ആദ്യസിനിമയില്‍ തന്നെ പ്രേക്ഷകരുടെ അംഗീകാരം നേടുകയെന്നത് ചെറിയ കാര്യമല്ല. ഏതൊരു അഭിനേതാവിന്റെയും സ്വപ്നമാണത്. അത്തരമൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ നെറുകയിലാണ് ശ്രിത ശിവദാസ്. ഓര്‍ഡിനറിയിലെ കല്യാണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതോടെ ശ്രിത പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ഗവിയുടെ പശ്ചാത്തലത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച ഗവി ഗേളിന്റെ വിശേഷങ്ങളിലേക്ക്.
സിനിമയും ശ്രിതയും
ജീവിതത്തിലൊരിക്കലും സിനിമയിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആലുവ ഹോളിഗോസ്റ്റ് കോണ്‍വെന്റ് സ്കൂളിലായിരുന്നു പഠനം. സ്കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിച്ചുവെന്നല്ലാതെ സിനിമാ കമ്പമൊന്നുമില്ലായിരുന്നു. വീട്ടുകാരുമൊത്ത് വല്ലപ്പോഴും തീയേറ്ററില്‍ പോയി ഒരു സിനിമ കാണും. ഈ പുഴയും കടന്ന് ആയിരുന്നു അങ്ങനെ കണ്ട ആദ്യ ചിത്രം. കാലടി ശ്രീ ശങ്കരാചാര്യകോളേജില് മൈക്രോബയോളജി കോഴ്സിനെത്തുമ്പോള്‍ പഠനം മാത്രമായിരുന്നു ലക്ഷ്യം. എം എസ് സി കഴിഞ്ഞ് പുറത്തെവിടെയെങ്കിലും ജോലി നേടണമെന്ന മോഹമാണുണ്ടായിരുന്നത്. ഇതിനിടെയാണ് വനിതാ മാഗസിനില്‍ ഫോട്ടോക്വീനായി അവതരിപ്പിച്ചത്. വനിതയുടെ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരവും ലഭിച്ചു. അതുവഴി കൈരളി ചാനലിലെ താരോത്സവത്തില്‍ അവതാരകയായി അവസരം ലഭിച്ചു.
ഓര്ഡിനറിയിലെത്തുന്നത്
താരോത്സവം പരിപാടി കണ്ടിട്ടാണ് സംവിധായകന് സുഗീതേട്ടന് ഓര്‍ഡിനറിയിലേക്ക് വിളിക്കുന്നത്. ഓഡിഷനു വിളിച്ചു. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടെന്നും ചാക്കോച്ചന്റെ കൂടെയാണ് അഭിനയിക്കേണ്ടതെന്നും അറയച്ചു. കഥാപാത്രത്തെ ചെയ്തു കാണിക്കാന്‍ പറഞ്ഞു. സുഗീതേട്ടന് പറഞ്ഞു തന്നതു പോലെ ചെയ്തു.
പാര്‍വ്വതി ശ്രിതയാവുന്നത്
സിനിമയിലെത്തിയപ്പോഴാണ് പാര്‍വ്വതിയെന്ന എന്റെ പേര് കോമണ്‍ ആയതിനാല്‍ മാറ്റണമെന്ന അഭിപ്രായം വന്നത്. ഓര്‍ഡനറിയുടെ ടീം തന്നെ കുറേ പേരുകള്‍ മുന്നോട്ടു വച്ചു. ശ്രിത എന്ന പേരിനോട് ആകര്‍ഷണം തോന്നി. ജ്യോതിഷ പ്രകാരം കൂടിയാണ് ശ്രിത തിരഞ്ഞെടുത്തത്.
മറക്കാനാവാത്ത ഷൂട്ടിംഗ് അനുഭവങ്ങള്‍
പത്തനംതിട്ട കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലായിരുന്നു ഓര്‍ഡിനറിയുടെ ഷൂട്ടിംഗിന് തുടക്കമിട്ടത്. ഏറെ കാലത്തിനുശേഷമാണ് അവിടെ ഒരു ഷൂട്ടിംഗ് നടക്കുന്നത്. ചുറ്റും പതിനായിരക്കണക്കിന് ആള്ക്കാര് തടിച്ചു കൂടി ഷൂട്ടിംഗ് മുന്നോട്ടു പോകാനാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്നും ഷൂട്ടിംഗ് നേരെ ഗവിയിലേക്ക്. തീര്‍ത്തും വ്യത്യസ്തമായ അന്തരീക്ഷം. ആള് തിരക്കില്ലാത്ത പ്രകൃതിരമണീയമായ സ്ഥലം. ഗവിയിലെ നിവാസികള്‍ അധികവും തേയില നുള്ളുന്നവരും എസ്റ്റേറ്റുകളില്‍ പണിയെടുക്കുന്നവരുമാണ്. അവര്‍ക്ക് ഷൂട്ടിംഗിന്റെ കോലാഹലങ്ങളില്‍ ഒന്നും താത്പര്യമില്ല. അവരവരുടെ ജോലിക്ക് പോകും.
തിരക്കൊഴിഞ്ഞ ശാന്തമായ സ്ഥലത്ത് സിനിമയുടെ ടീമും ഒരു പഴയ കെ.എസ്.ആര്.ടി.സി ബസും. അവിടെയാകട്ടെ നല്ല തണുപ്പും കാറ്റുമാണ്. മഴയും മഞ്ഞും മൂലം നിരവധി തവണ ഷൂട്ടിംഗ് തടസ്സപ്പെട്ടിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു ഷോട്ട് എടുത്ത ശേഷം മഴ പെയ്തൊഴിയുവാനായി രണ്ട് മണി വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. താമസിച്ചിരുന്ന ഗസ്തൗസില്‍ തന്നെയായിരുന്നു പാചകവും. ചാക്കോച്ചന്റെ ഭാര്യ പ്രിയയും മേറ്റ്ല്ലാവരും ചേര്‍ന്നായിരുന്നു പലപ്പോഴും പാചകം. ഒഴിവ് വേളകള്‍ കാര്ഡ്കളിയും പരസ്പരം കളിയാക്കലുമൊക്കെയായി ശരിക്കും ആസ്വദിച്ചു. ഓര്‍ഡിനറിയിലെ ടൈറ്റില്‍ കാരക്ടര്‍ ഒരു പഴയ കെ.എസ്.ആര്.ടി.സി ബസാണ്. പഴയ ചെയ്സ് എടുത്ത് പണിത ബസായിരുന്നു. ഷൂട്ടിംഗിനിടെയുണ്ടാകുന്ന മഴയത്ത് ഞങ്ങളുടെ ആശ്രയം ബസാണ്.
എല്ലാവരും അതില്‍ കയറിയിരിക്കും. എല്ലാവരെയും അമ്പരിപ്പിച്ച രണ്ടു സംഭവങ്ങളുണ്ട്. സിനിമയില്‍ ബസ് കേടാവുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്ന വേളയില്‍ തന്നെ കറുത്തപുക വന്ന് ബസ് കേടായി. മറ്റൊന്ന് സിനിമയുടെ അവസാന ഷോട്ട് വരെ സജീവമായിരുന്ന ബസ് അവസാന ഷോട്ട് കഴിഞ്ഞ് പിന്നീടൊരിക്കലും സ്റ്റാര്‍ട്ടായിട്ടില്ല. ഓര്‍ഡിനറിയിലെ എല്ലാവര്ക്കും ആ ബസിനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ അവനെ കൂടെ കൂട്ടണമെന്നുണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുവരാനായില്ലെങ്കിലും എവിടെയെങ്കിലും എല്ലാവരും ചേര്‍ന്ന് ഓര്‍ഡിനറിയുടെ ഓര്‍മയ്ക്കായി അവനെ സൂക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഷൂട്ട് കഴിഞ്ഞതോടെ ബസ്പൊളിച്ചു മാറ്റി. അതിന്റെ നൊമ്പരം ഇപ്പോഴും മനസ്സിലുണ്ട്.
ചാക്കോച്ചനുമൊത്ത്
ചാക്കോച്ചനുമൊത്ത് ഒരു തുടക്കം കുറിക്കാനാവുക ഭാഗ്യമെന്നാണ് പലരും പറയുന്നത്. ഒപ്പം നിന്ന് അഭിനയിക്കുമ്പോള്‍ ആദ്യം ടെന്‍ഷനുണ്ടായി. ചാക്കോച്ചന് വന്ന് ഫ്രണ്ട്ലിയായി സംസാരിച്ച് ആള് ദ ബെസ്റ്റ് ഒക്കെ പറഞ്ഞപ്പോള്‍ ടെന്‍ഷന്‍ മാറി.
ഓര്‍ഡിനറി റിലീസായപ്പോള്‍
ആദ്യഷോ എറണാകുളം സരിതയില്‍ സുഗീതേട്ടന്റെ ഭാര്യ സരിതചേച്ചിക്കും കുടുംബത്തോടും ഒപ്പമിരുന്നായിരുന്നു കണ്ടത്. ആകെയൊരു ഉത്സവാന്തരീക്ഷമായിരുന്നു തീയേറ്ററില്‍. ടൈറ്റില്‍ സോംഗ് തന്നെ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പുതിയ ആളായതിനാല്‍ എന്റെ മുഖം സ്ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കൂവുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും കയ്യടിക്കുകയായിരുന്നു. അതു കണ്ട് കണ്ണ് നിറഞ്ഞു പോയി. സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇത്രയും വലിയ അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നില്ല. പ്രേക്ഷകരുടെ സപ്പോര്‍ട്ട് വല്ലാത്തൊരു ആത്മവിശ്വാസമാണ് തന്നത്.
അഭിനേത്രിയെന്ന നിലയില്‍
ഓര്‍ഡിനറിയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ തമിഴില്‍ നിന്നടക്കം രണ്ട് മൂന്ന് ഓഫറുകള്‍ വന്നിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങട്ടെ എന്നായിരുന്നു പ്രതികരണം. പലരും ഞാന്‍ കാട്ടുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞു. ഓര്‍ഡിനറി ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ വേറെ അവസരങ്ങള്‍ തേടി വരില്ല എന്നൊക്കെ പറഞ്ഞു. അഭിനയം പ്രൊഫഷന് ആയി എടുക്കുന്നതിനെക്കുറിച്ച് ഈ നിമിഷം വരെയും ഞാന്‍ തീരുമാനിച്ചിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യണം. വലിയ താരമാകണം എന്നൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. വര്‍ഷം ഇത്ര സിനിമ ചെയ്യണമെന്നുമില്ല. ഓര്‍ഡിനറി ഹിറ്റായി. പ്രേക്ഷകര്‍ അംഗീകരിച്ചു. അടുത്ത സിനിമ ഏതാണെന്നാണ് എല്ലാവരുടെയും ചോദ്യം. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കുറച്ച് കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
ഇഷ്ടവിനോദങ്ങള്‍
ഫോണില്‍ കൂട്ടുകാരെ വിളിച്ച് കത്തിവയ്ക്കും. ഭയങ്കര ബോറടി തോന്നുമ്പോള്‍ വരയ്ക്കും. ഇപ്പോള്‍ സിനിമകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
കുടുംബം
ആലുവ ഉളിയന്നൂര്‍ ശിവപാര്‍വ്വതിയിലാണ് താമസം. അച്ഛന് എസ്.ബി.ശിവദാസ്. ഏലൂര്‍ ഫാക്ടറി ഉദ്യോഗസ്ഥനാണ്. അമ്മ ഉമാ ശിവദാസ്. സഹോദരന് വിഘ്നേശ് എസ്.സി.എം.എസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: