മലയാള സിനിമാലോകത്ത് നായികമാര്‍ക്ക് യാതൊരു കുറവുമില്ല. പക്ഷേ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ശോഭന, ഉര്‍വ്വശി, മഞ്ജുവാര്യര്‍, സംയുക്താവര്‍മ്മ…. ഇവര്‍ക്കുശേഷം എടുത്തുപറയാവുന്ന നായികമാര്‍ വിരളമായി. നായക കേന്ദ്രീകൃത സിനിമകള്‍ക്കിടയില്‍ ഗ്ലാമര്‍പ്രദര്‍ശനത്തിനും മുഖം കാണിക്കലിനുമായി നായികമാര്‍ ഒതുങ്ങിക്കൂടി. കഥാപാത്രത്തിന്റെ മികവിനുപരിയായി പ്രതിഫലവും പ്രശസ്തിയും മാത്രം പുതുമുഖ നടിന്മാര്‍ സ്വപ്നംകണ്ടു തുടങ്ങിയതോടെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആരുണ്ട് എന്ന ചോദ്യം തിരക്കഥാകൃത്തുകള്‍ക്കിടയിലും സംവിധായകര്‍ക്കിടയിലും ഉയര്‍ന്നുവന്നു എന്നത് മറ്റൊരു സത്യം. അഭിനയത്തെ കലയായി കരുതുകയും ആ കലയ്ക്കുവേണ്ടി സമര്‍പ്പണം ചെയ്യുകയും ചെയ്യുന്ന അഭിനേത്രികള്‍ ഇന്ന് വിരളമാണ്. ഇവിടെയാണ് റിമാ കല്ലിംഗല്‍ എന്ന നടി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാവുന്നത്. ഋതുവിലെ വര്‍ഷജോണില്‍ നിന്നും 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സ.കെ.എബ്രഹാമിലേക്കെത്തുമ്പോള്‍ റിമാ എന്ന നടി മലയാള സിനിമയ്ക്ക് പുതിയ വാഗ്ദാനമാവുകയാണ്. ഇമേജുകളെ ഭയപ്പെടാതെ, കഥാപാത്രത്തിനുവേണ്ടി ജീവിത രീതിയില്‍പോലും മാറ്റം വരുത്താന്‍ തയ്യാറാവുന്ന പെണ്‍കുട്ടി. റിമയുടെ ആ പ്രയത്നമാണ് അനിതര സാധാരണമായ അഭിനയമികവിലൂടെ 22 ഫീമെയില്‍ കോട്ടയത്തിലെ ടെസയെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാക്കിയത്. സ്ത്രീജീവിതത്തിന്റെ വിവിധഭാഗങ്ങള്‍ അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാതെ ടെസ്സയെ റിമ അനശ്വരമാക്കി. റിമയുടെ വിശേഷങ്ങളിലേക്ക്….
റിമയെ തേടി ടെസ്സ എത്തുന്നത്?
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ തുടക്കം മുതല്‍ ഞാനതിന്റെ ഭാഗമാണ്. സംവിധായകന് ആഷിക്കയും (ആഷിക് അബു) തിരക്കഥാകൃത്ത് ശ്യാം-അഭിലാഷും ഒക്കെ സുഹൃത്തുക്കളാണ്. ആഷിക് അബു ഈ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. കഥ പറഞ്ഞപ്പോള്‍തന്നെ മനോഹരമായി എനിക്ക് തോന്നി. അത് പറയുകയും ചെയ്തു. അതിനുശേഷമാണ് ആഷിക് അബു പറയുന്നത് ടെസ നീയാണെന്ന്. ആ തീമില്‍ എനിക്ക് അന്നേ വിശ്വാസം തോന്നിയിരുന്നു. 22 എഫ്.കെ.യുടെ ഫുള്‍ സ്ക്രിപ്റ്റ് കിട്ടിയശേഷം അഞ്ചു മാസത്തെ സമയമുണ്ടായിരുന്നു, ടെസ്സയായി മാറാന്‍.
ടെസ്സയായി മാറാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍?
ഒരു സമയത്ത് ഒരു സിനിമ എന്നതാണ് എന്റെ പോളിസി. നമുക്ക് ലഭിച്ച കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അത് സഹായിക്കും. ഒരേ സമയം ഒന്നിലധികം കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ല. ഒരു കഥാപാത്രം നമ്മെ തേടിവരുമ്പോള്‍ സ്വാഭാവികമായും നമ്മള് കണ്ടുമുട്ടിയവരുടെ മനോവികാരങ്ങള്‍ മനസിലേക്കോടിയെത്തും. ആ കഥാപാത്രമായി മാറാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നമുക്കു തന്നെ തോന്നും. അന്തര്‍മുഖിയായ ഒരു പെണ്‍കുട്ടിയാണ് ടെസ. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ‘ഐ കോണ്ടാക്റ്റ്’ ഒഴിവാക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് ഒരു കണ്ണട അത്യാവശ്യമാണ്.
ടെസയ്ക്ക് കണ്ണട യോജിക്കുമെന്നതിന് എന്റെ മനസ്സ് കണ്ടെത്തിയ കാരണമിതാണ്. ആഷിക് അബു ടെസ്സയാവാന്‍ എന്റെ മുടി സ്ട്രെയ്റ്റന്‍ ചെയ്യണമെന്നും തടി കുറയ്ക്കണമെന്നും പറഞ്ഞു. ഒരു വ്യത്യസ്ത കഥാപാത്രം ചെയ്യാന്‍ എന്തുമാറ്റത്തിനും തയ്യാറായിരുന്നു. ഭക്ഷണം കഴിക്കാതെയിരുന്ന് അഞ്ച്കിലോ കുറച്ചു. ചുരുളന്‍ മുടി ആദ്യമായി സ്ട്രെയിറ്റന്‍ ചെയ്തു.
ടെസ്സ വെല്ലുവിളിയായത്?
ക്ലെമാക്സ് രംഗത്താണ്. 20 മിനിട്ടു വരുന്ന ക്ലെമാക്സ് രംഗത്ത് സംഭാഷണവും ഏറെയുണ്ട്. വഞ്ചിച്ച പുരുഷനോട് പ്രതികാരം ചെയ്യുന്ന ടെസ്സയും അതിനുശേഷം അവള് കടന്നുപോകുന്ന മാനസികാവസ്ഥയും വ്യത്യസ്ത വികാരങ്ങള്‍ ഉള്കൊള്ളുന്നവയാണ്. വളരെ സംയമനത്തോടെ അതിഭാവുകത്വങ്ങളില്ലാതെ അത് അവതരിപ്പിച്ചില്ലെങ്കില്‍ പാളുമായിരുന്നു.
പ്രണയം, വഞ്ചന, നിസഹായത്വം, പ്രതികാരം വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്ന ടെസ്സയും ഇന്നത്തെ സ്ത്രീയും.
ഒരു പെണ്‍കുട്ടി എത്ര ബോള്‍ഡാണെങ്കിലും പ്രണയത്തിനു മുമ്പില്‍ അവള് സാധാരണ പെണ്‍കുട്ടിയായി മാറും. പ്രണയത്തിലൂടെയുണ്ടാകുന്ന മനോഹരമായ നിമിഷങ്ങളില്‍ ഏത് സ്ത്രീയും സ്നേഹിക്കുന്ന പുരുഷനെ വിശ്വസിക്കും. അത് വഞ്ചനയാണെന്ന് തോന്നുമ്പോള്‍ ഏതു പെണ്‍കുട്ടിയും കടന്നുപോകുന്ന മാനസികാവസ്ഥയിലൂടെ തന്നെയാണ് ടെസ്സയും സഞ്ചരിച്ചത്. പിന്നെ 22 എഫ്.കീയിലെ പ്രതികാര രീതി. പെണ്‍കുട്ടികള്‍ ഇങ്ങനെ ചിന്തിക്കുമോ എന്ന ചോദ്യം. എന്നാല്‍ സിനിമയിറങ്ങിയശേഷം മനസ്സിലാക്കാനായത് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ്. അതിന് തെളിവുകളുമുണ്ട്.
22എഫ്.കെ. ഒരു സ്ത്രീപക്ഷ സിനിമയാണെന്ന വിലയിരുത്തല്‍?
22 എഫ്.കെ. ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. സ്ത്രീകളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രമാണത്. സ്ത്രീകള്‍ക്കു നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കണം എന്ന സന്ദേശം സിനിമയിലുണ്ട്. ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഡോക്ടറായ എന്റെ സുഹൃത്ത് വിളിച്ചുപറഞ്ഞ സംഭവം ഒരുപാട് വേദനിപ്പിച്ചു. 22 വയസ്സായ ഗര്‍ഭിണിയായ പെണ്‍കുട്ടി രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഭര്‍ത്താവിന്റെ ചവിട്ടേറ്റതാണ് കാരണം. ആ പെണ്‍കുട്ടിക്ക് കുഞ്ഞ് നഷ്ടപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്.
പക്ഷേ സമൂഹത്തിലുള്ള എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. വളരെ ചുരുക്കംപേരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. 22 എഫ്.കെ.യുടെ പോസിറ്റീവ് വശം ഈ സിനിമ കണ്ട് കയ്യടിച്ചവരിലും അഭിനന്ദിച്ചവരിലും 80ശതമാനവും ആണുങ്ങളാണെന്നതാണ്. എന്നെ പിന്തുണച്ച ഒരുപാടുപേര് പുരുഷന്മാരാണ്. ഈ സിനിമയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അത് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ അണിയറ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. അമ്മയെയും സഹോദരിമാരെയും വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ആഷിക്ക് അബുവിന് ഈ സിനിമ മനോഹരമാക്കാനായത്. സൗമ്യകേസ് പോലുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ഇതിന് മാറ്റമുണ്ടാവണമെങ്കില്‍ ഇതിനെതിരെ പ്രതികരിക്കുന്ന, ഇത്തരക്കാരെ തുറന്നുകാട്ടുന്ന വിഷയങ്ങളുള്ള സിനിമകള്‍ ഉണ്ടാവണം. മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. നമ്മുടെ വികാരങ്ങള്‍ തുറന്നുപറയാന്‍ ഒരു സിനിമയുണ്ടായല്ലോ എന്നാണ് ചില സ്ത്രീകള്‍ 22 എഫ്.കെ. കണ്ടശേഷം പറഞ്ഞത്.
വര്‍ഷാജോണില്‍ നിന്നും ടെസ്സയിലേക്കെത്തിയപ്പോള്‍ ഉണ്ടായ മാറ്റം?
ഒരു അഭിനേത്രിയെന്ന നിലയില്‍ വളരെയേറെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അഭിനയിക്കാനുള്ള കഴിവ് ഒരു വ്യക്തിക്ക് ജന്മസിദ്ധമായി ലഭിക്കുന്ന വരദാനമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അത് തേച്ച് മിനുക്കിയെടുക്കണം. ഋതുവില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. ക്യാമറ ആംഗിള്‍, ലൈറ്റിംഗ് തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍. ടെസ്സയിലേക്കെത്തുമ്പോള്‍ സാങ്കേതികവശത്തെക്കുറിച്ച് ചിന്തിക്കേണ്ടതേയില്ല. നമുക്ക് കിട്ടിയ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചാല്‍ മതിയാകും. ശ്യാമപ്രസാദ്, രഞ്ജിത്ത്, ടി.വി.ചന്ദ്രന്, ജോഷി തുടങ്ങിയ അനുഭവസമ്പത്തുള്ള സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനായത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അവരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളറിയാതെ അവരില്‍ നിന്നും ഒരു എനര്‍ജി നമുക്ക് ലഭിക്കും. അത് നമ്മുടെ അഭിനയത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.
റിമ അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്നു?
തമിഴ്ഭാഷയില്‍ യുവന്‍യുവതി എന്ന ഒരു ചിത്രം മാത്രമാണ് ചെയ്തതത്. അതില്‍ മുഴുനീള കഥാപാത്രമായിരുന്നു. എനിക്ക് വന്ന ഓഫറുകളിലൊന്നും കഥാപാത്രത്തിന് യാതൊരു പ്രധാന്യവുമുണ്ടായിരുന്നില്ല. അന്യഭാഷാചിത്രങ്ങളില്‍ സാമ്പത്തികവും പ്രശസ്തിയും കൂടുതല്‍ കിട്ടുമായിരിക്കും. ഇന്ത്യന്‍ റുപ്പി, നിദ്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളില്‍ ലഭിച്ചതുപോലുള്ള വേഷങ്ങള്‍ വന്നിട്ടേയില്ല. അന്യഭാഷ ഇന്‍ഡസ്ട്രിയില്‍ ചെല്ലുമ്പോള്‍ മുഴങ്ങുന്ന ഒരു ചോദ്യമുണ്ട്. മലയാള സിനിമയ്ക്ക് എന്തുപറ്റി എന്ന്. ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാനാവും. മലയാളത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ നോക്കൂ എന്ന്. മലയാള സിനിമ വീണ്ടും മാറുകയാണെന്ന്. പിന്നെ മലയാള ഇന്‍ഡസ്ട്രീയിലും ആരെങ്കിലുമൊക്കെ വേണ്ടേ അഭിനേത്രിയെന്ന നിലയില്‍.
ഓരോ അഭിനേതാവിനെ സംബന്ധിച്ചും പ്രതിഫലം ഒരു ഘടകമാണ്. പ്രതിഫലം മോഹിച്ച് അഭിനയിക്കുന്നവരുണ്ടാവാം. എന്നെ സംബന്ധിച്ച് സിനിമ ഒരു പ്രൊഫഷന് മാത്രമല്ല. ഒരു കലാരൂപമാണ്. സിനിമയിലേക്ക് വരുന്നതിനുമുന്പ് നൃത്തം, കൊറിയോഗ്രാഫി, പരസ്യം, സ്റ്റേജ് ഷോകളില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു ഞാന്‍. പരസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍പോലും തീമിന്റെ പ്രാധാന്യം നോക്കാറുണ്ട്. നായക പ്രധാന്യമുള്ള സിനിമകള്‍ മാത്രമേ ഇറങ്ങുന്നുള്ളൂവെന്ന് പൊതുവേ പരാതി പറയാനുണ്ടെങ്കിലും അഭിനേത്രികള്‍ ഒരു കഥാപാത്രം ലഭിച്ചാല്‍ നമുക്ക് അതില്‍ എന്ത് ചെയ്യാനാവുമെന്ന് ഇന്‍ഡസ്ട്രിക്ക് കാണിച്ചുകൊടുക്കണം. അങ്ങനെ തെളിയിച്ചുകൊടുത്തവരാണ് മഞ്ജുവാര്യരും, ശോഭനയും, ഉര്‍വ്വശിയുമെല്ലാം. ഓരോരുത്തരുടെയും വീക്ഷണം ഓരോ രീതിയിലായിരിക്കും. ഒരു സിനിമയില്‍ കഥാപാത്രത്തിന് ഏതളവുവരെ ഗ്ലാമര്‍ വേണമെന്നത് നമ്മള് തീരുമാനിക്കണം. നിദ്രയിലെ അശ്വതിക്ക് ഒരു കുഴപ്പമുണ്ടായില്ല. ഒരുപാട് പേര് നല്ല അഭിപ്രായം പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍?
സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങള്‍ സിനിമാ മേഖലയിലും പ്രതിഫലിക്കുന്നു എന്നേയുള്ളൂ. സിനിമയില്‍ നേരിടുന്ന പ്രധാന വിവേചനം പ്രതിഫലതുകയുടെ കാര്യത്തിലാണ്. നായകനും നായികയും ഒരു കലാകാരനെന്ന നിലയില്‍ ഒരേ പരിശ്രമമാണ് നടത്തുന്നത്. എന്നാല്‍ നായകന് കിട്ടുന്ന പ്രതിഫലവും സാറ്റലൈറ്റ് മൂല്യവും നായികയ്ക്ക് കിട്ടുന്നതുമായുള്ള അന്തരം ഭീകരമാണ്. ഇത് സ്ത്രീകളുടെ സര്‍ഗ്ഗചേതനയെ പാര്‍ശ്വവത്കരിക്കുന്നതിന് തുല്യമാണ്. ഇതെല്ലാവര്‍ക്കുമറിയാം.
സാമൂഹ്യവിഷയങ്ങളില്‍ റിമ പ്രതികരിക്കുന്നു. എന്‍ഡോസള്‍ഫാന്‍, മുല്ലപ്പെരിയാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ ഇടപ്പെടുന്നു?
ആ വിഷയങ്ങളില്‍ എന്റെ അഭിപ്രായം പറയുന്നു. ഒരു പബ്ലിക് ഫിഗര്‍ ആയതുകൊണ്ട് പ്രതികരിക്കുന്നു എന്ന് ചിലര്‍ അരോപിച്ചേക്കാം. പക്ഷേ അഭിപ്രായങ്ങള്‍ തുറന്നുപറയുക എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഇന്‍ഡസ്ട്രിയില്‍ ഈ സ്വഭാവംകൊണ്ട് യാതൊരു ബുദ്ധിമുട്ടുണ്ടായിട്ടില്ല.
നൃത്തത്തോടുള്ള അഭിനിവേശം?
ഒരിക്കലും നൃത്തത്തില്‍ നിന്നും എനിക്ക് അകന്നു നില്‍ക്കാനാവില്ല. 24 മണിക്കൂറും നൃത്തമെന്ന് ചിന്തിച്ചിരുന്നകാലമുണ്ടായിരുന്നു. ദിവസം ആറ് മണിക്കൂര്‍ പരിശീലനം നടത്തിയിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിച്ചശേഷം നൃത്തനൃത്യ എന്ന ഡാന്‍സ് കമ്പനിയില്‍ പ്രവര്‍ത്തിച്ചു. നൃത്തത്തിലെ മെയ്വഴക്കത്തിനുവേണ്ടി കളരി, ചാവ്, തായ്ക്കോണ്ട തുടങ്ങിയ ആയോധനകലകള്‍ അഞ്ചുവര്‍ഷം അഭ്യസിച്ചു. മിസ് കേരള റണ്ണര്‍ അപ്പും സിനിമയും തന്ന ഗ്ലാമര്‍ നൃത്തത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും ഇന്നല്ലെങ്കില്‍ നാളെ നൃത്തരംഗത്തേക്ക് തന്നെ തിരിച്ചുപോകേണ്ടവളാണ് ഞാന്‍ എന്ന ഉത്തമബോധ്യമുണ്ട്.
ലൊക്കേഷനുകളില്‍ ഒറ്റയ്ക്ക് പോകുന്നു ഒറ്റയ്ക്ക് താമസം. വീട്ടില്‍ നിന്നുള്ള പിന്തുണ?
വീട്ടില്‍ നിന്നുള്ള പിന്തുണ നല്ലരീതിയിലുണ്ട്. ആദ്യകാലത്ത് അച്ഛനും അമ്മയ്ക്കും ടെന്‍ഷനുണ്ടായിരുന്നു. വീട്ടില്‍ നിന്നു കിട്ടിയ പൂര്‍ണ സ്വാതന്ത്ര്യം, അതാണെന്റെ കരുത്ത്. ചേട്ടന് അഭിലാഷാണ് അച്ഛനെയും അമ്മയെയും സമാധാനിപ്പിച്ചത്. ഋതു പുറത്തിറങ്ങിയപ്പോഴൊന്നും അവര്‍ക്ക് എന്നെ ഒരു അഭിനേത്രിയായി സ്വീകരിക്കാനാവുമായിരുന്നില്ല. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ നിദ്രയും 22 എഫ്കെയുമൊക്കെ കണ്ടിറങ്ങിയശേഷം അവര്‍ വളരെ സന്തോഷത്തിലാണ്.
പ്രണയം?
എല്ലാവരുടെയും ജീവിതത്തിലെ മനോഹരമായ വികാരമാണത്. എന്റെ ജീവിതത്തിലും അതുണ്ടാകും. ഒരിക്കലും എന്റേത് ഒരു അറേഞ്ചഡ് മാര്യേജ് ആയിരിക്കില്ല. പരസ്പരം മനസ്സിലാക്കാതെ ഒരു ദിവസം പെട്ടെന്ന് ഒരുമിച്ചുജീവിക്കണമെന്ന് സങ്കല്പത്തോട് യോജിക്കാനാവില്ല.
വിശ്വാസങ്ങള്‍?
ഞാനൊരു അമ്പലവാസി കുട്ടിയല്ല. ഈശ്വരചൈതന്യത്തില്‍ വിശ്വസിക്കുന്നു. വടക്കുംനാഥ ക്ഷേത്രത്തിലാണ് കൂടുതല്‍ പോയിട്ടുള്ളത്. അവിടെ ഏത് മതസ്ഥര്‍ക്കും ഏത് വേഷത്തിലും പ്രവേശനമുണ്ട്.
വിനോദനങ്ങള്‍?
യാത്ര വളരെയേറെ ഇഷ്ടപ്പെടുന്നു. വായന ധാരാളമുണ്ടായിരുന്നു. ഇപ്പോള്‍ സമയപരിമിതി മൂലം മുടങ്ങി. രാജസ്ഥാനിലേക്കാണ് അടുത്ത യാത്ര.
ഫാഷന്‍ സംരംഭം?
താല്പര്യമുള്ള മേഖലയായതിനാല്‍ സുഹൃത്തുകളുമൊത്ത് ‘സോള്‍ സിസ്റ്റര്‍’ എന്ന പേരില്‍ ഫാഷന്‍ വസ്ത്രങ്ങളുടെ ഒരു സംരംഭം തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി തൃശ്ശൂരിലും കോഴിക്കോടുമെല്ലാം എക്സിബിഷനുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.
സ്വപ്നം?
ഇന്‍ഡസ്ട്രി മാറുമ്പോള്‍ അതിന്റെ ഭാഗമായി ആ വളര്‍ച്ച കാണുക. മറ്റുള്ളവരുടെ കൂടെയിരുന്ന് ഇന്‍ഡസ്ട്രിയെ കുറ്റം പറയാതെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. പ്രേക്ഷക മനസ്സുകളില്‍ തങ്ങിനില്ക്കുന്ന നല്ല കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തുക. ഒരു നര്‍ത്തകിയായതിനാല്‍ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ഒരു ചിത്രത്തില്‍ ഒരു നര്‍ത്തകിയുടെ കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.
ഗോസിപ്പുകള്‍. ഫഹദ് ഫാസിലുമായി?
ഗോസിപ്പുകള്‍ തൊഴിലിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ. എന്റെ വീട്ടുകാര്‍ക്ക് എന്നെ നന്നായി അറിയാം. ഫഹദ് ഫാസില്‍ എന്റെ വെറുമൊരു സൂഹൃത്ത് എന്നു പറയുന്നില്ല. വളരെ വളരെ നല്ല സുഹൃത്താണ്. എന്നാല്‍ അതിലുപരിയായി ഒന്നും ഇതുവരെയില്ല. ഇനി എന്തെങ്കിലും ഉണ്ടായാല്‍ എല്ലാവരെയും അറിയിക്കുകയും ചെയ്യും.
കുടുംബം?
തൃശ്ശൂര്‍ പൂക്കുന്നം കല്ലിംഗല്‍ വീട്. അച്ഛന് കെ.ആര്. രാജന്. അമ്മ ലീനാഭായി. ചേട്ടന് അഭിലാഷ്. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: