കൊല്ലമൊടുക്കം ഗുണദോഷങ്ങളുടെ നെല്ലും പതിരും മലയാള സിനിമയില്‍ തെരഞ്ഞെടുക്കുകയെന്ന സാഹസം മികവിന്റെ മാനദണ്ഡ പ്രതിസന്ധിയാണ്. നല്ലതും ചീത്തയും വേര്‍തിരിക്കുന്ന അളവുകോല്‍ പ്രേക്ഷകര്‍ക്കു തന്നെ ഇനിയും പിടികിട്ടിയിട്ടില്ല. പിന്നെ ആശ്രയം സൂപ്പര്‍ഹിറ്റുകളും മെഗാഹിറ്റുകളുമെന്ന കൂടുതല്‍ ജനം കണ്ട സിനിമകളാണ്. അങ്ങനെയാണെങ്കില്‍ എളുപ്പമാണ്. കൈവിരലുകളുടെ എണ്ണം ബാക്കിയാവുന്നത്ര തുലോം കുറവാകും എന്നതുതന്നെ കാര്യം.
വ്യത്യസ്ത ചേരുവയുടെ രുചിക്കൂട്ടുള്ള സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് മികവിന്റെ പൊതുധാരയില്‍ മുന്നിലുള്ള ചിത്രം. പേരിലെ ഉപ്പു രുചിയും കുരുമുളകെരിവും കഥയിലും അവതരണത്തിലും പാട്ടിലും എന്തിനേറെ പോസ്റ്റര്‍ ഡിസൈനിങ്ങില്പോലും മാറി നടന്നു ഈ പടം. താരപ്പൊലിമ ഇല്ലാതെ തീറ്റവിഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഥയില്ലായ്മ കഥയാക്കി മാറ്റി ഭിന്നാഭിരുചി തീര്‍ത്ത് കയറിപ്പോയ സിനിമയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍. സിനിമാ വിജയത്തിന് നല്ല പാട്ട് അനിവാര്യമാണെന്ന വഴുവഴുപ്പന്‍ ചിന്ത അട്ടിമറിഞ്ഞ് മുതല്‍ക്കൂട്ടായി മാറാന്‍ ഇതിലെ എല്ലാ ഗാനങ്ങള്‍ക്കും കഴിഞ്ഞു. സൗജന്യമായി പ്രേക്ഷകരെ കയറ്റി നൂറു ദിവസം തികയ്ക്കുന്നതിനു പകരം കാണികള്‍ ടിക്കേറ്റ്ടുത്തു കയറി നൂറ് ദിവസവും കടന്നുപോയ ചിത്രം വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. ഇതില്‍ സംവിധായകന് ആഷിക് അബു പ്രത്യേകം അഭിനന്ദനം അര്ഹിക്കുമ്പോള് അതിലും ഉയരത്തിലാണ് ഇത്തരമൊരു സബ്ജക്റ്റിനു പണം മുടക്കിയ സദാനന്ദന്.
സാദാ മസാലക്കൂട്ടില്‍ തുടങ്ങിയെങ്കിലും ക്ലൈമാക്സിലും അതിലേക്ക് നയിച്ച നാടകീയ സംഭവങ്ങളുംകൊണ്ട് വിജയിച്ചതാണ് സീനിയേഴ്സ്. ക്യാമ്പസിന്റെ പിത്തലാട്ടം കണ്ടായിരിക്കണം ആള്ക്കാര് പിടിച്ചിരുന്നത്. ആദ്യത്തെ മുഷിപ്പ് കുറച്ചാകുമ്പോള്‍ അലക്കിത്തേക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും കഴിഞ്ഞു. വളിച്ചതും പുളിച്ചതും മാത്രം തലങ്ങും വിലങ്ങും ഇറങ്ങിയതിനിടയില് തെല്ലൊരാശ്വാസമായിരുന്നു സീനിയേഴ്സ്.
ലോകത്തൊരിടത്തും സംഭവിക്കാത്തതെന്തും കഥയായി കുത്തിനിറയ്ക്കാവുന്ന പീറച്ചാക്കാണ് മലയാള സിനിമ എന്ന പലരുടേയും വിചാരങ്ങളെ മുഖം തിരിഞ്ഞു കാണാന്‍ അപൂര്‍വം ചിലരെങ്കിലുമുണ്ട്. അത്തരം മാറ്റ വിചാരങ്ങളില്‍നിന്നും ഉണ്ടായതാണ് ആദാമിന്റെ മകന് അബുവും ചാപ്പാകുരിശും പ്രണയവും. ഇതൊന്നും മഹത്തായ ചിത്രങ്ങളല്ലെങ്കിലും ഇത്തരം ചിത്രങ്ങളെടുത്ത ധീരത ശ്ലാഘനീയമാണ്. ആള്ക്കാര് ഇടിച്ചു കയറുമെന്നോ കൊള്ളലാഭം കൊയ്യുമെന്നോ അബദ്ധ ധാരണ ഇല്ലാതെ തന്നെയുള്ള പടംപിടിത്ത ഇടപെടല്‍ മാധ്യമത്തോടുള്ള പ്രതിബദ്ധതയാണ്. സംസ്ഥാന-ദേശീയ-അന്തര്‍ദ്ദേശീയ നേട്ടങ്ങള്‍ വാരിയ ആദാമിന്റെ മകന് അബു മലയാളത്തിന്റെ അഭിമാനമായി. പ്രേക്ഷകന് കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കിലും അംഗീകാരത്തിന്റെ പരീക്ഷണ വായ്ത്തലകളെയെല്ലാം അതിജീവിച്ച് മികവൊറ്റ തെളിയിച്ച ചിത്രമാണ്. അച്ഛനുറങ്ങാത്ത വീട്ടിലൂടെ അഭിനയപ്രതിഭകളെപ്പോലും വിറപ്പിച്ച സലിംകുമാറിന് കാലം കാത്തുവെച്ച പാരിതോഷികമാണിത്. സംവിധായക അപ്പോസ്തലരായ ബുദ്ധിജീവികള്‍ക്കും കുബുദ്ധികള്ക്കുമിടയില് സലിം അഹമ്മദ് നല്ല സിനിമയുടെ മുദ്രയായത് സൗഭാഗ്യം. പണ്ട് താഴ്ന്ന ക്ലാസില്‍ അന്നത്തെ കുരുന്നുകള്‍ ഗുണപാഠമായി പഠിച്ച ആദാമിന്റെ മകന് അബു പുതിയ കാലത്ത് മനുഷ്യഗാഥയാകാന് മറ്റൊരു രീതിയില്‍ കഴിഞ്ഞത് ഹൃദയകാരിയാണ്.
പ്രത്യേക കാഴ്ചക്കാര്ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെടുന്നവയല്ല ബ്ലസിയുടെ ചിത്രങ്ങള്‍. എല്ലാവര്ക്കും വേണ്ടിയാകുമ്പോള്‍ തന്നെ അതെല്ലാവരും കാണുന്നുമില്ല. പ്രണയവും അങ്ങനെതന്നെയാണ്. കണ്ടവര്‍ നല്ലതു പറഞ്ഞെങ്കിലും അതുകേട്ട് കാണാത്തവര്‍ കണ്ടതുമില്ല. ഇത്തരം ചിത്രങ്ങളുടെ ആള്‍ക്കൂട്ട പരിമിതി കണ്ടുതന്നെയാണ് ഇത്തരം നിര്‍മിതി. വല്ലാത്തൊരാശ്വാസവും ചെറുതല്ലാത്തൊരു അനുഭവവുമായിരുന്നു അത്. പ്രായവും സ്ഥലകാലങ്ങളും താലിച്ചരടുമില്ലാതെ സാര്‍വലൗകികവും സാര്‍വദേശീയവുമായ ഹൃദയഭാഷയാണ് പ്രണയമെന്നാണ് സിനിമ പറഞ്ഞത്. അഭിനയം എന്ന വാക്കിനപ്പുറം പുതിയ പദം തെരയേണ്ടവയായിരുന്നു ഈ ചിത്രത്തിലെ മോഹന്‍ലാല്‍ ഭാവങ്ങള്‍.
കൊച്ചിയിലെ പഴയ നാടന്‍ പ്രയോഗത്തില്‍നിന്നും തലപ്പേരു കണ്ട് ജീവിതത്തേയും അതനുബന്ധിയായ സ്ഥലമനസിന്റേയും രണ്ടുതലങ്ങളെ വരച്ചിടുന്നതാണ് ചാപ്പാ കുരിശ്. ക്യാമറാമാനായ സമീര്‍ താഹിര്‍ താര ആഘോഷങ്ങളില്ലാതെ സാധാരണമല്ലാത്തൊരു കഥ പറയാന്‍ ശ്രമിച്ചതാണ് ഈ സിനിമയുടെ വിജയം. നഗരകോണ്ക്രീറ്റും ചേരിച്ചേറും തമ്മിലുള്ളൊരു ഇടര്‍ച്ച ചര്‍ച്ചയും ശ്രദ്ധയും നേടി.
2011 ല്‍ മലയാളം നേടിയ ഒരു തകര്‍പ്പന്‍ വിജയമുണ്ട്; ഇന്ത്യന്‍ ഹോളിവുഡായ ബോളിവുഡില്‍ ബോഡിഗാഡിലൂടെ സിദ്ധിഖ് നേടിയ ചരിത്ര വിജയം. അത് ഇനിയും ആഘോഷിക്കപ്പെടേണ്ടതാണ്.
മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും ചര്‍ച്ച ചെയ്യുന്നത് വലിയൊരു കോമഡിയാകും. സിനിമ കലയോ വ്യവസായമോ അതോ അട്ടിമറിക്കാനുള്ള ചരക്കോ തുടങ്ങിയ വാദങ്ങള്‍ ഇനിയും മുന തേഞ്ഞ് നടക്കും. ഗതി കിട്ടാത്ത ചില രാഷ്ട്രീയ പേക്കോലങ്ങള്‍ സിനിമയില്‍ വള്ളമിറക്കുകയും ചില സിനിമക്കാര്‍ അത് തങ്ങളുടെ കഴുത്തില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സിനിമാ ദുര്യോഗം.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: