അനുദിനം വികസനത്തെക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇന്ത്യന്‍ ജീവിതത്തിന്റെ രണ്ടുമുഖങ്ങളില്‍ ഒന്നുമാത്രമേ കാണാന്‍ ശ്രമിക്കുന്നുള്ളു എന്ന വിളിച്ചുപറയലാണ് മലയാളിയായ കമല്‍.കെ.എം. സംവിധാനം ചെയ്ത ഐഡി എന്ന സിനിമ പ്രേക്ഷകനോട് ചെയ്യുന്നത്. തിരുവനന്തപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഐഡി നിറഞ്ഞ കയ്യടിവാങ്ങുകയും ഏഷ്യന്‍ ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായി ഏര്‍പ്പെടുത്തിയ നെറ്റ്പാക് എന്ന സംഘടനയുടെ പുരസ്കാരം നേടുകയുംചെയ്തു.
നമുക്കൊക്കെ ജനനസര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും ഉണ്ട്. അതുകൊണ്ട് അധിക രേഖകളൊന്നും കയ്യിലില്ലാതെ എവിടെയെങ്കിലും അറിയാത്ത ആളുകള്‍ക്കിടയില്‍ വീണ് മരിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള് ആരാണെന്ന് വെളിപ്പെടും. എന്നാല്‍ അങ്ങനെ തേടിവരാനും തേടിപ്പോയാല്പ്പോലും കണ്ടെത്താനും കഴിയാത്ത ഐഡന്റിറ്റിയില്ലാത്ത ഒരുകൂട്ടം മനുഷ്യരെയാണ് ഐഡി എന്ന സിനിമ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എന്താണ് ഐഡന്റിറ്റി എന്നാണ് സിനിമ നമ്മളോട് ചോദിക്കുന്നത്. നമ്മള് ആരാണ് എന്ന് വെളിപ്പെടുത്തുന്നത് നമ്മുടെ ഐഡന്റിറ്റി കാര്‍ഡുകളാണോ?
മുംബൈയിലെ ഒരു വാടകഫ്ലാറ്റില്‍ സുഹൃത്തുക്കളോടൊത്ത് കഴിയുകയാണ് ചാരു എന്ന സിക്കിം പെണ്‍കുട്ടി. അവള്‍ക്ക് മുംബൈയിലെ ഒരു കമ്പനിയില്‍ വര്‍ഷം എട്ടുലക്ഷത്തിലധികം രൂപ ശമ്പളനിരക്കില്‍ ജോലി ശരിയാകുന്നു. കമ്പനിയുടെ അധികാരികളുമായുള്ള അഭിമുഖത്തിന് പുറത്തുപോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഫ്ലാറ്റിന്റെ ഭിത്തി പെയിന്റ് ചെയ്യാന്‍ തൊഴിലാളി എത്തുന്നത്. പെയിന്റിങ്ങിനിടെ അയാള്‍ ഏണിയില്‍നിന്ന് താഴെവീണ് പരിക്കേല്‍ക്കുന്നു. അയല്‍ ഫ്ലാറ്റിലുള്ളവരുടെയും സെക്യൂരിറ്റിയുടെയും സഹായത്താല്‍ ചാരു തൊഴിലാളിയെ ആശുപത്രിയിലാക്കുന്നു. ആശുപത്രിയിലെത്തിയ അയാള്‍ മരിക്കുന്നു. എന്നാല്‍ അയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമാകുന്നില്ല. അയാളുടെ ഒരു മൊബെയില്‍ ഫോണ്‍ ചാരുവിന്റെ പക്കലുണ്ട്. അതിലെ അപരിചിതങ്ങളായ മൂന്ന് ഫോണ്‍ നമ്പരിലൂടെ വിവരങ്ങളൊന്നും ലഭ്യമാകുന്നില്ല. തൊഴിലാളിയുടെ വിവരങ്ങള്‍ തേടിയിറങ്ങുന്ന അവള് മുംബൈയിലെ ചേരികളിലെത്തുന്നു. വിചിത്രങ്ങളായ സാഹചര്യങ്ങളും ജീവിതങ്ങളുമായിരുന്നു ചാരുവിനെ തേടിയിരുന്നത്. ആ യാത്രയില്‍ അവള് പലതും തിരിച്ചറിയുകയാണ്. ഇന്ത്യയുടെ മാത്രമല്ല, ഏതൊരു രാജ്യത്തിന്റെയും വികസനത്തിനും കോര്‍പ്പറേറ്റ് ചിന്തകള്‍ക്കും അപ്പുറം മറ്റൊരു മുഖമുണ്ടെന്ന തിരിച്ചറിവാണ് ഇവിടെയുണ്ടാകുന്നത്. തൊഴിലാളിയാരെന്ന് അവള്‍ക്കു കണ്ടത്താനാകുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. 120 കോടി ജനങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്ത് ഭൂരിപക്ഷവും പട്ടിണിക്കാരാണെന്ന തിരിച്ചറിവാണ് പ്രധാനം. അവിടെ മരിച്ചുപോയ ഒരു തൊഴിലാളിയുടെ തിരിച്ചറിയല്‍ രേഖയ്ക്ക് ഒട്ടും പ്രസക്തിയില്ല.
ചില അവസ്ഥകള്‍ നമുക്ക് മുന്നിലേക്ക് കാഴ്ച്ചകളായി എറിഞ്ഞുതന്നുകൊണ്ടാണ് സിനിമ സംസാരിച്ചു തുടങ്ങുന്നത്. പണം മാത്രം മുന്നില്‍ക്കണ്ട് സംസാരിക്കുന്ന ഡോക്ടര്‍, ഫ്ലാറ്റിന്റെ അഡ്രസ്സില്‍ പോലീസ് പരാതി ഫയല്‍ ചെയ്താലുണ്ടാകുന്ന അപകട സാധ്യത മുന്നില്‍ക്കണ്ട് സംസാരിക്കുന്ന സുഹൃത്ത്, പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനായി മരിച്ചയാളുടെ ഐഡന്റിറ്റി ചാരുവിനോട് പറയാത്ത ലേബര്‍ ഏജന്റ് എന്നിങ്ങനെ നിരവധി ആളുകളുടെ സ്വത്വം ഈ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വരച്ചുകാട്ടുന്നുണ്ട് സിനിമ. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ദുരിതങ്ങളുടെയും ദരിദ്രജനജീവിതത്തിന്റെയും യഥാര്‍ത്ഥ ചിത്രം ഒരു തത്സമയ വിവരണ പരിപാടി എന്നപോലെ വെള്ളിത്തിരയില്‍ കാട്ടുകയാണ് ഐഡിയില്‍.
അവസാനത്തെ ഒരു അരമണിക്കൂറിലധികം ചാരു ഈ മനുഷ്യനെ തേടിപ്പോകുന്ന ഒരു ചേരിയുടെ മുഖമാണ് ഫ്രെയിമില്‍. അഴുക്കുകളിലൂടെ നിരങ്ങിയും നടന്നും ഓടിയും നടന്നുമൊക്കെ കടന്നുപോകുന്ന ഒരുകൂട്ടം മനുഷ്യര്‍. അഴുക്കുകളുടെ ഒരു മല. അഴുക്കുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട നിരത്ത്, വീടുകള്‍, അഴുക്കുകള്‍ കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യര്‍ ഇങ്ങനെ ഭീകരമായ കാഴ്ച്ചകളാണ് സിനിമയുടെ അവസാനത്തില്‍. ഒരാളുടെ ഐഡന്റിറ്റി ഒരു കൂട്ടം ജനതയുടെ ഐഡന്റിറ്റിയില്ലായ്മയുടെ ഭീകരതകാട്ടിത്തരുന്നതാണ് അവസാന ഫ്രെയിമുകള്‍. ഈ അഴുകിയ ഫ്രെയിമുകളിലൂടെ കാഴ്ച്ചക്കാരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് സിനിമ കാഴ്ച്ച അവസാനിപ്പിക്കും. പക്ഷേ അപ്പോഴും കാഴ്ച്ചക്കാരുടെ മനസ്സില്‍ സിനിമ അവസാനിക്കുന്നില്ല.
റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ ശബ്ദം ഒരുക്കിയിരിക്കുന്നത്. കോതമംഗലം എംഎ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളും സുമംഗലാ ഫിലിം സൊസൈറ്റിയിലെ സജീവാംഗങ്ങളും സംവിധായകന് കെ.എം.കമലും റസൂല്‍പ്പൂക്കുട്ടി, ക്യാമറമാന് മധു നീലകണ്ഠന്, എഡിറ്റര്‍ ബി അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഐഡി ഇതിനകം ബുസാന്‍ ചലച്ചിത്രമേളയിലും അബുദാബി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗോവന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ മൊറോക്കോ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു.
പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച അലീഫയാണ് കമലിന്റെ ആദ്യ ഫീച്ചര്‍ ചിത്രം. നാലു പെണ്ണുങ്ങള് എന്ന ചിത്രത്തിലൂടെ എഡിറ്റിങ്ങിന് ദേശീയ പുരസ്കാരം നേടിയ ആളാണ് ബി.അജിത്കുമാര്‍. ദേശീയ പുരസ്കാരം നേടിയ സഫലം എന്ന ചിത്രത്തിന്റെ ക്യാമറമാനാണ് മധു നീലകണ്ഠന്. ദീപാഞ്ജലി മേത്തയും മുരാരികുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
- ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: