തെറ്റ് ആര് ചെയ്താലും അത് തെറ്റുതന്നെ. അവിടെ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസമില്ല. എഴുതിവയ്ക്കപ്പെട്ട നമ്മുടെ നിയമം അനുശാസിക്കുന്നത് അതാണ്. എങ്കിലിവിടെ നടമാടുന്നതോ നേരെ വിപരീതവും! ഭാര്യാഭര്ത്താക്കന്മാരല്ലാത്ത സ്ത്രീയും പുരുഷനും തമ്മില്‍ തെറ്റിലേര്പ്പെട്ടാല്, അവിടെ സ്ത്രീ മാത്രമാണ് തെറ്റുകാരി. തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുകയും തെറ്റുചെയ്യുകയും ചെയ്യുന്ന പുരുഷന് കുറ്റക്കാരനല്ലാതാകുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ കൊഞ്ഞനംകുത്തലാണ്. ഇത് ന്യായമോ നീതിയോ?
പ്രതിസന്ധികളുടെയും ദുരിതങ്ങളുടെയും പ്രതിനിധിയായി എപ്പോഴും സ്ത്രീ മാറുമ്പോള്‍, അതിനെതിരെയുള്ള ഉത്തരവുമായാണ് ‘റേഡിയോ’ എന്ന ചിത്രമെത്തുന്നത്. പ്രതിസന്ധികളില്പ്പെട്ടുഴലാതെ അതില്‍നിന്നും കരകയറാന്‍ പുതിയ വഴികളും ശക്തിയും തേടുന്ന സ്ത്രീകളുടെ നാളത്തെ പ്രതിനിധികളായെത്തുകയാണ് ശ്വേതയും പ്രിയയും ‘റേഡിയോ’യിലൂടെ.
മലയാളത്തില്‍, നവതരംഗ ചിത്രങ്ങള്‍ക്ക് പുതുവഴിയൊരുക്കിയ ‘പാസഞ്ചര്‍’ എന്ന ചിത്രത്തിന് ശേഷം എസ്.പി.പിള്ള, വിജയാകമ്പയിന്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘റേഡിയോ’ സംവിധാനം ചെയ്യുന്നത് ഉമ്മര്മുഹമ്മദാണ്. ഇവിടെ ശ്വേതയും പ്രിയയുമാകുന്നത് യഥാക്രമം ഇനിയയും സരയുവുമാണ്. അവരെ കൂടാതെ നിഷാന്‍, തലൈവാസല്‍ വിജയ്, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്, കൊച്ചുപ്രേമന്, ജയകൃഷ്ണന്, ഇര്‍ഷാദ്, നിഹാല്‍, നാരായണന്‍കുട്ടി, തെസ്നിഖാന്, ശോഭാമോഹന്‍, സംഗീതാ മോഹന്‍, അംബികാമോഹന്‍, ശാന്തകുമാരി, നൂറിയ, ടീന, ഷീലാശ്രീ തുടങ്ങിയവരും റേഡിയോയില്‍ കഥാപാത്രങ്ങളാകുന്നു.
ഛായാഗ്രഹണം – ഉത്പല്‍ വി.നായനാര്‍, ദീപു, തിരക്കഥ – ഉമ്മര്‍ മുഹമ്മദ്, നിസാം റാവുത്തര്‍, കഥ – എം.എന്‍.ശ്രീധരന്, അസോസിയേറ്റ് ഡയറക്ടര്‍ – മോഹന്‍ രാജ്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – മോഹന്‍സിതാര, എഡിറ്റിംഗ് അജിത്കുമാര്‍, കല – സാബുറാം, വസ്ത്രാലങ്കാരം – വേലായുധന് കീഴില്ലം, ചമയം – ജയ്മോഹന്‍, പ്രൊ. കണ്ട്രോളര് – വിജയകുമാര്‍, പബ്ലിസിറ്റി, കോ-ഓര്‍ഡിനേറ്റേഴ്സ് – എ.എസ്.ദിനേശ്, അജയ്തുണ്ടത്തില്‍, പ്രൊ. ഡിസൈനര്‍ – പ്രേമന് വടുതല, ഫിനാന്‍സ് കണ്ട്രോളര് – രവിനായര്‍, ലാബ് – ചിത്രാജ്ഞലി.
എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി റേഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യവാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തും.
– അജയ് തുണ്ടത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: