സ്വപ്നവും പ്രാര്‍ത്ഥനയുമായിരുന്നു സിനിമ. അതാണിപ്പോള്‍ യഥാര്‍ത്ഥ്യമാകുന്നത്.
എംബിഎയ്ക്കൊപ്പം ജോലിചെയ്യുമ്പോഴും, പഴയ ക്രിക്കറ്റ് കമ്പവും ബാഡ്മിന്റനും നോവല്‍ വായനയൊന്നും ഉപേക്ഷിച്ചില്ല. പക്ഷേ അതിലും മേലെയായ അഭിനയക്കൊതി മലയാളത്തിന്റെ പുതിയ താരപ്പിറവിയായിമാറുകയാണ്.
ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടുള്ള ഈ ചെറുപ്പക്കാരന് പച്ചയായ ജീവതം തന്നെയാകണം സിനിമയും കഥാപാത്രങ്ങളുമെന്ന് വിശ്വസിക്കുന്നു. ഇത്തരമൊരു പച്ചപ്പ് രോഹിത് നായര്‍ എന്ന പുതുമുഖ നായകന്റെ മോഹം മാത്രമല്ല, സിനിമയെക്കുറിച്ചുള്ള നിരീക്ഷണം കൂടിയാണ്.
യുവത്വം ചുറുചുറുക്കേകിയ ഈ കലാകാരന് എസ്.പി.മഹേഷ് സംവിധാനം ചെയ്യുന്ന അഭിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തുകയാണ്. പെട്ടെന്നൊരു ദിവസം സിനിമയിലേക്ക് എടുത്തെറിയപ്പെട്ടതല്ല രോഹിത്. നിരവധി തവണ ക്യാമറയുടെ വെള്ളിവെളിച്ചം രോഹിതിന്റെ മുഖത്തു പതിഞ്ഞിട്ടുണ്ട്. കോളേജ് ഇന്റര്‍ കോളേജ് തലങ്ങളില്‍ മോഡലായി തിളങ്ങിയ ഈ യുവാവിന്റെ സ്വപ്നം സിനിമയായിരുന്നെങ്കിലും അതിനുവേണ്ടി അധികമൊന്നും ശ്രമിച്ചിരുന്നില്ല. പഠനത്തിനുശേഷം സിനിമയിലേക്കുള്ള വാതായനങ്ങള്‍ തേടി ഇറങ്ങാം എന്ന് കരുതിയിരിക്കുമ്പോഴാണ് മലയാളിയുടെ മനസിലേക്ക് അഭിയായികുടിയേറാന് ക്ഷണം ലഭിക്കുന്നത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്കെത്തുന്ന പുതുതലമുറയുടെ പ്രതിനിധിയാണ് രോഹിതും.
സിനിമ സാങ്കേതികവിനിമയമാണെങ്കിലും അതില്‍ ജീവിതമുണ്ടാകണം. കഥാപാത്രം ജീവിതത്തില്‍ നിന്നാകണം. കഥാപാത്രമാവുമ്പോള്‍ വ്യക്തിയും നടനുമില്ല കഥാപാത്രമാണുവലുത്. അത്തരം സിനിമകളാണ് ലക്ഷ്യം. അഭിനയിക്കുമ്പോള്‍ മറ്റൊരു നടന്റെ ഭാവങ്ങള്‍ തന്നിലേക്കെത്താറില്ല. അതിന് അദ്ദേഹം തന്നെയുണ്ടല്ലോ എന്നാണ് രോഹിതിന്റെ ചോദ്യം. ഞാന്‍ എന്നില്‍നിന്നുതന്നെയാണ് കഥാപാത്രത്തിലേക്ക് പോകുന്നത്, മറ്റൊരാളിലൂടെയല്ല. മലയാളസിനിമയ്ക്ക് പ്രശ്നങ്ങളുണ്ടെന്നു പറയുമ്പോള്‍ പരിമിതിയും മനസിലാക്കണം. അന്യഭാഷാ ചിത്രങ്ങള്‍ മലയാളമണ്ണില്‍ തേരോട്ടം നടത്തുന്നുണ്ടെങ്കില്‍ അത് അവിടെ വിജയിക്കുന്ന ചുരുക്കം ചിലത് മാത്രമാണെന്നും ഓര്‍ക്കണം. മറ്റു ഭാഷകളിലും ചിത്രങ്ങള്‍ പരാജയപ്പെടുന്നുണ്ട്. മലയാള സിനിമയില്‍ പരിമിതിക്കകത്തെ പ്രശ്നങ്ങള്‍ സ്വാഭാവികം. വിദേശ സിനിമകള്‍ സാങ്കേതികമായി വന്‍ മികവുപുലര്ത്തുമ്പോള് അതു പെട്ടെന്ന് ആകര്‍ഷിക്കും. അതുപോലെ നമുക്കാവില്ല. പക്ഷേ പ്രമേയങ്ങളില്‍ ജീവിതത്തിന്റെ തുടിപ്പു പകര്‍ത്താനാവും. ചില മലയാള സിനിമകള്‍ വിദേശ ചിത്രങ്ങളുടെ തനിക്കോപ്പിയാകുന്നത് അപകടമാണ്. അനുകരിക്കുന്നവയ്ക്കും വേണം ഒരു മലയാളിത്തം.
നല്ലതിനേ ആരുചെയ്താലും സ്വീകരിക്കുന്ന മനസാണ് മലയാളി പ്രേക്ഷകരുടേത്. അവര്‍ നല്ലതിനെ തിരിച്ചറിയാന്‍ സാധിക്കുന്നവരുമാണ്. ഒരു ചിത്രം വിജയിക്കുമ്പോള്‍ അതിന്റെ കാര്‍ബന്‍ കോപ്പികണക്കെ സിനിമകള്‍ ഇറങ്ങുന്നതാണ് മലയാളസിനിമ പരാജയപ്പെടുന്നതിന് പ്രധാനകാരണം. എക്കാലത്തും എല്ലാ പ്രമേയങ്ങളും മാറിമാറി വരണം. അപ്പോള്‍ പ്രേക്ഷകന് വിരസത അനുഭവപ്പെടില്ല. അത് വിജയത്തിന്റെ അളവും വര്‍ദ്ധിപ്പിക്കും.
മാധ്യമങ്ങള്‍ ഇത്ര പ്രചാരം നേടുന്നതിന് മുമ്പ് കലകള്‍ സാമൂഹ്യ തിന്മകള്ക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗമായിരുന്നു. എന്നാല്‍ ഇന്ന് ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ അത് ചെയ്യുമ്പോള്‍ കലക്ക് എന്റര്‍ട്രൈനര്‍ മാത്രമായി മാറിനില്‍ക്കാം. സിനിമ കൂടുതല്‍ പേരില്‍ സ്വാധീനം ചെലുത്തും എന്നതുകൊണ്ട് കലാമൂല്യം പൂര്‍ണമായി നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. രോഹിതിന്റെ ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്.
എസ്.പി.മഹേഷ് സംവിധാനം ചെയ്യുന്ന അഭിയും ഞാനും വേറിട്ടപ്രമേയമാണ്. സംവിധായകന്റെയും സുഹൃത്തിന്റെയും ഇടപെടലാണ് മഹേഷ് നടത്തിയത് അതുകൊണ്ട് ടെന്‍ഷനുണ്ടായില്ല. അതുപോലെ സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ ലാലും മേനകയും നന്നായി സഹകരിച്ചു. അതൊരു പ്രചോദനവും സൗഭാഗ്യവുമാണെന്ന് രോഹിത് പറഞ്ഞു. അര്‍ച്ചനാ കവിയാണ് നായിക.
തൃശൂര്കാരനായ രോഹിത് മലയാളം സംസാരിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ ചുവ. വീടിനെക്കുറിച്ചു പറഞ്ഞപ്പോള്‍ മലയാളിയുടെ സ്വതവേയുള്ള ഗൃഹാതുരത്വം ഈ ചെറുപ്പക്കാരനിലും ചേക്കേറി. തൃശൂര്‍ നെല്ലുവയല് സ്വദേശിയായ രാജേന്ദ്രനാണ് അച്ഛന്. അമ്മ സുധ. ഉദ്യോഗസ്ഥനായ രാഹുല്‍ ചേട്ടനാണ്. പുതുമുഖങ്ങളെ എന്നും മനസിലേറ്റി താലോലിച്ച മലയാളി തനിക്കും’അഭിക്കും’ മനസില്‍ സ്ഥലം നല്‍കുമെന്ന പ്രതീക്ഷയിലാണ് മുംബൈ മലയാളിയായ രോഹിത് നായര്‍. പുതുമുഖങ്ങളെ അനിവാര്യമായ മലയാളസിനിമയുടെ ഇക്കാലത്തിന് രോഹിതില്‍നിന്ന് ഒരുപാട് പ്രതീക്ഷിക്കാനുണ്ടാവും.
വി. പ്രവീണ്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: