സിനിമ എന്ന മാസ്മരികലോകത്തിന്റെ പിന്നണിയിലൂടെ പ്രേക്ഷകമനസ്സുകളില്‍ ഒരു നനുത്ത സ്പര്‍ശം ആയി കടന്നുവന്ന ശബ്ദദാതാവാണ് ഭാഗ്യലക്ഷ്മി. ഭാഗ്യവും ഐശ്വര്യവും ഈശ്വരന് ഒരുപോലെ തന്നില്‍ അനുഗ്രഹിച്ചു എന്ന് ഈ കൃഷ്ണ ഭക്ത വിശ്വസിക്കുന്നു. മുപ്പത്തെട്ടുവര്ഷത്തെ സിനിമാജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുകയാണ് ഈ കലാകാരി.
പറയത്തക്ക കുടുംബപശ്ചാത്തലമോ സാമ്പത്തികഭദ്രതയോ ഒന്നും അവകാശപ്പെടാനില്ലാത്ത നിരാലംബയായ ഒരു സ്ത്രീയ്ക്ക് ഇത്രയൊക്കെ ആകാന്‍ കഴിഞ്ഞത് ഈശ്വരാധീനം ഒന്നുകൊണ്ടുമാത്രമാണ്. അച്ഛനമ്മമാരെ നഷ്ടപ്പെട്ട ലക്ഷ്മിയുടെ ബാല്യം അനാഥത്വത്തിന്റെ കയ്പ് നിറഞ്ഞതായിരുന്നു. മൂന്നാം വയസ്സില്‍ അച്ഛന്റെ വേര്പാടിന്ശേഷം രോഗിയായ അമ്മയായിരുന്നു തന്റെയും സഹോദരങ്ങളുടെയും ഏകാശ്രയം. പത്താംവയസ്സില്‍ അമ്മയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ അവരെ അനാഥരാക്കി.അങ്ങനെയാണ് വലിയമ്മയ്ക്ക് ഒപ്പം മദിരാശി എന്ന മഹാനഗരത്തിലെ സിനിമാലോകത്തേയ്ക്ക് ചുവടുറപ്പിക്കാന്‍ ചെറുപ്രായത്തില്‍ തന്നെ ലക്ഷ്മി നിര്ബന്ധിതയായത്്. സ്ക്കൂള് വിദ്യാര്‍ത്ഥിനിയായിരിക്കെ നല്ലൊരു ഗായികയായി അറിയപ്പെട്ടിരുന്നു. അയല്‍വാസിയായ അക്കാലത്തെ സിനിമ സംവിധായകന് എസ്. ബാബു ആണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്ന ഭാഗ്യലക്ഷ്മിയെ സിനിമാലോകത്തേയ്ക്ക് കൊണ്ടുവരുന്നത്.
ബാബുവിന്റെ അടുത്ത സുഹൃത്തായ ടി.എന്‍.സുന്ദരേശന്റെ ‘അപരാധി’ എന്ന ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി ഭാഗ്യലക്ഷ്മി സിനിമാജീവിതം തുടങ്ങി. അതില്‍ നസീറിന്റെ മകളായി വേഷമിടുന്ന കുട്ടിയ്ക്ക് വേണ്ടിയാണ് ആദ്യമായി ശബ്ദം നല്‍കിയത്. ഇന്നത്തെപോലെ ദൃശ്യമാധ്യമങ്ങളില്‍ ശബ്ദത്തിന്റെ പ്രാധാന്യം അത്രസജീവമല്ലാത്ത കാലഘട്ടമായിരുന്നതുകൊണ്ടാകാം തന്റെ തൊഴിലിന്റെ ഗൗരവം അവര്‍ക്ക് അറിയില്ലായിരുന്നു. ഒരുപക്ഷേ, ഇത് മനസ്സിലാക്കാനുള്ള പ്രായമോ പക്വതയോ ഇല്ലാത്തതുകൊണ്ടാവാം വളരെസ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്ന് ഇന്ന് തോന്നുന്നു. പ്രേംനസീറും ഷീലയും ജയഭാരതിയുംകൂടി കൈയ് നീട്ടമായി നല്കിയ 150 രൂപയാണ് ആദ്യത്തെ പ്രതിഫലം. തിരശ്ശീലയില്‍ മാത്രം കണ്ടാസ്വദിച്ച ആ താരങ്ങളെ നേരിട്ട് കാണാനും അടുത്ത് ഇടപഴകാനും സാധിച്ചത് അന്നത്തെ കുരുന്നു മനസ്സില്‍ വലിയ സംഭവമായി തോന്നി.
നടി ശാരദയെ മലയാളം പഠിപ്പിച്ചിരുന്ന ഭാഗ്യലക്ഷ്മിയുടെ വലിയമ്മയ്ക്ക് സിനിമാലോകവുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഒരിക്കല്‍ വലിയമ്മയുടെ ഒപ്പം ലക്ഷ്മിയെ കണ്ട പ്രസിദ്ധനടന്‍ കെ. പി. ഉമ്മറാണ് ‘മനസ്സ്’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യാന്‍ അവസരം ഉണ്ടാക്കി തന്നത്. പിന്നീട് അവസരങ്ങള്‍ വന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ തന്റെ തൊഴില്‍ അഭിനയമല്ല എന്ന് ഭാഗ്യലക്ഷ്മി തിരിച്ചറിഞ്ഞു. അഭിനയിക്കുമ്പോള്‍ ഒരു അസ്വാഭാവികത അനുഭവപ്പെട്ടിരുന്നതായി അവര്‍ പറയുന്നു.
ജീവിതത്തില്‍ പലതും സംഭവിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. ഒരിക്കലും തിരുവനന്തപുരത്ത് വേരുറപ്പിക്കരുത് എന്ന് വലിയമ്മ പറയാറുണ്ടായിരുന്നു. ഇവിടെ തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയതും സ്ഥിരതാമസമാക്കിയതും ഇതിന് ഒരു ദൃഷ്ടാന്തമായി ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു. 1985 ല്‍ ആയിരുന്നു വിവാഹം. വേണ്ടായെന്ന് ആഗ്രഹിക്കുന്ന പലതും ജീവിതത്തിലേക്ക് കടന്നു വന്നെന്നിരിക്കും. ബന്ധങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് തൊഴിലിനെ കൂടുതല്‍ ഗൗരവമായി കണ്ടത്. അന്ന് കേരളത്തില്‍ തലസ്ഥാന നഗരിയില്‍ സിനിമാലോകത്തുള്ളവരെ നികൃഷ്ടജീവികളായാണ് പൊതുവെ കണ്ടിരുന്നത്. മദിരാശിയിലെതില് നിന്നും തികച്ചും വ്യത്യസ്ത കാഴ്ചപാട് ആയിരുന്നു ഇവിടെ. പലപ്പോഴും തൊഴിലിന്റെ മാന്യതപോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാന്യമായ തൊഴില്‍ ആണ് താന്‍ ചെയ്യുന്നത് എന്ന് സമൂഹത്തെയും കുടുംബത്തെയും ബോധിപ്പിക്കേണ്ടത് തന്റെ ആവശ്യമായി വന്നു. ഇതിന് വേണ്ടി പലപ്പോഴും സമൂഹത്തോട് പൊരുതേണ്ടതായി വന്നിട്ടുണ്ട്. അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. ഒരു അഭിനേത്രി അംഗീകരിക്കപ്പെടുന്നതിന്റെ പ്രധാന ഉത്തരവാദിത്വം അണിയറയിലെ തങ്ങള്‍ക്കാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അപ്പോഴൊന്നും തോന്നാത്ത വേദനയാണ് സമൂഹം സംശയദൃഷ്ടിയോടെ നോക്കുമ്പോള്‍ തോന്നുന്നത്. തന്നെ ജീവിതമെന്താണെന്ന് പഠിപ്പിച്ച തിരുവനന്തപുരത്ത് മദിരാശിയില്‍ കിട്ടാത്ത നല്ലൊരു സൗഹൃദവലയവും ഉണ്ട്.
പലപ്പോഴും കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്.അഭ്യാസി ആനയെയെടുക്കുന്നത്പോലെ അതും ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചില കഥാപാത്രങ്ങള്‍ക്ക് സ്വന്തംജീവിതവുമായി അഭേദ്യബന്ധം തോന്നാറുണ്ട്. ആ കഥാപാത്രവുമായി പെട്ടെന്ന് താദാത്മ്യം പ്രാപിയ്ക്കും. അതിന്റെ ദൃഷ്ടാന്തമാണ് ചിന്താവിഷ്ടയായ ശ്യാമള. നോക്കെത്താദൂരത്തിലൂടെയാണ് താന്‍ പ്രശസ്തയായത് എന്ന് ഭാഗ്യലക്ഷ്മി ഓര്‍മിക്കുന്നു. ഏറ്റവും കൂടുതല്‍ ശബ്ദം കൊടുത്തിരിക്കുന്നത് നടി ശോഭനയ്ക്ക് ആണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ കഥ പറയുന്ന സോള്‍ട്ട് &പെപ്പര്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. അതുകൊണ്ട് ആ കഥാപാത്രത്തെ വളരെ വേഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ആസ്വദിക്കുമ്പോഴും മാധ്യമങ്ങളോ, ആ ചിത്രത്തിന്റെ സംവിധായകനോ, നടിയോ തന്റെ സംഭാവനയെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന് ഭാഗ്യലക്ഷ്മി വേദനിക്കുന്നു.
രണ്ടായിരത്തില്പരം തമിഴ്-മലയാളം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. ഒരു വര്‍ഷം 150 ചിത്രങ്ങള്‍ക്ക് വരെ ശബ്ദം കൊടുത്തിരുന്നു. നായികാപ്രാധാന്യമില്ലാത്ത സിനിമകള്‍ കാരണം ഇന്ന് അത് വളരെ കുറഞ്ഞു.ആര് ശബ്ദം കൊടുത്താലും മതി എന്ന കാഴ്ചപ്പാടാണ്. സിനിമാലോകത്ത് നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് കടപ്പാട് ഈശ്വരനോട് മാത്രം.
കുടുംബബന്ധങ്ങളിലും രക്തബന്ധങ്ങളിലും താളം പിഴച്ചപ്പോഴും മുന്നേറാന്‍ സാധിച്ചത് മനക്കരുത്തും ജോലിയിലുളള അര്‍പണബോധവും മൂലമായിരുന്നു. ഒരു പരിധിയില്‍കൂടുതല്‍ ആര്‍ക്കുവേണ്ടിയും ത്യാഗങ്ങള്‍ സഹിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. അത്തരക്കാരെ ത്യാഗി എന്നല്ല വിഡ്ഢി എന്ന് വിളിക്കാനാണ് ലക്ഷ്മി ഇഷ്ടപ്പെടുന്നത്. സമൂഹത്തിനുവേണ്ടിയോ അവശതഅനുഭവിക്കുന്നവര്‍ക്ക് വേണ്ടിയോ ത്യാഗം ആവാം.. എന്നാല്‍ അടുത്തബന്ധുക്കളാണെങ്കില്പോലും അര്‍ഹതയില്ലാത്തവര്‍ക്ക് വേണ്ടി ത്യാഗം അനുഷ്ഠിക്കരുത് എന്ന് പറയുന്നത് തന്റെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാവാം. ജീവിതത്തിലെ ഏറ്റവും വലിയ ശക്തിസ്രോതസ്സുകള്‍ തന്റെ രണ്ട് ആണ്മക്കളാണ്, അഭിമാനത്തോടെ ലക്ഷ്മി അടിവരയിടുന്നു.
സ്വന്തം ആത്മധൈര്യത്തെകുറിച്ച് വാചാലയാകുമ്പോഴും മനസിനെ ഏകാന്തതയിലേക്ക് തള്ളിവിടാന്‍ ലക്ഷ്മിക്ക് സമ്മതമല്ല. സ്വന്തം മക്കള്‍ സുരക്ഷിതരായിക്കഴിഞ്ഞാല്‍ അനാഥരായ കുറേ അമ്മമാരുടെ മകളായി ജീവിക്കാനാണ് ഭാഗ്യലക്ഷ്മിയ്ക്ക് മോഹം. ഒരമ്മയെ ദത്തെടുക്കാന്‍ സാധിച്ചാല്‍ ഞാനതിനും തയ്യാറാണ് എന്ന് പറയുമ്പോള്‍ ഭാഗ്യത്തിന്റെ ചമയങ്ങളില്ലാത്ത മുഖമാണ് വരച്ചുകാട്ടുന്നത്. അനാഥരായ അമ്മമാര്‍ക്ക് ഒരു അഭയം എന്ന അവരുടെ സ്വപ്നം പൂവണിയാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം. പരീക്ഷണങ്ങളിലൂടെ വിജയഗാഥയിലെത്തിയ ഇവരാണ് യഥാര്‍ത്ഥ സ്ത്രീയുടെ ശക്തി.
ഷൈലാമാധവന്‍ :-
പ്രതികരിക്കാൻ ഇവിടെ എഴുതുക: