ഇരുപത്തിയാറ് വര്‍ഷം മുമ്പാണ് നിത്യമലയാള സിനിമയുടെ തിരശ്ശീലയില്‍നിന്നും വിടവാങ്ങിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നിത്യ ഇന്നും മറ്റ് തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ സജീവസാന്നിധ്യമാണ്. മലയാളസിനിമക്ക് കഴിവുറ്റ താരപ്രതിഭകളെ കണ്ടെത്തിയ ഭരതനാണ് നിത്യയെ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഭരതന്റെ ലോറിയില്‍ ആനിക്ക് ജീവന് നല്കിയ നിത്യ പിന്നീട് മലയാളത്തിന്റെ തിരക്കുള്ള നായിക ആയി. വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവ ജീവിതത്തില്‍ കടന്ന് വന്നപ്പോഴും തന്റെ ജീവബിന്ദുവിനെ നിത്യ മറന്നില്ല. അഭിനയത്തിന് മുന്‍തൂക്കം കൊടുക്കുന്ന നിത്യ കുടുംബത്തിന് രണ്ടാസ്ഥാനമേ ഉള്ളൂ എന്ന് സമ്മതിക്കുന്നു. വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്ന നമ്മുടെ നായികമാരില്‍ വ്യത്യസ്തയാണ് നിത്യ. ഗര്‍ഭണിയായ സമയത്ത് അഭിനയത്തില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന നിത്യയെ ഡബ്ബിങ് രംഗത്തേക്ക് സ്വാഗതം ചെയ്തത് സംവിധായകന് പി.വാസു ആയിരുന്നു.
അനുഗ്രൃഹീതഗായികയായ നിത്യ നാടകവേദിയിലൂടെയാണ് അഭിനയലോകത്തേക്ക് വന്നത്. ചെന്നൈയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനായ അച്ഛനും കലയോട് അടങ്ങാത്ത മോഹം ഉണ്ടായിരുന്നു. സ്വന്തമായി നാടക കമ്പനിയുള്ള അച്ഛന്റെ നാടകത്തിലെ ബാലതാരമായത് അഞ്ചാംവയസ്സിലാണ്. അങ്ങനെയാണ് നിത്യ അഭിനയത്തിന്റെ ആദ്യാക്ഷരം കുറിച്ചത്. മൗലവിസാര്, ബിച്ചു എന്നിവരുടെ നാടകക്കമ്പനികളിലും നിത്യ ബാലതാരമായി. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ നിത്യയുടെ കുഞ്ഞുമനസ്സില്‍ ഹൃദിസ്ഥമായി. ഈ അഭിനയവൈദഗ്ധ്യം ആണ് നിത്യയെ നാടകത്തില്‍നിന്നും സിനിമയിലേക്ക് എത്തിച്ചത്.
1979ല്‍ മലയാളത്തില്‍ ബേബി സംവിധാനം ചെയ്ത പമ്പരത്തിലൂടെ ബാലതാരമായി നിത്യ രംഗപ്രവേശംചെയ്തു. തൊട്ടടുത്തവര്‍ഷം ആണ് ലോറിയിലെ നായികാപദവി നിത്യയെ തേടിയെത്തിയത്. മലയാളനിര്മാതാവ് ബി.ബി.നായരാണ് നിത്യയെ ഭരതന് പരിചയപ്പെടുത്തുന്നത്. പതിനാലാം വയസ്സിലും കുട്ടിത്തം മാറാത്ത നിത്യ അശ്വരഥം, മണിയന്‍പിള്ള അഥവാ മണിയന് പിള്ള, ചിരിയോചിരി തുടങ്ങി ഇരുപതോളം മലയാളസിനിമയില്‍ അഭിനയിച്ചു. എല്ലാ തെന്നിന്ത്യന്‍ സിനിമകളിലും സജീവമായിരുന്ന നിത്യക്ക് ആ ഭാഷകള്‍ തനിക്ക് വഴങ്ങുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. മാതൃഭാഷയിലെ കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്കിയ നിത്യ അവിടുത്തെ അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന ബഹുമതിയും നേടി.
തമിഴ്സിനിമയിലെ ചിരഞ്ജീവി-നിത്യ കൂട്ടുകെട്ട് ധാരാളം ഹിറ്റ്സിനിമകള്ക്ക് ജന്മം നല്കി. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പവും തിരശ്ശീലയില്‍ തിളങ്ങി. നൂറോളം സിനിമകളില്‍ അഭിനയമികവ് പ്രകടിപ്പിച്ച നിത്യ കന്നട-തെലുങ്കിലെ സംയുക്തയാണ്. തമിഴില്‍ ഏറ്റവും നല്ല അഭിനേത്രിക്കുള്ള മെയിലാപ്പൂര്‍ അക്കാദമി പുരസ്കാരത്തിന് രണ്ട് തവണ നിത്യ അര്‍ഹയായി. ബാലതാരമായും ഈ അംഗീകാരം നിത്യക്ക് ലഭിച്ചു. ഏറ്റവും നല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും നിത്യ ഏറ്റുവാങ്ങി.
1987ല്‍ പ്രശസ്തക്യാമറമാന്‍ രവീന്ദ്രനൊത്ത് ജീവിതം പങ്കിട്ട ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. കുടുംബിനിയായതോടെ മലയാളത്തോട് താല്കാലികമായെങ്കിലും വിടപറയേണ്ടിവന്നു. ബാലുകിരിയത്തിന്റെ ഒന്നും മിണ്ടാത്ത ഭാര്യ ആയിരുന്നു നിത്യയുടെ അവസാനമലയാള സിനിമ. യുഎസില്‍ ജോലി നോക്കുന്ന മകള്‍ക്കും എന്‍ജിനീയറിങ് ബിരുദധദാരിയായ മകനും തിരക്കേറിയ ഭര്‍ത്താവിനും ഇടയില്‍ തനിക്ക് സമയം കളയാന്‍ ഒരു ഉപാധികൂടിയാണ് അഭിനയം എന്ന് നിത്യ. മലയാളിയായ ഭര്‍ത്താവ് ലിസ, എന്‍. എച്ച്-47, കരിംപൂച്ച തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴില്‍ സജീവമായ രവീന്ദ്രന്, ഭാര്യയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മറക്കാറില്ല.
പ്രശസ്ത അഭിനേത്രി പത്മിനി അഭിനയിച്ച ‘വിയറ്റ്നാം വീട്’ എന്ന ചിത്രത്തിന്റെ നാടകാവിഷ്കാരത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ നിത്യ. ജന്മം തമിഴകത്താണെങ്കിലും മലയാളത്തെ സ്നേഹിക്കുന്ന നിത്യ മലയാളം ചാനലിലൂടെ സീരിയലും സിനിമയും ആസ്വദിക്കുന്നു. ഓരോ ഭാഷയിലെ സിനിമക്കും വ്യത്യസ്ത ശൈലി ആണെങ്കിലും മലയാളത്തിന്റെ ലാളിത്യം മറ്റൊരുഭാഷാചിത്രത്തിനും അവകാശപ്പെടാനില്ല എന്ന് നിത്യപറഞ്ഞു. തമിഴില്‍ നാടക-സീരിയല്‍-സിനിമാ രംഗത്ത് സജീവമായ നിത്യക്ക് മലയാളത്തിലെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കാന് നൂറുശതമാനം സമ്മതം. സംഗീതത്തെ സ്നേഹിക്കുന്ന നിത്യക്ക് ചാനലുകളിലെ സംഗീതപരിപാടികളില്‍ ഭാഗമാകാനുമുള്ള ആഗ്രഹവും മറച്ചുവക്കുന്നില്ല. ബ്ലസിയുടെ പ്രണയം പോലുള്ളചിത്രത്തില് പങ്കാളിയാവാന്‍ തല്പ്പരയാണെന്ന് നിത്യ പറയുന്നു. ബ്ലസി, സത്യന് അന്തിക്കാട്, വീനിത് ശ്രീനിവാസന് ഇവരുടെ സിനിമകളിലെ സാന്നിദ്ധ്യമാകന് ആഗ്രഹിക്കുകയാണ് ഈ അനുഗൃഹീതനടി.
ഷൈലാമാധവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: