മലയാറ്റൂരിന്റെ യക്ഷിക്കഥയിലെ രാഗിണിയെന്ന കഥാപാത്രം അനു എന്ന അനുമോളുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരിക്കും. ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സെലിബ്രേഷന് ഓഫ് ഇന്ത്യന്‍ സിനിമാ കാറ്റഗറിയിലും പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളം സിനിമായുടെ കാറ്റഗറിയിലും പ്രദര്‍ശിപ്പിച്ച “അകം” എന്ന ചിത്രത്തിലെ നായിക രാഗിണിയെന്ന യക്ഷിയെ അവതരിപ്പിച്ചത് അനുമോളാണ്. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രം കെ.എസ്.സേതുമാധവന്റെ ശാരദയും സത്യനും അവതരിപ്പിച്ച യക്ഷിയില്നിന്ന് ഏറെ വ്യത്യസ്തമായി ഓരോ സീനുകളും പുത്തന്‍ തലമുറയുടെ കാഴ്ചപ്പാടനുസരിച്ച് അവതരിപ്പിക്കുകയാണിവിടെ. ശാലിനി ഉഷാദേവി സംവിധാനം ചെയ്ത് വിദേശിയായ ക്രിസ്റ്റഫര്‍ സ്മിത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്.
ഇതുവരെ താനഭിനയിച്ച കഥാപാത്രങ്ങളൊക്കെയും ശക്തവും ചുവടുറച്ചതും സ്ത്രീസങ്കല്പ്പങ്ങള്ക്ക് പുതിയൊരു മുഖം നല്‍കുകയും ചെയ്യുന്നതാണ് എന്നവര്‍ പറയുന്നു. പുരുഷനെക്കാള്‍ സ്ത്രീക്കാണ് ഈ സമൂഹത്തോട് ഏറെ കടപ്പാട് എന്നു തെളിയിക്കുന്നതാണ് തന്റെ ഭാഗ്യമാണെന്നും തുടക്കത്തില്‍ തനിക്കുമാത്രം ലഭിച്ച ഭാഗ്യമാണതെന്നും അവര്‍ വിശ്വസിക്കുന്നു.
സിനിമയും കലയുമായി പുലബന്ധമില്ലാത്ത ഒരുനാടന് പെണ്ണ്. ഒരു നടിയാവുക എന്ന് സ്വപ്നത്തില്‍പ്പോലും മോഹിക്കാത്ത ഈ പട്ടാമ്പി നാട്ടിന്പുറത്തുകാരി കൈരളി ചാനലില്‍ അവതാരികയും തമിഴിലും മലയാളത്തിലും നായികയാവുന്നതുമെല്ലാം അവിചാരിതം മാത്രം.
തമിഴില്‍ മൂവേണ്ടറിന്റെ “കണ്ണുക്കുള്ളൈ” എന്ന പടത്തിലൂടെയാണ് അനു ആദ്യമായി ക്യാമറക്കു മുന്നിലെത്തുന്നത്. കന്നട നടന് മിഥുനെ നായകനാക്കിയുള്ള ഈ ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ഏറെ ഹിറ്റായതോടെ ആത്മവിശ്വാസം ഏറുകയായിരുന്നു. ‘രാമര്‍’ എന്ന ചിത്രത്തിലെ ‘മഹാലക്ഷ്മി’എന്ന കഥാപാത്രം നായികാപ്രാധാന്യ കഥയായിരുന്നു. വിനയ് നായകനായി ആദിരാജ സംവിധാനം ചെയ്ത ശ്രീരാമന്റെ പേരിലുള്ള ഇളയരാജയുടെ ഈ മ്യൂസിക്കല്‍ ചിത്രം തമിഴകത്ത് നൂറിലധികം ദിവസം പ്രദര്‍ശന വിജയം നേടി. കിരണിനെ നായകനാക്കി ബാലുനാരായണന്‍ സംവിധാനം ചെയ്ത ചേരിപ്പെണ്കുട്ടിയുടെ കഥപറയുന്ന ചിത്രമാണ് ‘സൂരന്’. തമിഴില്‍ റിലീസാകാന്‍ പോകുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നല്കുന്നു.
“ഇവന് മേഘരൂപന്‍” എന്ന ചിത്രത്തിന് വേണ്ടിയാണ് അനു മലയാളത്തിലെത്തുന്നത്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ പി.ബാലചന്ദ്രന് പ്രകാശ് ബാരയെ നായകനാക്കി മഹാകവി പി.കുഞ്ഞിരാമന് നായരുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തില്‍ ഛായാഗ്രഹണം രാജീവ് രവിയാണ്. തങ്കമണിയെന്ന നാടന്‍പാട്ടുകാരി പെണ്‍കുട്ടി ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന കഥാപാത്രമാണ്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് തെയ്യം കെട്ടിയാടേണ്ടി വരുന്ന വിധവയും നാലുവയസ്സുകാരന് കുട്ടിയുടെ അമ്മയുമായ ഗൗരിയുടെ കഥ പറയുന്ന, മനോജ് ഗാനരചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചായില്യം’ എന്ന ചിത്രത്തിലൂടെ അനു വീണ്ടും മലയാളത്തിലെത്തുന്നു. നായക പ്രാധാന്യമില്ലാത്ത സിനിമ നാനാമേഖലകളില്‍നിന്നും ഒരു സ്ത്രീക്കു സഹിക്കേണ്ടിവരുന്ന ആക്രമണങ്ങളുടേയും വേദനകളുടേയും യാതനയുടേയും ചെറുത്തുനില്പ്പാണവിടെ, ‘സ്ത്രീജീവിതം’ തിരിച്ചുപിടിക്കാനുള്ള ഉഗ്രമായ പോരാട്ടത്തിനൊടുവില്‍ ഗൗരി വിജയം കണ്ടെത്തുകയാണ്. ഗൗരി അങ്കത്തിനിറങ്ങി മാതൃകയാകുമ്പോള്‍ സംസ്ക്കാരവും കാഴ്ചപ്പാടും മാറി മൂല്യങ്ങള്‍ ചോര്‍ന്നു പോയ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ഹനിക്കപ്പെടുന്നു എന്നുവരച്ചുകാട്ടുകയാണീ ചിത്രം.
ഇത്തരം ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ക്കായി ജഗതിക്കും കെ.ജി.ജയനുമൊക്കെ മുന്നില്‍ തനിക്ക് ആത്മവിശ്വാസം തരുന്നതും സംവിധായകര്‍ പറയുന്ന സ്ത്രീകഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും പട്ടാമ്പിക്കാരി നാട്ടിപുറത്തുകാരിയുടെ മനസ്സുള്ളതുകൊണ്ടാണ് എന്നവര്‍ പറയുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന മലയാള കഥാപാത്രങ്ങളാണ് തന്റെ മനസ്സിലെന്നും.
ബിജു പുത്തൂര്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: