വൈഗ. ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനി. ശാന്തമായി ജീവിച്ചിരുന്ന അവളുടെ സ്വഭാവത്തില്‍ ഒരു വ്യതിയാനം സംഭവിക്കുന്നതായി സ്കൂള്‍ അധ്യാപകര്‍ വീക്ഷിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ഗോശ്രീ മൂവിസിന്റെ ബാനറില്‍ ശരത്കുമാര് പ്രഭു സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ‘വൈഗ’.
തിരിച്ചറിവുകളില്ലാത്ത പ്രായത്തില്‍ തെറ്റുകളിലേക്ക് വഴി തിരിക്കുന്ന ബാല്യങ്ങളുടെ കഥ പറയുന്ന വൈഗയില്‍ ക്യാമറ ചലിപ്പിച്ചത് വിഷ്ണു നന്ദനാണ്. സി.ആര്. ശ്രീജിത്ത് എഡിറ്റിങ്ങും അരുണ്‍ മുരളീധരന് സംഗീതവും നിര്‍വഹിച്ച ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ച ബേബി സത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാള സിനിമയിലെ പുതിയ താരോദയം സാധിക, ബാസ്കര്‍ മംഗലശ്ശേരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ബോളിവുഡ് സിനിമകളില്‍ ഡി.ഐ ചെയ്യുന്ന സുനില്‍ കമ്മത്താണ് വൈഗയും ഡി.ഐ ചെയ്തത്.
പുത്തന്തലമുറിയിലെ രക്ഷാകര്‍ത്താക്കളുടെ അശ്രദ്ധയും അലംഭാവവും മൂലം കുരുന്നു മനസുകളില്‍ സൃഷ്ടിക്കുന്ന ജിജ്ഞാസയും അതുവഴി തെറ്റിലേക്ക് വലിച്ചെറിയപ്പെടുന്ന അവരുടെ ജിവിതവും പിന്നീട് അതു കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ചര്‍ച്ച ചെയ്യുന്ന പ്രമേയം ശരത്തിന്റെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമാണ്. കോംഗ്കണി ഭാഷയിലുള്ള ആദ്യ ഹ്രസ്വചിത്രം ‘നന്ദു’ ഒരുക്കിയതും തുറവൂര്‍ തിരുമലഭാഗം കൊറ്റിനാട്ടുമഠത്തില് ശോഭന്‍കുമാര്‍ പ്രഭുവിന്റെയും ശ്രീലത.എസ്.പ്രഭുവിന്റെയും മകനായ ശരത്താണ്.
അനിമേഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ശരത് പിന്നീട് മലയാളം, തമിഴ് ചിത്രങ്ങളുടെ അണിയറയില്‍ പങ്കാളിയാകുകയായിരുന്നു. സുരേഷ്ഗോപിയുടെ കടാക്ഷം സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും, വിരാടം എന്ന തമിഴ് ചിത്രത്തില്‍ അസോസിയേറ്റായും പ്രവര്‍ത്തിച്ച ശരത് ഇപ്പോള്‍ പുതിയ കോംഗ്കണി ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ്. സമൂഹത്തിന് നല്ലൊരു സന്ദേശം നല്കുന്ന വൈഗ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഉണ്ണി കാര്‍ത്തിക് രചനയും സുജോയ് എഡിറ്റിംഗും ഗായകന് സനൂപ് പാടിയതുമായ ഇതിന്റെ പ്രൊമോ സോങ്ങ് ‘വിജനവീഥിയില്’ യൂട്യൂബില്‍ ഹിറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: