മൂന്നു പതിറ്റാണ്ടുകളായി മലയാളി മനസ്സില്‍ വേരുപിടിച്ചു കിടക്കുന്ന രതീദേവി എന്ന കഥാപാത്രം പരകായപ്രവേശം മൂലം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ ആസ്വാദക മണ്ഡലത്തില്‍ പടരുവാനിടയുള്ള പല സ്വാധീന ഘടകങ്ങളുണ്ട്. സത്യത്തില്‍ ഭരതന് സംവിധാനം ചെയ്ത് ജയഭാരതി സജീവമാക്കിയ രതിനിര്‍വ്വേദം കണ്ട് ആസ്വാദനതലത്തിന്റെ മറ്റൊരതിര്ത്തിയില് എത്തിച്ചേര്‍ന്ന പ്രേക്ഷകര്‍ അവരുടെ ഓര്‍മ്മയില്‍ നിന്ന് പഴയ രതിനിര്‍വ്വേദവും രതിച്ചേച്ചിയേയും അടര്ത്തിമാറ്റിയാല് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്തു പുറത്തിറക്കിയ പുതിയ ‘രതിനിര്‍വ്വേദം’ ആസ്വാദനപ്രദമാകുകയുള്ളു. പഴയ രതിനിര്‍വ്വേദം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പുതിയ തലമുറയിലെ പ്രേക്ഷകരുടെ മുമ്പിലാകട്ടെ അങ്ങനെയൊരു പ്രശ്നം ഉദിക്കുന്നില്ല. അവര്‍ക്ക് പുതിയ രതിനിര്‍വ്വേദവും നന്നായി രുചിക്കും. അതിനായുള്ള സ്വാഭാവിക ഘടകങ്ങള്‍ പുതിയ രതിനിര്വ്വേദത്തിലും ഒത്തുചേര്‍ന്നിരിക്കുന്നു. മികച്ച ഗ്രാമീണ പശ്ചാത്തലം, അധികം വളച്ചുകെട്ടില്ലാത്ത ആഖ്യാനരീതി, പ്രകൃതിഭംഗി ആവോളം ആസ്വദിക്കുവാനുതകുന്ന ഫോട്ടോഗ്രാഫി, നാടന്‍ ചുവയുള്ള ഗാനങ്ങള്‍ എല്ലാം ചേരുമ്പോള്‍ പുതിയ രതിനിര്‍വ്വേദം പ്രേക്ഷകരില്‍ എന്തോ പ്രത്യേക അനുഭൂതി പകരുന്നുണ്ട് തീര്‍ച്ച.
സര്‍പ്പക്കാവും തൊടിയും നിറഞ്ഞ സ്വന്തം തറവാടിന്റെ അന്തരീക്ഷത്തില്‍ നിന്ന് പത്മരാജന്റെ മനസ്സില്‍ വിടര്‍ന്ന ഒരാശയം അദ്ദേഹം ആദ്യം ഒരു ലഘുനോവലിലൂടെ വായനക്കാരുടെ മനസ്സിലെത്തിച്ചു. പക്ഷേ ആ മൂലകഥയുടെ ആത്മാവില്‍ നിന്ന് ഇത്തരമൊരു സിനിമാ ആശയം ഉരുത്തിരിയുമെന്ന് നോവല്‍ വായിക്കുന്ന ആര്‍ക്കും തോന്നുകയില്ല. എന്നാല്‍ പത്മരാജന്റെ പ്രതിഭയില്‍ തന്നെ അത്യന്തം മനോഹരമായ ഒരു സിനിമയുടെ ആശയം പൊട്ടിപ്പുറപ്പെട്ടു, തിരക്കഥയുടെ രൂപം കൈക്കൊണ്ടപ്പോള്‍ കഥയ്ക്ക് മുമ്പു കാണാത്ത ഒരു മനോഹാരിത ഭരതന് അതിനു നല്കി ചലച്ചിത്രരൂപം നല്‍കുകയും ചെയ്തു.
അതേ കഥ, അതേ സ്ക്രിപ്റ്റ് തന്നെയാണ് ഇപ്പോള്‍ രാജീവ്കുമാറിന്റെ കഴിവിന്റെ മാറ്റുരയ്ക്കുവാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
എന്തായിരുന്നു പഴയ രതിനിര്‍വ്വേദം ഇത്രയേറെ ആകര്‍ഷകമാകുവാന്‍ കാരണം. വെറും പതിനാല് വയസുമാത്രമുള്ള ഒരു കൗമാരക്കാരനും ഇരുപതിലെത്തി നില്ക്കുന്ന ഒരു യുവതിയും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പഴയ രതിനിര്‍വ്വേദം.
പതിനാല് വയസ് എന്നു പറയുമ്പോള്‍ ഒരാണിനെയും പെണ്ണിനെയും സംബന്ധിച്ചിടത്തോളം ലൈംഗിക കാര്യങ്ങളില്‍ ഏറെ താല്പര്യം ജനിക്കുന്ന ഒരു പ്രായമാണ്. ആ പ്രായക്കാരിലെ വിവേകരഹിതമായ മനസ്സ് അയലത്തുള്ള പ്രായത്തിലും മുതിര്‍ന്ന സ്ത്രീകളില്‍ മാത്രമല്ല ബന്ധുക്കള്‍, അദ്ധ്യാപകര്‍ എന്നിവരില്‍ വരെ തന്റെ ഇണയെ ദര്‍ശിക്കും. ആ പ്രായത്തിന്റെ പ്രത്യേകതയെന്തെന്നറിയുന്ന രക്ഷിതാക്കള്‍ വളരെ സൂക്ഷിച്ചും കരുതിയുമായിരിക്കും അവരെ വളര്‍ത്തുക. അവരുടെ നിയന്ത്രണത്തില്‍ എന്തെങ്കിലും തകരാറുണ്ടാകുകയോ അസുലഭാവസരങ്ങള്‍ കൈക്കുളളില്‍ അമരുകയോ ചെയ്താല്‍ അവര്‍ തെറ്റിലേക്ക് വഴുതിവീഴുക സ്വാഭാവികം മാത്രം. മനഃശാസ്ത്രം അംഗീകരിക്കുന്ന ഒരു ഘട്ടമാണത്. പ്രായപൂര്‍ത്തിയായ ഓരോ പുരുഷനും തങ്ങളുടെ കൗമാരകാലത്തു നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ വൈകല്യം സ്വമേധയാ ചിന്തിക്കുന്നതുകൊണ്ടാണ് കൃഷ്ണചന്ദ്രന് എന്ന അന്നത്തെ കൗമാരക്കാരന് പപ്പുവായി അഭിനയിച്ച ഭരതന്റെ രതിനിര്‍വ്വേദം അത്രയേറെ പ്രേക്ഷക മനസ്സിലേക്ക് കടന്നുചെല്ലുവാന്‍ ഇടയായത്. ഒപ്പം ജയഭാരതിയുടെ ‘അനാട്ടമി’യും അന്നത്തെ രതിനിര്‍വ്വേദത്തിന്റെ സാമ്പത്തിക വിജയത്തിന് വലിയതോതില്‍ സഹായിച്ചു.
എന്നാല്‍ അതേ സ്ക്രിപ്റ്റ് അടിസ്ഥാനപ്പെടുത്തി രാജീവ്കുമാര്‍ സംവിധാനം ചെയ്ത പുതിയ രതിനിര്‍വ്വേദത്തിലെ കഥാപാത്രങ്ങളുടെ ഘടനയില്‍ അടിസ്ഥാനപരമായി തന്നെ വ്യത്യാസമുണ്ട്. ഇവിടെ പപ്പു എന്ന കേന്ദ്ര കഥാപാത്രം ഇരുപതു തികഞ്ഞ ഒരു യുവാവാണ്. അല്പമൊക്കെ ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയുളളയാള്. അതിനാല്‍ തന്നെ പതിനാലുകാരന് പപ്പുചെയ്തുകൂട്ടിയതുപോലുള്ള കേവല കുരുത്തക്കേടുകളൊന്നും പ്രസ്തുത കഥാപാത്രത്തിന്റെ മേല്‍ അടിച്ചേല്പിക്കാനാവില്ല. പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടു നീങ്ങുന്ന രണ്ടു കുടുംബങ്ങളിലെ കഥാപാത്രങ്ങള്‍. രതിക്ക് പപ്പുവിനേക്കാള്‍ എട്ടുവയസ്സ് മൂപ്പുണ്ടെന്നാണ് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. പക്ഷേ കഥാപാത്രങ്ങളുടെ ശാരീരിക ഘടന കാണുന്ന പ്രേക്ഷകര്‍ക്ക് അത്രയും വ്യത്യാസം അനുഭവപ്പെടുകയില്ല.
അതുവരെ വെറും അയല്പക്കക്കാര് എന്ന പരിഗണനയില്‍ മാത്രം മുന്നോട്ടു നീങ്ങിയിരുന്ന അവര്‍ക്കിടയില്‍ പപ്പുവിന്റെ മനസ്സില്‍ ഉദിച്ചുയരുന്ന മോഹങ്ങള്‍ അണപൊട്ടിയൊഴുകുകയായിരുന്നു. പഴയ രതിനിര്‍വ്വേദത്തില്‍ പപ്പുവിന്റെ നീക്കങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ കൗമാരസ്വപ്നങ്ങളുടെ നിറം ചാര്‍ത്തുമ്പോള്‍ പുതിയ ചിത്രത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു യുവാവിന്റെ അനിയന്ത്രിതമായ ആഗ്രഹങ്ങളാണ് വളര്ച്ചമുറ്റിയതായി കണ്ടെത്താനാകുന്നത്. കഥാപാത്രത്തിന്റെ ചേഷ്ടകളുടെ പിന്നിലുള്ള മാനസിക വ്യാപാരത്തിന് അല്പം കൂടി ഉറച്ച അടിത്തറ നല്കുവാന് ഭരതന് സാധിച്ചപ്പോള്‍ സെക്സ് ചിത്രീകരണ സാധ്യതകള്‍ പാടെ ഒഴിവാക്കിക്കൊണ്ടുള്ള രാജീവ്കുമാറിന്റെ സംവിധാനത്തില്‍ അങ്ങനൊരു ന്യായം പ്രേക്ഷകര്‍ക്ക് കണ്ടെത്താനാകാതെ പോകുന്നു.
ലേഖനത്തില്‍ മുമ്പുസൂചിപ്പിച്ചതുപോലെ പുതിയ രതിനിര്‍വ്വേദവും വലിയ പാകപ്പിഴകളില്ലാത്ത ഭേദപ്പെട്ടൊരു ചിത്രമാണ്. പഴയ രതിനിര്‍വ്വേദം മനസ്സില്‍ നിന്ന് പറിച്ചെറിയണമെന്ന് മാത്രം. സ്വതന്ത്രമായ ഒരു ചിത്രമായി പുതിയ രതിനിര്‍വ്വേദത്തെ സ്വീകരിച്ചാല്‍ മതിയാകും. എങ്കില്‍ കല്ലുകടിയില്ലാതെ ചിത്രം ആസ്വദിക്കാം. ശ്വേതാമേനോന്, ശ്രീജിത്ത്, മണിയന്‍പിള്ളരാജു, കെപിഎസി ലളിത, ഷമ്മി തിലകന്, ശോഭാമോഹന്‍ എന്നിവരാണ് അഭിനേതാക്കള്‍. എല്ലാവരും കൊള്ളാം. മുരുകന് കാട്ടാക്കട രചിച്ച് എം. ജയചന്ദ്രന് ഈണം നല്കിയ ഗാനങ്ങള്‍ എല്ലാം തന്നെ കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്. ഇന്നത്തെ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം അതും ഒരു നേട്ടം തന്നെ.
-മോഹന്‍ദാസ് കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: