തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ പാലക്കാട്ടുകാരിയായ തെന്നിന്ത്യന്‍ സുന്ദരി പ്രിയാമണി വീണ്ടും മാജിക്കിനൊരുങ്ങുന്നു. ചാരുലത എന്ന പേരില്‍ തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ ഇറങ്ങുന്ന ഹൊറര്‍ ചിത്രത്തില്‍ പ്രിയാമണി സയാമീസ് ഇരട്ടയായി അഭിനയിക്കുന്നു. അമീര്‍ ഒരുക്കിയ പരുത്തിവീരനി’ലൂടെ ഏവരുടെയും ശ്രദ്ധയിലെത്തിയ താരം വീണ്ടും കൂടുതല്‍ ശ്രദ്ധിക്കപ്പെടാവുന്ന വേഷത്തിലേക്ക്. പരുത്തിവീരന്റെ നേട്ടങ്ങല്ക്കുശേഷം തമിഴ് സ്ക്രീനില്‍ വലിയ ചലനങ്ങളുണ്ടാക്കാതിരുന്ന പ്രിയാമണി വീണ്ടും വെല്ലുവിളി നിറഞ്ഞവേഷത്തില് എത്തുകയാണ്.
ചാരുലത എന്ന ചിത്രത്തില്‍ ചാരുലതയായി എത്തുന്നത് പ്രിയാമണി ആണ്. .തായ് ഹൊറര്‍ ചിത്രമായ എലോണ്‍ എന്ന തായ് ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചാരുലത നിര്‍മിച്ചിരിക്കുന്നത്. കെ. ഭാഗ്യരാജ്, കെ.എസ്.രവികുമാര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുള്ള പൊന്‍ കുമാരനാണ് സംവിധാനംചെയ്യുന്നത്.
നാല് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രിയയുടെ ഇതുവരെ കാണാത്ത അഭിനയ ശൈലിയായിരിക്കും പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു വേഷം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് പ്രിയാമണി പറയുന്നു.
സയാമീസ് ഇരട്ടകളില്‍ ഒരാള്‍ പാവമെങ്കില്‍ തികച്ചും വിപരീത സ്വഭാവമുള്ളയാളാണ് രണ്ടാമത്തെ കഥാപാത്രം. സയാമീസ് ഇരട്ടകളായ പെണ്‍കുട്ടികള്‍ ഒരു യുവാവിനെ പ്രണയിക്കുന്നു. എന്നാല്‍ ഈ യുവാവിന് ഇവരില്‍ ഒരാളോട് മാത്രമേ പ്രണയമുള്ളൂ. ഇതില്‍ അസൂയാലുവായ രണ്ടാമത്തെ കഥാപാത്രം ചില അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നു. പരസ്പരം മനസ്സുകൊണ്ട് അകലുന്ന ഇവര്‍ ഒടുവില്‍ രണ്ടാകാന്‍ തീരുമാനിക്കുന്നു. സയാമീസ് ഇരട്ടകളെ വിഭജിക്കാനുള്ള ശസ്ത്രക്രിയക്കിടെ ഇതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. എന്നാല്‍ മരിച്ചയാളുടെ ആത്മാവ് ജീവിച്ചിരിക്കുന്നയാളെ വിടാതെ പിന്തുടരുന്നു. ഇതാണ് കഥാപശ്ചാത്തലം.
ബിഗ് ബജറ്റില്‍ ചിത്രീകരിക്കുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ യുവനടന് സ്കണ്ടു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സീത, ശരണ്യ, പൊന്‍വര്‍ണന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. പരുത്തിവീരന് എന്ന സിനിമയിലൂടെ 2007 – ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി ഗ്രാന്‍ഡ് മാസ്റ്ററിലാണ് അവസാനമായി മലയാളത്തില്‍ അഭിയിച്ചത്. പ്രാഞ്ചിയേട്ടന്, പുതിയമുഖം, തിരക്കഥ, ഒറ്റനാണയം, സത്യം എന്നിവയാണ് പ്രയാമണിയുടെ മറ്റ് മലയാള ചിത്രങ്ങള്‍. മണിരത്നം സംവിധാനംചെയ്ത രാവണനില്‍ നായികാവേഷവും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: