ഒരു ജനതയുടെ സാംസ്കാരികമായ ഔന്നത്യം പാകപ്പെടുത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത് കലയാണ്. മണ്ണിനേയും മനസ്സിനേയും തൊട്ടറിയുന്നതോടുകൂടിയാണ് സാമൂഹ്യ ക്രമം തന്നെ മാറിമറിയുന്നത്, അഥവാ മാറ്റിമറിയപ്പെടുന്നത്. ജനതയുടെ സര്‍ഗശക്തിയും സംഘബോധവും വേരറ്റുപോയ്ക്കൂടായെന്ന തിരിച്ചറിവില്‍ നിന്നും രൂപപ്പെട്ട, തികച്ചും വ്യതിരിക്തമായ പ്രമേയമാണ് ചായില്യം ചലച്ചിത്രം മുമ്പോട്ട് വയ്ക്കുന്നത്. അത് സമൂഹത്തിന് നേര്‍ക്ക് ചോദ്യങ്ങള്‍ എറിയുകയാണ്. അതിന് ആധാരമാകുന്നത് ചുവപ്പാണ്. ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്ടെത്തുകയെന്നത് ആസ്വാദക മനസ്സിന്റെ ഉത്തരവാദിത്വമായി മാറുന്നു എന്നതാണ് ചായില്യത്തിന്റെ പ്രത്യേകത.
നിലനില്‍ക്കുന്ന സാമൂഹ്യക്രമത്തിന്റെ ഇത്തിരി മണ്ണില്‍നിന്നുകൊണ്ട് ചുവപ്പ് ചോദ്യങ്ങളാകുകയാണിവിടെ. ആ ചുവപ്പ് സ്ത്രീസഹജമായതിലേക്കും, വിപ്ലവ പ്രസ്ഥാനത്തിലേക്കും കൊലയുടെ രക്തപങ്കില ഭീകരതയിലേക്കും, രോഷത്തിലേക്കും, തെയ്യം കലയുടെ ജ്വലിക്കുന്ന കോലത്തിലേക്കും, പാരമ്പര്യവും മണ്ണും തീര്‍ത്ത ഇരുണ്ട ചുവപ്പിലൂടെ സ്ത്രീയുടെ കണ്ണീരിനേയും പ്രതിരോധത്തെയും പ്രതിനിധാനം ചെയ്യുന്നു.
കേന്ദ്രകഥാപാത്രമായ ഗൗരി ദേവതാതലത്തില്നിന്നും ആടുകയും പാടുകയും ചെയ്യുന്നിവിടെ. ഭര്‍ത്താവിന്റെ മരണമേല്‍പ്പിച്ച ആഘാതത്തില്‍നിന്നും ക്രമേണ മോചിതയാകുന്ന സ്ത്രീക്ക് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും നേരിടുന്ന അനുഭവങ്ങള്‍ ഇവിടെ അനാഛാദനം ചെയ്യപ്പെടുന്നു. അതേസമയം സമൂഹമാകട്ടെ ദേവതയായിക്കണ്ട് ആരാധന ചൊരിയുന്നു സങ്കല്പ്പത്തില്പോലും ദേവതയെ പ്രതിഷ്ഠിക്കാത്ത സ്ത്രീ സാധാരണ ജീവിതത്തിലേക്ക്, സ്ത്രീയിലേക്ക്, അമ്മയിലേക്ക് തിരിച്ചുവരാനുള്ള ത്വരയാണ് പ്രകടമാക്കുന്നത്. സാമൂഹ്യവും മറ്റുമായ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ‘സ്ത്രീത്വം’ തിരിച്ചുപിടിക്കുന്നതില്‍ വിജയിക്കുന്നുവെന്നതാണ് ഗൗരിയുടെ ഗരിമ.
ഉത്തര കേരളത്തിന്റെ തെയ്യം സമൂഹ രചനക്കായി പകരുന്ന ഊര്‍ജ്ജം ചായില്യത്തിലും കനത്ത സ്വാധീനമാണ് ചെലുത്തുന്നത്. കാലാകാലങ്ങളിലായി തെയ്യത്തിലെ ദേവതാവേഷം പുരുഷനാണെങ്കില്‍ ഇവിടെ സ്ത്രീ തന്നെയാകുന്നുവെന്നതാണ് ചായില്യം പകരുന്ന വിപ്ലവം. ഒപ്പം തെയ്യത്തിന്റെ വിവിധ രൂപവും ഭാവവും സമഗ്രതല സ്പര്‍ശിയായി സന്നിവേശിക്കുന്നതും ചായില്യത്തിന്റെ പ്രത്യേകതയാണ്. യഥാര്‍ത്ഥത്തില്‍ ഇത് ചോദ്യങ്ങളുടെ ‘ഒരു തരംചെമന്നചായം’ തന്നെയാകുന്നിവിടെ.
നേര് ഫിലിംസ് ഒരുക്കുന്ന ചായില്യത്തിന്റെ അണിയറയില്‍ പി.കെ.പ്രിയേഷ്കുമാര്‍, മനോജ് കാന, കുരീപ്പുഴ ശ്രീകുമാര്‍, പട്ടണം റഷീദ്, മനോജ് കണ്ണോത്ത്, രാജേഷ് കല്പ്പത്തൂര്, എന്‍.ഹരികുമാര്‍, ചന്ദ്രന് വായാട്ടുമ്മല്‍, കെ.ജി.ജയന് ഉള്‍പ്പെടെയുള്ളവരാണ് ഒന്നിക്കുന്നത്.
>> എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: