തിലകന്റെ അഭിനയപ്രതിഭ വിളിച്ചറിയിക്കുന്ന രണ്ട് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തി. തിലകന്റെ മരണശേഷം ആ മുഖം മലയാളി വീണ്ടും കാണുന്നു. അര്‍ദ്ധനാരി, സീന്‍ 1 നമ്മുടെ വീട് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളാണ് അര്ദ്ധനാരിയിലും സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലും തിലകന് അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും ഒന്ന് ഒന്നിനോടു കിടപിടിക്കുന്നവ.
ഗായകന് എം.ജി. ശ്രീകുമാറിന്റെ ആദ്യ നിര്‍മാണ സംരംഭമായ അര്‍ദ്ധനാരിയില്‍ ഹിജഡകളുടെ തലവനായിട്ടാണ് തിലകന് എത്തുന്നത്. തെങ്കാശിയിലെ ഹിജഡകളുടെ സങ്കേതമായ ഹമാമിന്റെ തലവനായി സ്ത്രൈണ ഭാവത്തില്‍ തിലകനെ അവതരിപ്പിച്ചിരിക്കുന്നത് നവാഗത സംവിധായകന് ഡോ. സന്തോഷ് സൗപര്‍ണികയാണ്. മനോജ് കെ. ജയന്, സായ്കുമാര്, സുരാജ് വെഞ്ഞാറമൂട്, ഇര്‍ഷാദ്, മൈഥിലി, മഹാലക്ഷ്മി, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ.നാരായണദാസ് നിര്‍മിക്കുന്ന സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷമാണ് തിലകന്. ലാല്‍, നവ്യാ നായര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, ഹരിശ്രീ അശോകന്, സുധീഷ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സെയിലേഷ് ദിവാകര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ സംവിധായകന് ഷൈജു അന്തിക്കാട് ആണ്. ഒരു സിനിമാക്കാരന്റെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളില്‍ തിലകന്റെ തിളക്കം കാണാം.
ചിലപ്പോഴെങ്കിലും സിനിമ നന്നായില്ലെങ്കിലും തിലകന് നന്നായി എന്ന് നമ്മെക്കൊണ്ട് പറയിച്ച പ്രതിഭയാണ് തിലകന്. ആ മഹാനടന് ജീവന് നല്കിയ നിരവധി കഥാപാത്രങ്ങള്‍ മലയാളിയുടെ ഓര്‍മയിലുണ്ടെങ്കിലും മരണ ശേഷം പുറത്തുവന്ന ഈ രണ്ടു കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: