്ന ബിസിനസില്‍ ശരിക്കും വിശ്വാസമുണ്ട്. എന്റെ വിശ്വാസം ശരിയാവുന്നുവെന്നതിന്റെ പൂര്‍ണബോധ്യം ‘ബാച്ചിലര്‍ പാര്‍ട്ടി’ ഒരാഴ്ചപൂര്‍ത്തിയാവുമ്പോള്‍ തന്നെ വന്നിട്ടുണ്ട്. പരിചയമുള്ള, സിനിമയെ സ്നേഹിക്കുന്ന, വിശ്വസ്തയുള്ള നിര്‍മ്മാതാക്കളുമൊത്തുമാത്രമേ ഇനി സിനിമയെടുക്കൂ.
‘ഇത്രയും സ്ലോമോഷനില്‍ കഴിക്കാന്‍ ഇതെന്താ അമല്‍ നീരദ് സിനിമയാണോ’ ബാച്ചിലര്‍ പാര്‍ട്ടിയിലെ ഈ ഡയലോഗിന് കയ്യടി ഏറെയാണ്. അമല്‍നീരദിന്റെ സിനിമകളില്‍ സ്ലോമോഷന്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണോ.
ഞാന്‍ ചെയ്യുന്ന സിനിമകളിലെ സ്ലോമോഷന്‍ രംഗങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗമുണ്ട്. സ്ലോമോഷന്‍ രംഗങ്ങള്‍ നമ്മള് കാണുന്ന തമിഴ്,ഹിന്ദിസിനിമകളിലെല്ലാമുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നു പറയുന്നതുപോലെ അമല്‍നീരദ് സ്ലോമോഷന്‍ ചെയ്താല്‍ വിമര്‍ശിക്കുന്നവരുണ്ട്. അവരോട് ഒറ്റവാക്കേയുള്ളൂ. ഇഷ്ടമുള്ള സിനിമ കാണാന്‍പോവുക. സ്ലോമോഷന്‍ രംഗങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ അത്തരം സിനിമകള്‍ ഒഴിവാക്കുക. ഇഷ്ടമില്ലാത്തവര്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് സിനിമയെടുക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവും.
‘സാഗര്‍ ഏലിയാസ് ജാക്കി’ ചെയ്യാന്‍ തന്നെ സമീപിച്ചിരുന്നതാണെന്നും തനിക്ക് അത് മികച്ച സിനിമയാക്കാനാവുമായിരുന്നുവെന്നുമുള്ള തരത്തില്‍ സംവിധായകന് കെ. മധു നടത്തിയ പരമാര്‍ശങ്ങള്‍.
അത് സത്യമായിരിക്കും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എന്നെ സമീപിച്ച് ‘സാഗര്‍ ഏലിയാസ് ജാക്കി’ ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു കെ. മധുവിനെപോലെ സീനിയറായ ഒരു സംവിധായകനെ സമീപിച്ച കാര്യമൊന്നും എന്നോട് പറഞ്ഞിരുന്നില്ല. എനിക്ക് അറിയുന്നതുമല്ല. അദ്ദേഹം ഒരു വാക്ക് ഫോണില്‍ കൂടിയെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ നിന്നും പിന്തിരിയുമായിരുന്നു.
അമല്‍ നീരദ് എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു.
ശൈശവത്തില്‍ നില്ക്കുന്ന ഒരു സംവിധായകന്. നാലു സിനിമകള്‍ മാത്രമാണ് ഞാന്‍ എടുത്തിട്ടുള്ളത്. എന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോട് എല്ലാ രീതിയിലുമുള്ള ബഹുമാനവും സ്നേഹവുമുണ്ട്.
സംവിധായകന്, ഛായാഗ്രാഹകന്‍ സംതൃപ്തി തരുന്നത്
രണ്ടിലും സംതൃപ്തി ഉണ്ടായിട്ടില്ല. വളരെക്കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ചെയ്ത വര്‍ക്കുകളില്‍ ഒന്നിലും പൂര്‍ണതൃപ്തി വന്നിട്ടില്ല.
പുതുമുഖങ്ങള്‍ക്ക് മലയാളത്തില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് അമല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്?
പുതുമുഖങ്ങളോട് മലയാളസിനിമ വിമുഖതകാട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഞാനും എന്റെ പൂര്‍വ്വികരില്‍ പലരും ഈ പ്രശ്നമനുഭവിച്ചവരാണ്. റസൂല്‍ പൂക്കുട്ടിയെപോലുള്ള കലാകാരന്മാര് ഇത് പറഞ്ഞിട്ടുമുണ്ട്. ഇന്ന് ആ അവസ്ഥയില്‍ നിന്നും വലിയ മാറ്റം വന്നുകഴിഞ്ഞു. എന്നോടൊപ്പം ബിഗ്ബിയില്‍ തുടക്കംകുറിച്ച സമീര്‍ താഹ, ഷൈജു ഖാലിദ്, ജോമോന്.റ്റി.ജോണ്‍, സതീശ് കുറുപ്പ് എന്നിവരൊക്കെ മലയാളസിനിമയില്‍ അവരുടേതായ ഇടം കണ്ടെത്തി. സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലൂടെ ഷൈജുവും ബ്യൂട്ടിഫുള്‍, ചാപ്പാകുരിശ് എന്നീ ചിത്രങ്ങളിലൂടെ ജോമോനും അന്‍വര്‍, പ്രണയം എന്നീ ചിത്രങ്ങളിലൂടെ സതീശും അറിയപ്പെടുന്ന ഛായാഗ്രാഹകരായി. മലയാളസിനിമയില്‍ പുതിയ ടെക്നീഷ്യന്‍സ് വളര്‍ന്നുവരുന്നത് വലിയ മാറ്റമാണ്. ഇന്‍ഡസ്ട്രിയറും പ്രേക്ഷകരും പുതിയ തലമുറയെ സ്വീകരിക്കുന്നത് ശോഭനമായ മാറ്റമാണ്.
‘അരിവാള്‍ ചുറ്റിക നക്ഷത്ര’ത്തെക്കുറിച്ച്
50 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. മമ്മൂട്ടിയും പൃഥിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പൃഥിരാജ് വില്ലന്‍ വേഷം ചെയ്യുന്നു. സ്ഥിരം കണ്ടിട്ടുളള രാഷ്ട്രീയ സിനിമയല്ല ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ അന്തര്ധാരയിലെ രാഷ്ട്രീയം പറയുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.
കുടുംബം
എറണാകുളം തിരുനക്കരയില്‍ താമസം. അച്ഛന് പ്രൊഫ.സി.ആര്. ഓമനക്കുട്ടന്. മഹാരാജാസ് കോളേജ് അധ്യാപകനായിരുന്നു. അമ്മ ഹേമലത. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: