“നമ്മള് ഇന്ത്യക്കാര്‍ക്ക് ചലച്ചിത്രത്തിന്റെ ഭാഷ ഇനിയും പിടികിട്ടിയിട്ടില്ല. ലോകസിനിമയുടെ ഭാഷ നമുക്ക് വഴങ്ങിയിട്ടില്ലെന്ന് തോന്നുന്നു. പലതിലും ഒരു കൃത്രിമത്വം നിറയുന്നതുപോലെ. എന്നാല്‍ കൊട്ടിഘോഷിക്കാത്ത സാധാരണ സിനിമകളില്‍ വൈകാരികതയുടെ അംശം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അധികം സിനിമകള്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അതിലുള്ള അറിവും പരിമിതമാണ്”. സിനിമയെക്കുറിച്ച് അധികമൊന്നും പറയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് അറിയില്ല. ചിത്രകലയില്‍ നിന്ന് ചലച്ചിത്രകലയിലേയ്ക്ക് പോകാന്‍ ആഗ്രഹിച്ചതുമില്ല. എങ്കിലും ചിത്രകാരനില്‍ നിന്ന് ശില്‍പിയിലേയ്ക്ക് നടന്നടുത്തപ്പോഴും ചില വ്യത്യസ്തമായ നൂതനാശയങ്ങളുടെ ചെറുതുരുത്തിലേയ്ക്കും നമ്പൂതിരിക്ക് ചെന്നെത്തേണ്ടി വന്നു. നമ്പൂതിരിയിലെ ചിത്രകാരന് ചിലപ്പോഴൊക്കെ ചലച്ചിത്രകാരനുമായി.
വര്‍ണാഭമായ ബാല്യകാലമല്ലായിരുന്നു വാസുദേവന്റേത്. ദാരിദ്യവും കഷ്ടപ്പാടും മറ്റേതു നമ്പൂതിരി കുടുംബത്തിലേതും പോലെ സമൃദ്ധം. സംഗീതവും തായമ്പകയുടെ മേളത്തഴക്കവും കേട്ടാണ് വാസുദേവന്‍ വളര്‍ന്നത്. നവരാത്രിക്കാലത്ത് തൃക്കാവ് അമ്പലത്തില്‍ തായമ്പകയ്ക്കെത്തുന്ന മലമക്കാവ് കേശവപ്പൊതുവാള്‍, തിരുവേഗപ്പുറ രാമപ്പൊതുവാള്‍, പോരൂര്‍ ശങ്കുണ്ണിമാരാര്‍ തുടങ്ങിയവരുടെ കൈ, മെയ് വഴക്കങ്ങള്‍ ആസ്വാദകര്‍ക്കിടയില്‍ അമ്പരപ്പോടെ കൊച്ചുവാസുദേവനും നോക്കിനിന്നിരുന്നു. ആരവമൊഴിഞ്ഞ അമ്പലത്തിന്റെ ചുമരുകളില്‍ കരിക്കട്ടകൊണ്ട് ആരുംകാണാതെ കോറിയിടുമ്പോള്‍ കേട്ടുശീലിച്ച സാംസ്ക്കാരിക പ്രൗഢിയുടെ ഈരടികള്‍ പൊന്നാനിക്കാരന് വാസുദേവന്‍ നമ്പൂതിരിയുടെ സിരകളിലും താളംപിടിച്ചു.
1925 സപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടുമനയിലെ പരമേശ്വരന് നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് ജനനം. ബാല്യത്തില്‍ത്തന്നെ സംസ്കൃതവും വേദമന്ത്രങ്ങളും അഭ്യസിച്ചു. ശാന്തിപ്പണിയ്ക്ക് തയ്യാറെടുക്കുമ്പോഴും വാസുദേവന്റെ മനസ്സില്‍ ചിത്രകലയോടുള്ള അഭിനിവേശം അടങ്ങാതെനിന്നു. ഒരിക്കല്‍ വരിക്കാശ്ശേരിമനയിലെ കൃഷ്ണന് നമ്പൂതിരി ഇല്ലത്തേയ്ക്കു വന്നപ്പോള്‍ മണ്ണുകൊണ്ട് ശില്പം മെനയുന്ന വാസുദേവനെ കണ്ടു. ശില്പത്തില് ആകൃഷ്ടനായ അദ്ദേഹം വരിക്കാശ്ശേരിയിലേയ്ക്ക് വാസുദേവനേയും കൂട്ടി. കാന്‍വാസില്‍ ചിത്രവും പോര്ട്രേയ്റ്റും വരയ്ക്കുന്നത് വാസുദേവന്‍ ആദ്യമായി കാണുന്നത് അവിടെവെച്ചാണ്. ചിത്രകാരന് കൂടിയായ കൃഷ്ണന് നമ്പൂതിരിയാണ് ചിത്രകലാപഠനത്തിനായി വാസുദേവനെ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിലേയ്ക്ക് പറഞ്ഞയക്കുന്നത്.
പന്ത്രണ്ടുദിവസത്തെ പ്രവേശനപ്പരീക്ഷയ്ക്കുശേഷം ഡബിള്‍ പ്രമോഷനോടെ വാസുദേവന്‍ പഠനമാരംഭിച്ചു. പ്രിന്‍സിപ്പല്‍ ദേവീപ്രസാദ് റോയ് ചൗധരിയുടെ സാന്നിധ്യവും സ്വന്തം നാട്ടുകാരനും ഗുരുവുമായ കെ.സി.എസ്. പണിക്കരുടെ വാത്സല്യവും സഹപാഠി എം.വി ദേവനുമായുള്ള സൗഹൃദവും വാസുദേവനില്‍ ആത്മവിശ്വാസം വളര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം കരുവാട്ടുമനയില്‍ തിരിച്ചെത്തിയ വാസുദേവന്‍ പതിയെ ‘നമ്പൂതിരി’യായി മാറിത്തുടങ്ങുകയായിരുന്നു.
1960 ല്‍ എഡിറ്റര്‍ എന്‍.വി. കൃഷ്ണവാര്യരുടെ ക്ഷണം സ്വീകരിച്ചാണ് നമ്പൂതിരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെത്തുന്നത്. പിന്നീടുള്ള രണ്ട് പതിറ്റാണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകള്‍ നമ്പൂതിരി വരകളാല്‍ സമ്പന്നമായി. സൗകര്യാര്‍ത്ഥം താമസം പൊന്നാനിയില്‍ നിന്നും കോഴിക്കോട്ടേയ്ക്കു മാറ്റി. സാംസ്ക്കാരികനായകരുടെ സാന്നിധ്യത്താല്‍ സമ്പുഷ്ടമായിരുന്നു അന്നത്തെ കോഴിക്കോട് നഗരം.
തിരക്കൊഴിഞ്ഞ സായന്തനങ്ങളില്‍ സാംസ്ക്കാരിക ചര്‍ച്ചകള്‍ പതിവായി. നഗരത്തില്‍ റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥനായ ജി.അരവിന്ദനും അന്നത്തെ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. സംഭാഷണങ്ങള്‍ ചിന്തകളിലേയ്ക്കും സമാനചിന്തകള്‍ സൗഹൃദങ്ങളിലേയ്ക്കും വഴിമാറിയപ്പോള്‍ കാലം ചരിത്രത്തിലേയ്ക്ക് നടന്നടുത്തു.
സായന്തനങ്ങളിലെ സാംസ്ക്കാരിക ചര്‍ച്ചകളാണ് അരവിന്ദനേയും നമ്പൂതിരിയേയും തമ്മിലടുപ്പിച്ചത്. ആ സൗഹൃദം പിന്നീട് സിനിമയിലേയ്ക്കും വഴിമാറുകയായിരുന്നു.
1974 ല്‍ അരവിന്ദന്റെ ആദ്യചിത്രമായ ‘ഉത്തരായണം’ പുറത്തിറങ്ങി. തിക്കോടിയന് കഥയെഴുതി അരവിന്ദന് സംവിധാനം ചെയ്ത ഉത്തരായണത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചത് നമ്പൂതിരിയാണ്. ആ വര്‍ഷത്തെ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നമ്പൂതിരിയ്ക്കായിരുന്നു. അരവിന്ദന്റെ രണ്ടാമത്തെ ചിത്രമായ ‘കാഞ്ചനസീത’യ്ക്കും കലാസംവിധാനം നിര്‍വഹിച്ചത് നമ്പൂതിരി തന്നെയാണ്.
രാമായണത്തെ ആസ്പദമാക്കി സി.എന്‍. ശ്രീകണ്ഠന് നായര്‍ രചിച്ച കാഞ്ചനസീതയ്ക്ക് അരവിന്ദന് ചലച്ചിത്രഭാഷ്യമൊരുക്കുകയാണുണ്ടായത്. ആന്ധ്രാപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മാസങ്ങളോളം സഞ്ചരിച്ച നമ്പൂതിരിയും അരവിന്ദനും കഥയെ സ്വതന്ത്രമായ ശൈലിയില്‍ ആവിഷ്കരിക്കുകയായിരുന്നു. കഥയും വേഷവിധാനങ്ങളും യാഥാര്‍ത്ഥ്യത്തില്‍നിന്നും വ്യതിചലിച്ചു. മലയാള സിനിമാലോകത്ത് ചരിത്രം സൃഷ്ടിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു ‘കാഞ്ചനസീത’യ്ക്ക്.
1991 ല്‍ പദ്മരാജന് കഥയെഴുതി സംവിധാനം ചെയ്ത ‘ഞാന്‍ ഗന്ധര്‍വനി’ലും നമ്പൂതിരിയുടെ ഭാഗധേയം ശ്രദ്ധേയമായിരുന്നു. നിതീഷ് ഭരദ്വാജ് അഭിനയിച്ച് പ്രതിഫലിപ്പിച്ച ഗന്ധര്‍വരൂപം ഒരു നമ്പൂതിരി സൃഷ്ടിയായിരുന്നുവെന്നത് തികച്ചും യാദൃച്ഛികം. മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്തും ഈ രൂപം സ്വീകരിക്കപ്പെട്ടു. പിന്നീട് കാവ്യഭാവനകളിലും കഥാസങ്കല്‍പങ്ങളിലും വിടര്‍ന്ന ഗന്ധര്‍വരൂപവും ഇതുതന്നെ.
അരവിന്ദനില്‍നിന്നും പദ്മരാജനിലേയ്ക്കും ഷാജി.എന്‍.കരുണിലേയ്ക്കും ആ സൗഹൃദം വലുതായി. നമ്പൂതിരിയുടെ കൈവിരല്‍ത്തുമ്പുകള്‍ ചലച്ചിത്ര ലോകത്തും വിസ്മയങ്ങള്‍ സൃഷ്ടിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത കഥ പറയുന്ന, എം.എ റഹ്മാന് സംവിധാനം ചെയ്ത ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിയുടെ കലാസംവിധായകനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. പാചകക്കാരനായും ജാലവിദ്യക്കാരനായും മറ്റുമുള്ള ബഷീറിന്റെ വ്യത്യസ്തമായ വേഷത്തോടും ഭാവത്തോടും കൂടിയ ഇതിലെ രേഖാചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിനുരാജ് കലാപീഠം സംവിധാനം ചെയ്ത ‘നമ്പൂതിരി: വരയുടെ കുലപതി’ എന്ന ഡോക്യുമെന്ററിയില്‍ അണിയറയില്‍ നിന്നും അരങ്ങത്തെത്തി ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കാനും നമ്പൂതിരിയ്ക്കായി.
1960 മുതല്‍ ’81 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സേവനമനുഷ്ഠിച്ച നമ്പൂതിരി അതിനുശേഷം കുറച്ചുകാലം കലാകൗമുദിയിലും ജോലിനോക്കി. സമകാലിക മലയാളം വാരികയിലും ഭാഷാപോഷിണിയിലും അദ്ദേഹം ചിത്രമെഴുത്ത് തുടരുന്നു. 1988 ലും 1998ലും കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. നിരവധി ബഹുമതികള്‍ക്കിടയില്‍ 2004 ല്‍ കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്കാരവും നമ്പൂതിരിയെ തേടിയെത്തി. എണ്‍പത്തിയാറുകാരനായ നമ്പൂതിരി ഇപ്പോള്‍ കുടുംബത്തോടൊപ്പം എടപ്പാളിലാണ് താമസം.
ആള്‍ക്കൂട്ടത്തില്‍ നിന്ന് എന്നും അകന്നു നില്‍ക്കാനാണ് നമ്പൂതിരി ആഗ്രഹിച്ചത്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിമാത്രം ഒന്നിനും കൂട്ടുനിന്നില്ല. കലാചിന്തകനും കഥകളി ഗവേഷകനും കൂടിയായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന വലിയ കലാകാരനെക്കുറിച്ച് വാചാലരാകുന്ന നാട്ടുകാരില്‍ പലരും ആ പ്രതിഭാശാലി ജീവിക്കുന്നത് തങ്ങള്‍ക്കിടയിലെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടൊക്കെയോ തിരിച്ചറിയാതെ പോകുന്നു.
കര്‍മകാലത്തിന്റെ കൂര്മതയില് ദേശംവിട്ട് ദേശങ്ങളിലേയ്ക്ക് സഞ്ചരിക്കേണ്ടി വന്നു നമ്പൂതിരിക്ക്. കാലപ്രവാഹത്തില്‍ തിരിഞ്ഞുനോട്ടം അനിവാര്യമായപ്പോഴെല്ലാം കാതില്‍ പതിച്ചത് നവരാത്രിക്കാലത്തെ തായമ്പകയുടെ നിലയ്ക്കാത്ത താളം തന്നെയായിരുന്നു. ചിന്തകളിലുണര്‍ന്നത്
പൊന്നാനിപ്പുഴയുടെ ഗ്രാമവിശുദ്ധിയും.
രശ്മി ഭാസ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: