മമ്മൂട്ടി എന്ന സൂപ്പര്‍താരം നായകനാവുന്ന ഓരോ ചിത്രവും പ്രതീക്ഷകളുണര്‍ത്തിയാണ് തീയേറ്ററുകളിലെത്തുക. ഒരു സൂപ്പര്‍ താരത്തിന്റെ താരപരിവേഷത്തിനനുസരിച്ച് ഡയലോഗുകളും അവതരണ രീതിയും ഏത് സിനിമയിലുമുണ്ടാകും. ലാല്‍ജോസിനോടൊപ്പം നടന്ന് സിനിമയെ അടുത്തറിഞ്ഞ അനൂപ് കണ്ണന്റെ ആദ്യചിത്രമായ ‘ജവാന് ഓഫ് വെള്ളിമല’യില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ഇതൊക്കെയായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ജവാനെ കാണാന്‍ മുന്ധാരണകളനുസരിച്ച് തീയേറ്ററിലെത്തിയവര്‍ക്ക് തെറ്റി. മമ്മൂട്ടിയുടെ സൂപ്പര്മാന് പരിവേഷമുള്ള ജവാനെ വെള്ളിമലയില്‍ ഒരിടത്തും പ്രേക്ഷകര്‍ക്ക് കാണാനായില്ല. വെള്ളിമല എന്ന ചെറുഗ്രാമത്തില്‍ പ്രേതങ്ങളെ പേടിച്ചുകഴിയുന്ന, നാട്ടുകാരുടെ പരിഹാസകഥാപാത്രമായ, സാധാരണക്കാരനായ ഒരു പഴയ പട്ടാളക്കാരന് ഗോപീകൃഷ്ണനെ മാത്രമേ സിനിമയിലുടനീളം പ്രേക്ഷകര്‍ക്ക് കാണാനാവൂ. അമാനുഷികതയൊന്നുമില്ലാതെ, വെള്ളിമല ഡാം കേന്ദ്രീകരിച്ചു നടക്കുന്ന അഴിമിതികള്ക്കെതിരെ പ്രതികരിച്ച ഒരു സാധാരണക്കാരന്. അയാളുടെ പ്രശ്നങ്ങള്‍, ജീവിതം, ഇത് വളരെ തന്മയത്വത്തോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് സംവിധായകന് അനൂപ് കണ്ണന്റെ വിജയം. മറ്റു മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ചിത്രമൊരുക്കിയ അനൂപ് കണ്ണന്റെ വെള്ളിമലയിലെ വിശേഷങ്ങള്‍.
ആദ്യചിത്രത്തിലേക്കെത്തുന്നത്
‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിന്റെ സമയത്താണ് തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടുമായി സൗഹൃദമുണ്ടാകുന്നത്. സ്വതന്ത്രമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ജെയിംസ് ആല്‍ബര്‍ട്ടുമായി സംസാരിച്ചു. അങ്ങനെയാണ് ‘ജവാന് ഓഫ് വെള്ളിമല’യിലേക്കെത്തുന്നത്. ‘നീലത്താമര’യുടെ ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ് ഇത് ആലോചിക്കുന്നത്. സിനിമയുടെ കഥകേട്ടപ്പോള്‍ തന്നെ ഇതിനനുയോജ്യനായ നടന് മമ്മൂക്കയാണെന്ന് ഉറപ്പുണ്ടായിരുന്നു. ‘കിംഗ് ആന്റ് കമ്മീഷണറു’ടെ ഷൂട്ടിംഗ് വേളയിലാണ് മമ്മൂക്കയോട് കഥ പറയുന്നത്. കഥ കേട്ടയുടന്‍ തന്നെ മമ്മൂക്ക സമ്മതിച്ചു.
മമ്മൂട്ടി പ്ലേ ഹൗസ് ബാനറില്‍ നിര്‍മിച്ച ആദ്യ ചിത്രം
നന്മയുള്ള ചിത്രമാണ് ‘ജവാന് ഓഫ് വെള്ളിമല’. നമ്മുടെ മാധ്യമങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങള്‍ രസകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വൈദ്യുത പ്രതിസന്ധിയും വന്‍കിട പദ്ധതികളുടെ മറവില്‍ നടക്കുന്ന അഴിമതികളും അട്ടിമറികളും ചിത്രം പ്രമേയമാക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് മമ്മൂട്ടി കച്ചവടതാല്പര്യം നോക്കാതെ സിനിമ ഏറ്റെടുത്തത്. കച്ചവട താല്പര്യമുള്ള ഒരുപാട് സിനിമകള്‍ അദ്ദേഹത്തിനു മുന്നിലുണ്ടായിട്ടും ഇത്തരമൊരു ചിത്രം ഏറ്റെടുത്തത് മമ്മൂട്ടിയെന്ന കലാകാരന്റെ പൂര്‍ണതയാണ് വെളിവാക്കുന്നത്.
‘ജവാന് ഓഫ് വെള്ളിമല’യെക്കുറിച്ചുള്ള പ്രതികരണങ്ങള്‍
കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന വളരെ ലളിതമായ ഒരു കൊച്ചു ചിത്രം. ഡാം വാച്ചറായി മമ്മൂട്ടിയെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്‍ധാരണകള്‍ ഉണ്ടായിരുന്നിരിക്കാം. ഏതൊരു സിനിമ ഇറങ്ങുമ്പോഴും അതുണ്ടാവും. സമകാലീന കേരളം ചര്‍ച്ചചെയ്യുന്ന വൈദ്യുതി പ്രതിസന്ധിയടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാവുന്ന സിനിമ മലയാളിയുടെ മനസിലെ നന്മ തിരിച്ചറിയുന്ന ചിത്രമാണ്. നിഷ്കളങ്കനായ ഒരു സാധാരണ സൈനികന്റെ നാടിനോടുള്ള ആത്മാര്‍ത്ഥത വെളിവാക്കുന്ന ചിത്രം. സൂപ്പര്‍ പരിവേഷമില്ലാതെ ഒരു സാധാരണ ജവാന്റെ പരിവേഷമാണ് മമ്മൂക്കയ്ക്ക്. അതുകൊണ്ടുതന്നെ ചിത്രം ഒരു സാധാരണ കുടുംബപ്രേക്ഷകന്റെ ചിത്രമാണ്
ഈ സിനിമയില്‍ ഗോപീകൃഷ്ണന് എന്ന സാധാരണക്കാരന് ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സങ്കീര്‍ണതയും രസകരമായി മമ്മൂട്ടി പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ പ്രതികരണം
ഇപ്പോള്‍ ലണ്ടനിലാണ്. സിനിമ കണ്ട് സന്തോഷവാനായിട്ടാണ് പോയത്. അഭിനയത്തിന്റെ വ്യത്യസ്തതലങ്ങള്‍ ഗോപീകൃഷ്ണനിലൂടെ അവതരിപ്പിക്കാനായി. ഒരു നടനെ സംബന്ധിച്ച് ലഭിക്കുന്ന ഇത്തരം വ്യത്യസ്തതകള്‍ തന്നെയാവും ഇത്തരം റോളുകള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.
ഷൂട്ടിംഗ് ലൊക്കേഷനുകള്‍
തൃശൂരിലെ ചിമ്മിനി ഡാം, വാഗമണ്‍, മലമ്പുഴ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍.
കോമഡി ടച്ചുള്ള വില്ലന്‍ വേഷവുമായി ബാബുരാജ്
ചീഫ് എഞ്ചിനീയര്‍ ചാക്കോ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലാണ് ബാബുരാജ് അഭിനയിച്ചത്. ആ കഥാപാത്രം അദ്ദേഹം ഭംഗിയായി ചെയ്തു. എപ്പോഴും ആശങ്കയും ആവലാതിയും കൊണ്ടുനടക്കുന്ന അഴിമതിക്കാരനായ ചാക്കോയെ ബാബുരാജ് സൂക്ഷ്മമായി ചെയ്തു.
സിനിമയിലേക്കുള്ള വഴി
മൂവാറ്റുപുഴ മോഡല്‍ ഹൈസ്ക്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ക്രെസ്റ്റ് കോളേജില്‍ കോളേജ് പഠനം. അക്കാലത്ത് ഒന്നു രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അങ്ങനെയാണ് ഫോട്ടോഗ്രാഫിയിലെത്തുന്നത്. ഫോട്ടോഗ്രാഫറായശേഷമാണ് സിനിമയെക്കുറിച്ചും സാങ്കേതികവശങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കണമെന്ന അഭിനിവേശമുണ്ടായത്. ലാല്‍ ജോസിന്റെയും എന്റെയും സുഹൃത്തായ പ്രതാപന് വഴിയാണ് ലാല്‍ ജോസ് സാറിനടുത്തെത്തുന്നത്. ‘മീശ മാധവന്’ മുതല്‍ ‘സ്പാനിഷ് മസാല’ വരെയുള്ള ചിത്രങ്ങളില്‍ ലാല്‍ജോസ് സാറിനൊപ്പം അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഇടയ്ക്ക് രഞ്ജിത്തിന്റെ ഫിംഗര്‍ പ്രിന്റിലും പ്രവര്‍ത്തിച്ചു.
ലാല്‍ജോസിന്റെ ‘അയാളും ഞാനും തമ്മിലും’ ‘ജവാന് ഓഫ് വെള്ളിമലയും’ ഒരേദിവസം റിലീസ് ചെയ്യുന്നു.
തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണത്. ഗുരുവിന്റെയും ശിഷ്യന്റെയും സിനിമകള്‍ ഒരുമിച്ചു റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ കൗതുകമാണ് തോന്നിയത്. ഞങ്ങള്‍ തമ്മില്‍ വളരെ ഗാഢമായ ബന്ധമാണുള്ളത്. ആദ്യം തൊട്ട് അവസാനം വരെ ‘ജവാന് ഓഫ് വെള്ളിമല’യുടെ കൂടെ ലാല്‍ജോസ് സാറുണ്ടായിരുന്നു. രണ്ട് തവണ ചിമ്മിനിഡാമില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിരുന്നു. ആദ്യ പ്രതികരണങ്ങള്‍ വിളിച്ചറിയിക്കുകയും ചെയ്തു. കുടുംബസമേതം കഴിഞ്ഞദിവസം ചിത്രം കണ്ടശേഷം വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
ഒരു സംവിധായകന് എന്ന നിലയില്‍
പ്രേക്ഷകരോട് വൈകാരികമായി സംവദിക്കുന്ന ചിത്രങ്ങളോടാണ് താല്പര്യം. ഞാന്‍ തെരഞ്ഞെടുക്കുന്ന കഥകളില്‍ സ്വാഭാവികമായും എന്റെ ഈ താല്പര്യം വന്നേക്കാം.
കുടുംബം
മൂവാറ്റുപുഴ മേക്കടമ്പ് പറയന്‍കണ്ടത്തില്‍ കേശവന് നായരുടെയും വത്സലകുമാരിയുടെയും മകന്. സഹോദരന് അജീഷ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: